കിളിമാനൂർ: സഞ്ചാരികളുടെ മനം കുളിർപ്പിക്കാൻ മീൻമുട്ടി. വേനലിൽ വറ്റി വരണ്ട മീൻമുട്ടി വേനൽമഴ പെയ്തതോടെ വീണ്ടും ചെറു വെള്ളച്ചാട്ടത്തോടെ സഞ്ചാരികളെ ആകർഷിക്കുകയാണ്.നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ദിവസേന എത്തുന്നത്.
കണ്ണീർ പോലെ ശുദ്ധമായ കാട്ടരുവി പാറക്കെട്ടുകൾക്ക് മുകളിലൂടെ 50 അടിയോളം താഴ്ചയിലേക്ക് പതിക്കുന്ന മനോഹര ദൃശ്യം ഏതൊരു വിനോദസഞ്ചാരിയുടെയും മനം കുളിർപ്പിക്കും. വെള്ളച്ചാട്ടത്തിന് താഴെ മീനുകൾ പാറകളിൽ മുട്ടിയുരുമ്മി നിൽക്കുന്ന കാഴ്ചയും ഇവിടെ കാണാം. അതുകൊണ്ടാണത്രേ മീൻമുട്ടി എന്ന് വെള്ളച്ചാട്ടത്തിന് പേര് ലഭിച്ചത്.
വെള്ളച്ചാട്ടത്തിന് ഉള്ളിലായി പാറക്കെട്ടിനിടയിലുള്ള ഗുഹയും സഞ്ചാരികളെ ആകർഷിക്കുന്നു.
കൊല്ലവർഷം 1071 ശ്രീനാരായണ ഗുരു ഇവിടെ സന്ദർശിക്കുകയും മൂന്ന് ദിവസം ധ്യാനനിരതനായി ഇരിക്കുകയും ചെയ്തതായി ചരിത്രരേഖകളിൽ കാണുന്നു. ജാതീയ ഉച്ചനീചത്വങ്ങൾ കൊടുമ്പിരി കൊണ്ടിരുന്ന അക്കാലത്ത് അവർണ സവർണ ഭേദങ്ങൾ രൂക്ഷമല്ലാതിരുന്ന പ്രദേശമായിരുന്നത്രെ മീൻമുട്ടി. അക്കാരണത്താൽ ഗുരുദേവൻ ധ്യാനത്തിനായി ഇവിടെ തിരഞ്ഞെടുത്തതെന്നും ഇവിടെ അവർണ സവർണ വ്യത്യാസമില്ലാതെ മിശ്രഭോജനം നടത്തിയത് എന്നും പഴമക്കാർ പറയുന്നു.
ഇവിടെയുള്ള പാറമുകളിൽ ഇരുന്ന് ജാതീയ വേർതിരിവില്ലാതെ നാട്ടുകാരെ ഊട്ടിയതിനാൽ ആണ് ഗ്രാമത്തിന് ഇരുന്നൂട്ടിയെന്ന പേര് ലഭിച്ചത്.
പോകാം
കിളിമാനൂർ സംസ്ഥാനപാതയിൽ നിന്ന് 6 കിലോമീറ്റർ പോയാൽ ഇവിടെയെത്താം
സ്ഥിതി ചെയ്യുന്നത്
കുമ്മിൾ - പഴയകുന്നുമ്മൽ പഞ്ചായത്തുകൾക്ക് അതിരുകളിലുള്ള ഇരുന്നൂട്ടി എന്ന ഗ്രാമത്തിലാണ് മീൻമുട്ടി സ്ഥിതി ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |