വെളളറട: ഗ്രാമങ്ങളിൽ തെരുവുനായ്ക്കക്കൾ പെറ്റുപെരുകുന്നത് നിയന്ത്രിക്കാൻ സംവിധാനങ്ങളില്ലാതെ ജനം ഭീതിയിൽ. നാൾക്കുനാൾ തെരുവു നായ്ക്കളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയാണ്. ഇവയെ പിടികൂടാനും നടപടിയില്ല.
മലയോര ഗ്രാമപഞ്ചായത്തുകളിൽ തെരുവുനായ്ക്കളെ പിടികൂടിയിട്ട് വർഷങ്ങൾ പലതുകഴിഞ്ഞു. അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കൾക്ക് പേവിഷബാധ ഏറ്റിട്ടുണ്ടോയെന്നുപോലും അറിയില്ല. ഇവയുടെ കടിയേൽക്കുന്നവരും നിരവധിയാണ്.
ഏറ്റവും അധികം നായ്ക്കൾ ഒത്തുകൂടുന്നത് റോഡുവക്കിൽ മാംസ-മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സ്ഥലങ്ങളിലാണ്. ഇതുവഴി നടന്നുപോകാനും നാട്ടുകാർക്ക് പേടിയാണ്. ഇരുചക്രവാഹന യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടും ചില്ലറയല്ല. വാഹനങ്ങൾക്ക് കുറുകെ ചാടുന്നതിനാൽ മിക്കപ്പോഴും അപകടങ്ങളും സംഭവിക്കുന്നുണ്ട്. വേനൽ കടുത്തതോടെ പേവിഷബാധിക്കുന്ന നായ്ക്കളുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. ഇവയുടെ ക്രമാതീതമായ വർദ്ധന തടയാൻ നായ്ക്കളെ പിടികൂടി വന്ധ്യംകരണ ശസ്ത്രക്രിയ ചെയ്യാൻ നടപടി എടുത്തിരുന്നെങ്കിലും അതും ഇപ്പോഴില്ല. നേരത്തേ വർഷത്തിലൊരിക്കൽ നായ്ക്കളെ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പിടികൂടി കൊല്ലാൻ നടപടി സ്വീകരിച്ചിരുന്നു. ഇത് മൃഗസ്നേഹികളുടെ ഇടപെടൽ ഉണ്ടായതോടുകൂടിയാണ് നിലച്ചത്.
പേവിഷ ബാധയേറ്റ് മരണവും
മലയോര ഗ്രാമങ്ങളിൽ നേരത്തേ പേവിഷ ബാധയേറ്റ് നിരവധിപേർ മരിച്ച സംഭവങ്ങളുണ്ട്. വീടുകളിൽപോലും നായ്ക്കളെ വളർത്താൻ കഴിയാത്ത അവസ്ഥയാണ്. മത്സ്യ ചന്തകളിലും കശാപ്പുശാലകളിലും പരിസരങ്ങളിലും കൂട്ടമായി നിൽക്കുന്ന തെരുവുനായ്ക്കളെ കാണാം. സന്ധ്യകഴിഞ്ഞാൽ ഗ്രാമവീഥികളെല്ലാം തെരുവു നായ്ക്കളെകൊണ്ട് നിറയും. നായ്ക്കളെ നിയന്ത്രിക്കാൻ അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ ഇവയുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കും.
വിദ്യാർത്ഥികളും ഭീതിയിൽ
സ്കൂൾ പരിസരങ്ങളിൽ നായ്ക്കളുടെ ശല്യം കൂടിയതോടെ വിദ്യാർത്ഥികളും ഭീതിയിലാണ്. ഇവയെ നിയന്ത്രിക്കാൻ നടപടിവെണമെന്നാവശ്യപ്പെട്ട് സ്കൂൾ അധികൃതരും നിവേദനവുമായി ഗ്രാമപഞ്ചായത്ത് അധികൃതരെ നേരത്തേ സമീപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |