തിരുവനന്തപുരം: 'ഏറ്റവുമധികം ജീവിതം പഠിച്ച സമയമാണ് പ്രളയകാലം. ജീവിതമാകുന്ന വിദ്യാലയത്തിൽ ഇന്നും ഞാനൊരു കിന്റർഗാർഡൻ വിദ്യാർത്ഥിയാണ്..." വാക്കുകൾ തൊഴിൽ വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകിയുടേതാണ്. ആദ്യമായി രചിച്ച 'ദി സ്കൂൾ ഒഫ് ലൈഫ്" എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. കേസരി ഹാളിൽ നടന്ന ചടങ്ങിൽ പ്രളയകാലത്ത് രാപ്പകലില്ലാതെ ഭക്ഷണങ്ങളും ആവശ്യസാധനങ്ങളും എത്തിക്കാൻ ഓടിനടന്ന വോളന്റിയർമാർക്ക് നൽകിയാണ് പുസ്തകം വാസുകി പ്രകാശനം ചെയ്തത്.
പ്രളയകാലത്ത് തിരുവനന്തപുരം ജില്ലാ കളക്ടർ വാസുകിയായിരുന്നു. 1000ഓളം പേരാണ് അന്ന് സന്നദ്ധപ്രവർത്തനങ്ങളിൽ പങ്കാളികളായത്. അവരുടെ പ്രതിനിധികളായിരുന്ന എസ്.ബി.ഐയിൽ നിന്ന് വിരമിച്ച തോമസ്, ഐ.ഐ.എസ്.സി ബംഗളൂരുവിൽ റിസേർച്ച് സ്കോളറായ ഭരത് ഗോവിന്ദ്, അനീഷ് എന്നിവർ വാസുകിയിൽ നിന്ന് പുസ്തകം ഏറ്റുവാങ്ങി. സിവിൽ സർവീസിന്റെ വലിയ ലോകത്തെത്തിയപ്പോൾ ലഭിച്ച അനുഭവങ്ങൾ, എം.ബി.ബി.എസ് പഠനകാലം, കുടുംബ ജീവിതം, മാനസികാരോഗ്യവുമായി ബന്ധപ്പെട്ടുള്ള കാഴ്ചപ്പാടുകൾ എന്നിവ കോർത്തിണക്കിയതാണ് പുസ്തകം.
കെ.യു.ഡബ്ല്യു.ജെ ജില്ലാ പ്രസിഡന്റ് ഷില്ലർ സ്റ്റീഫൻ,സെക്രട്ടറി അനുപമ ജി.നായർ, മുൻ സെക്രട്ടറി സുരേഷ് വെള്ളിമംഗലം, റിയ, വാസുകിയുടെ ഭർത്താവും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ കാർത്തികേയൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |