തിരുവനന്തപുരം: നഗരത്തിൽ തെരുവ് വിളക്കില്ലെങ്കിലെന്താ... ആവശ്യത്തിലേറെ തെരുവുനായ്ക്കളുണ്ടല്ലോ... ഒരുമാസത്തിനിടെ നഗരപരിധിയിൽ മാത്രം 400 പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. നഗരത്തിലെ ഈ രണ്ട് പ്രധാന പ്രശ്നം പരിഹരിക്കൻ പോലും നഗരസഭയ്ക്ക് കഴിയാത്തതിൽ ജനങ്ങൾക്കിടയിലും വൻ പ്രതിഷേധമുണ്ട്. തെരുവുനായ്ക്കളുടെ ആക്രമണമുള്ള പ്രധാന ഭാഗങ്ങളിൽ പോലും തെരുവ് വിളക്കുകൾ കത്താത്ത അവസ്ഥ നഗരവാസികളെ ദുരിതത്തിലാക്കുന്നു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നായ്ക്കൾ ജനങ്ങളെ ഓടിച്ചിട്ട് ആക്രമിക്കുകയാണ്.പാളയം,പേട്ട,കുന്നുകുഴി,ബാർട്ടൺഹിൽ എൻജിനിയറിംഗ് കോളേജ്,നഗരസഭ പരിസരം,മ്യൂസിയം അടക്കമുള്ള ഇടങ്ങളിൽ തെരുവുനായ്ക്കൾ യഥേഷ്ടം വിഹരിക്കുകയാണ്.ഇവിടങ്ങളിലെ തെരുവ് വിളക്കും കത്താറില്ല. തെരുവ് വിളക്കിന്റെ പ്രതിസന്ധി പരിഹരിക്കാനുള്ള പുതിയ നടപടിയും പാളിയെന്നാണ് ആക്ഷേപം.
പൊതുസ്ഥലങ്ങളിൽ അറവു മാലിന്യം
നഗരത്തിൽ നിന്ന് ശേഖരിക്കുന്ന അറവുമാലിന്യം സ്വകാര്യ ഏജൻസികൾ പൊതുസ്ഥലങ്ങളിൽ തള്ളുന്നു. ഇത് ഭക്ഷിക്കാനായി തെരുവ് നായ്ക്കൾ കൂട്ടത്തോടെ എത്തുന്നു. സംഭവം കോർപ്പറേഷൻ കണ്ടെത്തി. എന്നാൽ തള്ളുന്നത് ആരെന്ന് അറിയില്ലെന്ന നിലപാട് സ്വീകരിച്ച് കണ്ണടച്ചിരിക്കുകയാണെന്നാണ് പരാതി.
വിദ്യാർത്ഥികൾക്കും ആശങ്ക
സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രക്ഷിതാക്കൾക്കും കുട്ടികൾക്കും ആശങ്കയുണ്ട്. മിക്ക സ്കൂൾ പരിസരങ്ങളും തെരുവ് നായ്ക്കളുടെ താവളമാണ്.
വന്ധ്യംകരണം മന്ദഗതിയിൽ
വന്ധ്യംകരണ പദ്ധതിക്ക് കൃത്യമായ ആസൂത്രണമോ മേൽനോട്ടമോ ഇല്ലെന്നും തെരുവ് നായ്ക്കളുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്താത്തതും പോരായ്മയാണെന്നും റിപ്പോർട്ട്. 2023-24 സാമ്പത്തിക വർഷം 66.96 ലക്ഷം രൂപ വകയിരുത്തിയ പദ്ധതിയിൽ 56.73 ലക്ഷം ചെലവഴിച്ചെന്നാണ് കണക്ക്. 3849 നായ്ക്കളെ വാക്സിനേഷനും 1087 നായ്ക്കളെ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കും വിധേയമാക്കി. എന്നാൽ ഇതിൽ പൊരുത്തക്കേടുണ്ടെന്നാണ് ആരോപണം. പ്രതിമാസം 120 നായ്ക്കളെ വന്ധ്യംകരണം ചെയ്യുന്നുണ്ടെന്നാണ് നഗരസഭാ വിശദീകരണം.എന്നാൽ പേട്ടയിൽ ദിവസേന മൂന്നെണ്ണം മാത്രമാണ് നടത്തുന്നത്. എന്നാൽപ്പോലും കണക്കിൽ പൊരുത്തക്കേടുണ്ട്.
നഗരസഭ കൗൺസിലിലും തർക്കം
നഗരത്തിൽ തെരുവുനായ ശല്യം രൂക്ഷമായിട്ടും പരിഹാര ചർച്ച ചെയ്യാനുള്ള കോർപ്പറേഷൻ കൗൺസിലിൽ നടന്നത് രാഷ്ട്രീയ ചർച്ച മാത്രം. കേന്ദ്രം നിയമം ഭേദഗതി ചെയ്താൽ മാത്രമേ എന്തെങ്കിലും ചെയ്യാൻ കഴിയൂവെന്ന നിലപാടിലാണ് നഗരസഭ ഭരണസമിതി. കൗൺസിലിൽ വന്ധ്യംകരണം നടത്തിയ നായ്ക്കളും പ്രസവിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കൗൺസിലർ കരമന അജിത്തിനെ അപഹസിക്കുന്ന വിധത്തിൽ മേയർ ആര്യാ രാജേന്ദ്രൻ സംസാരിച്ചതോടെയാണ് ചർച്ച ബഹിഷ്‌കരിച്ച് പ്രതിഷേധത്തിനിറങ്ങിയതെന്ന് ബി.ജെ.പി കൗൺസിലർമാർ അറിയിച്ചു. തെരുവുനായ വർദ്ധന തടയാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഔദ്യോഗിക പ്രമേയം പാസാക്കി കേന്ദ്രത്തിനയക്കാനും തീരുമാനിച്ചു. വാക്കുതർക്കവും ഉന്തും തള്ളും, ബഹിഷ്കരണവുമായി പ്രതിപക്ഷം കളം വിട്ടപ്പോൾ അജൻഡകളെല്ലാം ഭരണപക്ഷം പാസാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |