നേമം: നേമം സർവീസ് സഹകരണ ബാങ്കിലെ ക്രമക്കേടുകൾക്ക് പിന്നാലെ എട്ട് മാസങ്ങൾക്കു മുൻപ് ആരംഭിച്ച സഹകരണ വകുപ്പ്തല അന്വേഷണം പൂർത്തിയാക്കിയിട്ടും എത്ര രൂപയുടെ ക്രമക്കേട് നടന്നെന്ന കണക്കുകൾ ഉദ്യോഗസ്ഥർ പുറത്തുവിടുന്നില്ലെന്ന് നിക്ഷേപകക്കൂട്ടായ്മ ആരോപിച്ചു. നിക്ഷേപക കൂട്ടായ്മയുടെ നിരന്തര സമരങ്ങളുടെ ഫലമായി നേമം പൊലീസ് 420 കേസുകളിൽ എഫ്.ഐ.ആർ ഇട്ടതിനെ തുടർന്ന് ക്രൈംബ്രാഞ്ച് കേസേറ്റെടുത്തു.സെക്രട്ടറിയേയും പ്രസിഡന്റിനെയും റിമാൻഡ് ചെയ്തു. എന്നാൽ ഇ.ഡി കേസ് രജിസ്റ്റർ ചെയ്ത് പല നിക്ഷേപകരിൽ നിന്ന് മൊഴിയെടുത്തിട്ടും പ്രതിസന്ധിയിലായ നിക്ഷേപകർക്ക് പണം കൊടുക്കാതെ ബാങ്ക് പ്രവർത്തനം ഇപ്പോഴും പ്രതികളുടെ ബിനാമികൾ തന്നെ നടത്തി പണം തട്ടുകയാണെന്ന് നിക്ഷേപകക്കൂട്ടായ്മ പറഞ്ഞു. അടുത്ത ഘട്ടമായ വകുപ്പുതല അന്വേഷണത്തിനും ഇതുവരെ ഓർഡറിട്ടിട്ടില്ല. ഇത് അന്വേഷണം നീട്ടിക്കൊണ്ട് പോയി പ്രതികളെ സഹായിക്കാനാണെന്നും നിക്ഷേപക കൂട്ടായ്മ ആരോപിച്ചു. നേമം സഹകരണ ബാങ്കിൽ ഇ.ഡി അന്വേഷണം ഉടൻ ആരംഭിക്കും.തട്ടിപ്പുകാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാതെ നിയമനടപടികളിൽ കാലതാമസം വരുത്തി നിക്ഷേപകരെ കബളിപ്പിക്കാൻ സഹകരണ ഉദ്യോഗസ്ഥർ ശ്രമിക്കുകയാണെങ്കിൽ സഹകരണ ആസ്ഥാന മന്ദിരത്തിലേക്ക് നിക്ഷേപക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പ്രക്ഷോഭ സമരം സംഘടിപ്പിക്കുമെന്ന് നിക്ഷേപക കൂട്ടായ്മ രക്ഷാധികാരി ശാന്തിവിള മുജീബ് റഹ്മാനും കൺവീനർ കൈമനം സുരേഷും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |