വർക്കല: എം.എസ്.സുബ്ബുലക്ഷ്‌മി ഫൗണ്ടേഷനും ശ്രീകൃഷ്ണ നാട്യസംഗീത അക്കാഡമിയും സംയുക്തമായി ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാര സമർപ്പണവും വാർഷികാഘോഷവും 25ന് ഉച്ചയ്ക്ക് 2.30മുതൽ വർക്കല വർഷമേഘ കൺവെൻഷൻ സെന്ററിൽ നടക്കും. വൈകിട്ട് 4ന് സാംസ്‌കാരിക സമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും.അഡ്വ.വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. വാർഷികാഘോഷം കേരള ഹൈക്കോടതി ജസ്റ്റിസ് എൻ.നാഗരേഷ് ഉദ്ഘാടനം ചെയ്യും. എം.എസ്.സുബ്ബുലക്ഷ്മി ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള മാദ്ധ്യമ പുരസ്‌കാരം കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷിനും ദൃശ്യമാദ്ധ്യമ പുരസ്‌കാരം ഏഷ്യാനെറ്റ് ന്യൂസിലെ പി.ജി സുരേഷ് കുമാറിനും സംഗീതപ്രതിഭ പുരസ്കാരം കർണാടക സംഗീതജ്ഞ എൻ.ജെ.നന്ദിനിക്കും സംഗീതരത്ന പുരസ്കാരം പിന്നണി ഗായകൻ ജി.ശ്രീറാമിനും ചലച്ചിത്രരത്നാ പുരസ്കാരം നടൻ വിജയരാഘവനും ചലച്ചിത്രപ്രതിഭ പുരസ്കാരം നടിയും നർത്തകിയുമായ സുരഭിക്കും കൈമാറും. ഒ.മാധവൻ പുരസ്‌കാരം നാടകനടൻ പ്രമോദ് വെളിയനാടിനും സി.പി.നായർ മെമ്മോറിയൽ എൻഡോവ്മെന്റ് പുരസ്കാരം ഹരികിഷോറിനും നൽകും.പുരസ്‌കാര സമർപ്പണം കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ചെയർമാൻ ജസ്റ്റിസ് സി.കെ.അബ്ദുൾ റഹീം ഉദ്ഘാടനം ചെയ്യും.മുൻ ചീഫ് സെക്രട്ടറി ഡോ.ജിജി തോംസൺ മുഖ്യപ്രഭാഷണവും കണ്ണൂർ യൂണിവേഴ്സിറ്റി മുൻവൈസ് ചാൻസിലർ ഡോ.പി.ചന്ദ്രമോഹൻ എം.എസ് സുബ്ബുലക്ഷ്‌മി അനുസ്മരണ പ്രഭാഷണവും നടത്തും. ശ്രീകൃഷ്ണ നാട്യസംഗീത അക്കാഡമി ഡയറക്ടർ ഡോ.എം.ജയപ്രകാശ് വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും.ഫൗണ്ടേഷൻ ചെയർമാൻ അഡ്വ.എസ്.കൃഷ്ണകുമാർ,അഡ്വ.എസ്.രമേശൻ, വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി,കൗൺസിലർമാരായ അഡ്വ.ആർ.അനിൽകുമാർ,പി.എം.ബഷീർ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |