തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ ഏറ്റവും കഠിനമായ ട്രക്കിംഗ് കേന്ദ്രങ്ങളിലൊന്നായ അഗസ്ത്യകൂടത്തിൽ സുരക്ഷിത ട്രക്കിംഗ് ലക്ഷ്യമിട്ട് സമഗ്ര പഠനം ആരംഭിക്കും.സംസ്ഥാന വനവികസന ഏജൻസിയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ട്രാവൽ ആൻഡ് ടൂറിസം സ്റ്റഡീസും സംയുക്തമായാണ് പഠനം നടത്തുന്നത്.
കൊടുമുടിയിൽ ഉൾക്കൊള്ളാനാകുന്ന സഞ്ചാരികൾ,നിലവിലെ സുരക്ഷാ സംവിധാനത്തിലെ പോരായ്മകൾ എന്നിവ പരിശോധിക്കുന്നതിനൊപ്പം സന്ദർശകർക്കായി കർശനമായ സുരക്ഷാ പ്രോട്ടോക്കോളുകൾ വികസിപ്പിക്കാനും ഈ പഠനം ലക്ഷ്യമിടുന്നു.
താമസ സൗകര്യങ്ങൾ,ട്രക്കിംഗിനിടെയുള്ള പ്രശ്നങ്ങൾ,മനുഷ്യ-വന്യജീവി സംഘർഷം എന്നിവയുൾപ്പെടെ സന്ദർശകരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സുരക്ഷാവശങ്ങൾ തിരിച്ചറിയാനും വനം വകുപ്പിന് പഠനം അവസരമൊരുക്കും.എന്നാൽ കർശനമായ നിയമങ്ങളും ചട്ടങ്ങളും കാരണം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അഗസ്ത്യകൂടത്തിൽ അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
അഗസ്ത്യകൂടത്തിൽ ഇത്തരമൊരു സമഗ്ര പഠനം ആദ്യമായാണ് നടത്തുന്നത്.അഗസ്ത്യകൂടം ഉൾപ്പെടെ 12 സ്ഥലങ്ങളിലാണ് പഠനം നടത്തുക.ആഗസ്റ്റോടെ പഠനം പൂർത്തിയാകും.ഇതിനുപുറമെ, 14 ഇക്കോടൂറിസം ഡെസ്റ്റിനേഷനുകളിൽ സുരക്ഷാ ഓഡിറ്റുകളും ഡെസ്റ്റിനേഷൻ ഓഡിറ്റുകളും നടത്താനും ലക്ഷ്യമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |