ബാലരാമപുരം: കാലവർഷം തുടങ്ങും മുമ്പേ കാട്ടാക്കട മണ്ഡലത്തിലെ പള്ളിച്ചൽ, ബാലരാമപുരം പഞ്ചായത്തിലെ റോഡുകളുടെ മുഖച്ഛായ വീണ്ടും മാറും. നിയോജക മണ്ഡലത്തിലെ മുടവൂർപ്പാറ- താന്നിമൂട്-മുക്കമ്പാലമൂട് -നരുവാമൂട് -വലിയറത്തല റോഡ്, ബാലരാമപുരം പഞ്ചായത്തിലെ ചാനൽപ്പാലം -റസൽപുരം റോഡുകളുടെ രണ്ടാംഘട്ട ടാറിംഗണ് നിലവിൽ പുരോഗമിക്കുന്നത്.
ഈ റോഡിന്റെ ആദ്യഘട്ട ടാറിംഗ് ഡിസംബറിൽ പൂർത്തീകരിച്ചിരുന്നു. ദേശീയപാത എൻ.എച്ച്.ഡിവിഷനാണ് നിർമ്മാണച്ചുമതല. കാട്ടാക്കട മണ്ഡലത്തിൽ ഭൂരിഭാഗം ഗ്രാമീണറോഡുകളുടേയും പണികൾ ബി.എം,ആൻഡ് ബി.സി മാതൃകയിൽ ദീർഘകാലസുരക്ഷിതത്വം ഉറപ്പ് വരുത്തി പൂർത്തിയായതായി എം.എൽ.എ അറിയിച്ചു.
കുണ്ടും കുഴിയും രൂപപ്പെട്ട് താന്നിവിള-മുക്കമ്പാലമൂട് റോഡ്, ചാനൽപ്പാലം-റസൽപുരം റോഡ് എന്നിവിടങ്ങളിൽ ചെറുതും വലുതുമായി അപകടങ്ങൾ പതിവായിരുന്നു. നിരവധി നിവേദനങ്ങളും നാട്ടുകാർ എം.എൽ.എക്ക് കൈമാറിയിരുന്നു. ഐ.ബി.സതീഷ് എം.എൽ.എ ഇടപൊട്ട് കാട്ടാക്കട നിയോജക മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് വഴി 117.34 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ തുടർന്ന് നടപ്പാക്കുകയായിരുന്നു.
രണ്ടാംഘട്ടം-8.67കോടി രൂപ
രണ്ടാംഘട്ടം പുരോഗമിക്കുന്നു
മുടവൂർപ്പാറ മുതൽ നരുവാമൂട്, വലിയറത്തല വരെ 8.67കോടി രൂപയുടെ നിർമ്മാണജോലികളുടെ രണ്ടാംഘട്ടമാണ് പുരോഗമിക്കുന്നത്. എരുത്താവൂർ-ചാനൽപ്പാലം-റസൽപുരം റോഡും ഇതിൽ ഉൾപ്പെടും. കാലവർഷം അടുത്തതോടെ ബാലരാമപുരം, പള്ളിച്ചൽ പഞ്ചായത്തിലെ ഭൂരിഭാഗം റോഡുകളുടേയും പണികൾ ഏകദേശം പൂർത്തിയായിട്ടുണ്ട്. കോവളം മണ്ഡലത്തിൽ 12 ഗ്രാമീണറോഡുകൾക്കായി 4 കോടി രൂപ അനുവദിച്ച് ടെൻഡർ നടപടികളും പുരോഗമിക്കുകയാണ്. 30 റോഡുകളുടെ പ്രോജക്ട് സാങ്കേതിക അനുമതിക്കായി കൈമാറിയെങ്കിലും 13 റോഡുകൾക്ക് മാത്രമേ അനുമതി ലഭ്യമായതെന്നും എം.എൽ.എ അറിയിച്ചു.
വാട്ടർ അതോറിട്ടിയുടെ റോഡ് പൊളിക്കലും
എൻ.എച്ച് ഡിവിഷൻ നടത്തിവരുന്ന ടാറിംഗിന് പിന്നാലെ വാട്ടർ അതോറിട്ടി റോഡ് വെട്ടിപ്പൊളിക്കുന്നത് മറ്റൊരു ദുരന്തമായി മാറുകയാണ്. ഇതിന് ശാശ്വതപരിഹാരം വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുകയാണ്. പുതുതായി പണിത ഗ്രാമീണറോഡുകളിലും വാട്ടർ അതോറിട്ടി പൈപ്പ്പൊട്ടിപൊളിക്കുന്നതും നിത്യസംഭവമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |