മാന്നാർ: ശക്തമായ പ്രതിഷേധങ്ങൾക്കിടയിലും മാന്നാർ, ചെന്നിത്തല പ്രദേശങ്ങളിൽ അനധികൃത നിലം നികത്തൽ വ്യാപകമാകുന്നു. ഭൂമി തരം മാറ്റൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് കൊണ്ട് ഒരു വൻ മാഫിയ സംഘത്തിന്റെ പിന്തുണയോടെ രാത്രിയുടെ മറവിലാണ് നികത്തൽ പ്രവർത്തനങ്ങൾ നടക്കുന്നത്. തരിശ് കിടക്കുന്ന കൃഷി ഭൂമികൾ ചിറ പിടിച്ചും തെങ്ങിൻതൈ കൂനകൾ ആക്കിയും പിന്നീട് പൂർണ്ണമായും നികത്തുന്ന ശൈലിയിലാണ് പ്രവർത്തനങ്ങൾ. ആർക്കും വേണ്ടാതെ കിടക്കുന്ന കൃഷി ഭൂമികൾ തുഛമായ വില പറഞ്ഞ് ഉറപ്പിച്ച് തുണ്ടുകളായി പലരുടെ പേരുകളിലാക്കിയുളള ബിനാമിക്കച്ചവടമാണ് നടത്തുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. മാന്നാർ പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയിൽപെട്ട 1, 2, 3 വാർഡുകളും ചെന്നിത്തല പഞ്ചായത്തിന്റെ 1,2, 4, 15 വാർഡുകളിലും നിലം നികത്തലിന്റെ ഭീഷണിയിലാണ്.
മാന്നാർ 1,3 വാർഡുകളിൽ നിലം നികത്തൽ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് കർഷകത്തൊഴിലാളി യൂണിയൻ മാന്നാർ ഏരിയ കമ്മിറ്റി ഇടപെടുകയും പൊലീസിലും വില്ലേജ് ഓഫീസിലും പരാതി നൽകുകയും ചെയ്തതിനെ തുടർന്ന് വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകിയെങ്കിലും പിന്നീടും നികത്തൽ തകൃതിയായി നടന്നു. ചെന്നിത്തല പതിനഞ്ചാം വാർഡിൽ പണിക്കരേടത്ത് ജംഗ്ഷന് സമീപം രണ്ടേക്കറോളം വരുന്ന തരിശ് നിലം ഭാഗികമായി നികത്തുന്നതറിഞ്ഞ് വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകിയപ്പോൾ നിറുത്തിവച്ച നിലം നികത്തൽ ഏതാനും ദിവസങ്ങൾക്കകം പുനരാരംഭിക്കുകയായിരുന്നു. അനധികൃത നികത്തലിനെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളണമെന്ന് സി.പി.ഐ മാന്നാർ മണ്ഡലം സെക്രട്ടറി ജി.ഹരികുമാർ, അസി.സെക്രട്ടറി കെ.ആർ രഗീഷ്, ചെന്നിത്തല എൽ.സി സെക്രട്ടറി വിനീത് വിജയൻ, മാന്നാർ എൽ.സി സെക്രട്ടറി സുരേഷ് ചേപ്പഴത്തിൽ എന്നിവർ ആവശ്യപ്പെട്ടു.
..............................
#പൊലീസ് കയ്യോടെ പൊക്കി
ചെങ്ങന്നൂർ ഡിവൈ.എസ്.പി എം.കെ ബിനുകുമാറിന് ലഭിച്ച ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്താൽ ഇന്നലെ പുലർച്ചെ 2 ന് ചെന്നിത്തലയിൽ നടത്തിയ പരിശോധനയിൽ നിലം നികത്തുന്നതിനായി മണ്ണുമായി എത്തിയ നാലു ടോറസ് ലോറികളും രണ്ട് ജെ.സി.ബികളും പൊലീസ് പിടിച്ചെടുത്തു. ഡിവൈ.എസ്.പി യുടെ സ്പെഷ്യൻ സ്ക്വാഡും മാന്നാർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇരമത്തൂർ ബഥേൽ ഐ.പി.സി ഹാളിനു സമീപം നികത്താനായി എത്തിച്ച മണ്ണും വാഹനങ്ങളും പിടിച്ചെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |