കിളിമാനൂർ: സ്കൂൾ തുറപ്പിന്റെ വരവറിയിച്ച് മഴയെത്തി. ഒപ്പം സ്കൂൾ വിപണിയും ഉണർന്നിട്ടുണ്ട്. പുത്തനുടുപ്പും ബാഗും കുടയും വാങ്ങാനുള്ള ഒരുക്കത്തിലാണ് കുട്ടികളും രക്ഷിതാക്കളും. ഇതോടെ മേയ് ആദ്യവാരത്തിൽ തന്നെ വിപണിയും സജീവമായി. കുട്ടികളെ ആകർഷിക്കാനായി ഡോറയും മിക്കി മൗസും ബെൻടെനും തുടങ്ങി നിരവധി കാർട്ടൂൺ കഥാപാത്രങ്ങളുടെ ബാഗും കുടകളുമാണ് വിപണിയിൽ കൂടുതലും. പേന മുതൽ ബാഗ് വരെ എല്ലാത്തിനും കഴിഞ്ഞ വർഷത്തേക്കാൾ വില വർദ്ധിച്ചിട്ടുണ്ട്. എന്നാൽ അതൊന്നും പ്രതികൂലമായി ബാധിച്ചിട്ടില്ലെന്ന ആശ്വാസത്തിലാണ് കച്ചവടക്കാർ. സ്കൂൾ വിപണിയിൽ ഇപ്പോൾത്തന്നെ വലിയതിരക്കാണ് അനുഭവപ്പെടുന്നത്. വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആകർഷിക്കാൻ വിവിധതരത്തിലുള്ള ഓഫറുകളും കച്ചവടക്കാർ നൽകുന്നുണ്ട്. കാർട്ടൂൺ കഥാപാത്രങ്ങളുടെയും കാറിന്റെയും ബസിന്റെയും രൂപത്തിലുള്ള പെൻസിൽ ബോക്സുകൾക്ക് 150രൂപ മുതലാണ് വില. ബാഗ് കഴിഞ്ഞാൽ നോട്ട്ബുക്കുകളാണ് വിപണിയിൽ കൂടുതൽ വിറ്റുപോകുന്നത്. മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇപ്രാവശ്യം കിലോ കണക്കിന് തൂക്കിയും ബുക്കുകൾ വിൽക്കുന്നു. 40 രൂപ മുതലുള്ള ബുക്കുകളുമുണ്ട്.
വെറൈറ്റിയാണ് വേണ്ടത്
പുതിയ വെറെെറ്റികളിൽ ബോക്സും വാട്ടർ ബോട്ടിലും വ്യത്യസ്തതരം പേനയും പെൻസിലും അടങ്ങുന്ന ഒരു നീണ്ട നിര തന്നെയുണ്ട്.വിവിധ തരത്തിലുള്ള ബാഗുകൾക്ക് 500 രൂപ മുതലാണ് വില. ബ്രാൻഡുകൾ മാറുന്നതിനനുസരിച്ച് ബാഗുകൾക്ക് രണ്ടായിരത്തിന് മുകളിലെത്തും. കുടകൾക്ക് 300 മുതൽ 1000 വരെയാണ്. വിവിധ നിറത്തിലുള്ളതും ചിത്രങ്ങൾ വരച്ചതുമായ കുടകളാണ് കുട്ടികൾക്ക് പ്രിയം.ചെറിയ കുടകളും കാലൻ കുടകളും തിരക്കി കോളേജ് വിദ്യാർത്ഥികളും എത്തുന്നു.
കുട വിപണി നേരത്തെ ഉണർന്നു
വെയിൽ ശക്തമായതോടെ കാൽനടയാത്രക്കാർക്ക് കുടയായിരുന്നു ആശ്രയം. മാർച്ച് പകുതിയോടെ കുടയ്ക്ക് ഡിമാൻഡേറി. സ്കൂൾ വിപണി ലക്ഷ്യം വച്ച് കമ്പനികൾ അസംസ്കൃത വസ്തുക്കൾ കരുതിയതിനാൽ പെട്ടെന്ന് ഉത്പാദനം കൂട്ടാനായി. ഈ മാസം പകുതിയോടെ കുടക്കച്ചവടം തകൃതിയാകും. എന്നാൽ ഒന്നരമാസം മുന്നേ കച്ചവടം ഉഷാറായതോടെ സീസണിൽ കച്ചവടം കുറയുമോയെന്ന ആശങ്ക വ്യാപാരികൾക്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |