നെയ്യാറ്റിൻകര: നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ എല്ലാ വീടുകളിലേക്കും ശുദ്ധജലം ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ കേരള വാട്ടർ അതോറിട്ടിയുടെ പുതിയ ജലശുദ്ധീകരണശാല വരുന്നു. 16 ദശലക്ഷം ലിറ്റർ ശേഷിയുള്ള ശുദ്ധീകരണ പ്ലാന്റാണ് വാട്ടർ അതോറിട്ടിയുടെ ഡിവിഷണൽ ഓഫീസ് വളപ്പിൽ നിർമ്മാണം പുരോഗമിക്കുന്നത്. 19.63 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പ്ലാന്റ് പൂർത്തിയാകുന്നതോടെ മുനിസിപ്പാലിറ്റിയുടെ മുക്കിലും മൂലയിലും ശുദ്ധജലമെത്തിക്കാൻ കഴിയും.
വാട്ടർ അതോറിട്ടിയുടെ നെയ്യാറ്റിൻകരയിലെ 4.5 എം.എൽ.ഡി കപ്പാസിറ്റിയുള്ള ജലശുദ്ധീകരണ പ്ലാന്റിൽ നിന്നും ബാക്കി കാളിപ്പാറയിൽ നിന്നുമാണ് നിലവിൽ നഗരത്തിലേക്ക് ജലമെത്തിക്കുന്നത്. കാലപ്പഴക്കമെത്തിയ കുടിവെള്ള വിതരണ സംവിധാനത്തിനു പകരമായിട്ടാണ് സംസ്ഥാന സർക്കാർ 19.63 കോടി രൂപ ചെലവിട്ട് പുതിയ പദ്ധതി ആരംഭിച്ചത്. നഗരസഭാ പ്രദേശത്ത് പ്രതിദിനം പത്ത് എം.എൽ.ഡി കുടിവെള്ളമാണ് വിതരണം ചെയ്യേണ്ടത്. പുതിയ പ്ലാന്റ് വരുന്നതോടെ നഗരത്തിന്റെ ശുദ്ധജലാവശ്യം പൂർണമായും നിറവേറ്റാൻ സാധിക്കും.
35 വർഷക്കാലത്തെ നെയ്യാറ്റിൻകര നഗരത്തിന്റെ കുടിവെള്ളാവശ്യം കണക്കിലെടുത്താണ് പുതിയ പ്ലാന്റ് നിർമിക്കുന്നത്. അധികജലം സമീപത്തെ പഞ്ചായത്തുകളിലേക്കു കൂടി വിതരണം ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ജലശുദ്ധീകരണ പ്ലാന്റ്
ശേഷി... 16 ദശലക്ഷം ലിറ്റർ
ചെലവ്.... 19.63 കോടി രൂപ
പമ്പ് ഹൗസിനും തടയണയ്ക്കും
10.10 കോടി
അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി പമ്പ് ഹൗസിനും തടയണയ്ക്കുമായി 10.10 കോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്. സാങ്കേതികാനുമതി ലഭിച്ചാലുടൻ ടെൻഡർ നടപടിയിലേക്കു പോകും. ഇതിൽ കിണർ നിർമ്മാണം ടെൻഡർ നടപടികളിലേക്ക് കടന്നുകഴിഞ്ഞു. പമ്പ് ഹൗസിലും ജലശുദ്ധീകരണശാലയിലുമായി 400 കെ.വി.എയുടെ രണ്ട് ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കും. കൃഷ്ണൻ കോവിലിന് സമീപത്ത് നെയ്യാറിലെ കുരവണിക്കടവിലുള്ള വാട്ടർ അതോറിട്ടിയുടെ പമ്പ് ഹൗസിന് സമീപം പുതിയ പമ്പ് ഹൗസും തടയണയും നിർമ്മിച്ച് അവിടെ ശേഖരിക്കപ്പെടുന്ന വെള്ളത്തെ ജല ശുദ്ധീകരണശാലയിലെത്തിച്ച് ശുദ്ധീകരിക്കും. ഇവിടെനിന്ന് ക്ലോറിൻ വാതകം ഉപയോഗിച്ച് അണുവിമുക്തമാക്കിയ ശേഷം വാട്ടർ അതോറിട്ടി വളപ്പിലെ എട്ടുലക്ഷം ലിറ്ററിന്റെ ഓവർഹെഡ് ടാങ്കിൽ എത്തിക്കും.
പഴക്കമുള്ള പൈപ്പുകൾ
മാറ്റിസ്ഥാപിക്കുന്നു
നാല്പതുവർഷത്തിലേറെ പഴക്കമുള്ള കുടിവെള്ളവിതരണ പൈപ്പുകൾ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി മാറ്റിസ്ഥാപിച്ചുവരികയാണ്. ഇതോടെ നെയ്യാറ്റിൻകരയുടെ ശുദ്ധജല ആവശ്യത്തിന് പരിഹാരമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |