വിഴിഞ്ഞം: എൻജിൻ തകരാറുമൂലം പുറംകടലിൽ തുടരുന്ന കപ്പൽ നന്നാക്കാൻ യന്ത്രങ്ങൾ ഇന്നെത്തും. കഴിഞ്ഞ നാല് ദിവസമായി പുറംകടലിൽ തുടരുന്ന എം.വി.സിറാ എന്ന കപ്പലാണ് എൻജിനിലെ കംപ്രസർ തകരാർ പരിഹരിക്കുന്ന മുറയ്ക്ക് തീരം വിടുന്നത്. ചെന്നൈയിൽ നിന്ന് യു.എ.ഇയിലേക്ക് പോകുന്ന ഒഴിഞ്ഞ ബൾക്ക് കാരിയർ കപ്പലാണ് യന്ത്രത്തകരാറിനെ തുടർന്ന് ബുധനാഴ്ച രാവിലെ പുറംകടലിൽ നങ്കൂരമിട്ടത്. കോസ്റ്റ്ഗാർഡ് സേന പരിശോധന നടത്തി എത്രയുംവേഗം തീരം വിടാൻ നിർദ്ദേശിച്ചിരുന്നു. പ്രാഥമിക പരിശോധനയിൽ സംശയിക്കത്തക്കതായി ഒന്നുമില്ലെന്ന് കോസ്‌റ്റ് ഗാർഡ് വിഴിഞ്ഞം സ്‌റ്റേഷൻ അധികൃതർ പറഞ്ഞു. ഈജിപ്ഷ്യൻ ക്യാപ്ടനും13 ഇന്ത്യക്കാരുമുൾപ്പെടെ 26 ക്രൂവാണ് കപ്പലിലുള്ളത്. ഇന്ന് കോയമ്പത്തൂര് നിന്നുമെത്തുന്ന യന്ത്രഭാഗം കസ്റ്റംസ് ക്ലിയറൻസിന് ശേഷം ഏജൻസി നേതൃത്വത്തിൽ കപ്പലിലെത്തിക്കും.വിഴിഞ്ഞം തീരത്ത് നിന്ന് ഏകദേശം 5 നോട്ടിക്കൽ മൈലിനപ്പുറമാണ് കപ്പൽ നങ്കൂരമിട്ടിട്ടുള്ളത്. മുൻകൂട്ടി വിവരം നൽകാതെ കപ്പൽ ഇവിടെ തുടർന്നത് സുരക്ഷാ ഏജൻസികളെ ആശങ്കയിലാഴ്ത്തി. ഇത്തരം സന്ദർഭങ്ങളിൽ അതത് തുറമുഖങ്ങളിൽ കപ്പലിൽ നിന്ന് വിവരം നൽകുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്യാറുണ്ട്. കപ്പൽ ഇവിടം വിടുംവരെ നിരീക്ഷണത്തിൽ തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |