തിരുവനന്തപുരം: ജില്ലയിൽ മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 115.6 മില്ലീ മീറ്റർ മുതൽ 204.4 മില്ലീ മീറ്റർ വരെ മഴ ലഭിക്കും. പുലർച്ചെവരെയും ശക്‌തമായ മഴപെയ്തെങ്കിലും പകൽ ചെറിയ ചാറ്റലിലും കാറ്റിലും ഒതുങ്ങി. എന്നാൽ ജില്ലയിൽ പലയിടത്തും ശക്തമായ കാറ്റ് അനുഭവപ്പെട്ടു. വൻ നാശനഷ്‌ടങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഇന്നലെ നഗരത്തിൽ 27.2 മില്ലീ മീറ്ററും തിരുവനന്തപുരം എയർപോർട്ട് ഭാഗത്ത് 21.8 മില്ലീ മീറ്ററും മഴ ലഭിച്ചതായാണ് ഇന്ത്യൻ മെട്രോളജിക്കൽ ഡിപ്പാർട്ട്‌മെന്റിന്റെ കണക്ക്.
ഇന്നലെ മാത്രം 20 ഓളം ഫോൺവിളികളാണ് ജില്ലയിലെ ഫയർഫോഴ്സ് കേന്ദ്രങ്ങളിലേക്കെത്തിയത്. അതിൽ ഭൂരിഭാഗവും റോഡിന് കുറുകെയും ഇലക്‌ട്രിക് ലൈനിന് മുകളിലായും മരങ്ങൾ വീണെന്നതാണ്. മരങ്ങൾ കടപുഴകിയും മരക്കൊമ്പുകൾ ഒടിഞ്ഞുവീണും വൈദ്യുതി പോസ്റ്റുകൾ ഒടിയുകയും ലൈനുകൾ തകരാറിലാവുകയും ചെയ്‌തിട്ടുണ്ട്. ചിലയിടങ്ങളിൽ കെട്ടിടങ്ങൾക്ക് സമീപത്തായി മരങ്ങൾ വീണെങ്കിലും കേടുപാടുകളില്ല. കമലേശ്വരം,കാലടി, പട്ടം,ശ്രീവരാഹം,കുന്നുകുഴി,എ.കെ.ജി സെന്റർ,തിരുമല,പാപ്പനംകോട്,കാലടി,പഴഞ്ചിറ,ആറ്റുകാൽ ബണ്ട് റോഡ്,പേട്ട,വട്ടിയൂർക്കാവ്,മണ്ണന്തല,പേരൂർക്കട എന്നിവിടങ്ങളിൽ നിന്നാണ് കൂടുതലായും ഫോൺവിളികളെത്തിയത്. ശനിയാഴ്ച മുതൽ ഞായറാഴ്ച വരെയുള്ള കണക്കിൽ ജില്ലയിലെ വട്ടപ്പാറയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്.215 മില്ലീ മീറ്റർ മഴയാണ് ലഭിച്ചത്.
ജാഗ്രതവേണം
കാലവർഷക്കെടുതിയുടെ ഭാഗമായി മരങ്ങൾ വൈദ്യുതി ലൈനുകളിൽ വീഴാനും അതുവഴി ലൈൻ പൊട്ടിവീഴാനും സാദ്ധ്യതയുണ്ട്. പൊതുജനങ്ങൾ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പുണ്ട്.
കൺട്രോൾ റൂം തുറന്നു
ജില്ലയിൽ മഴ ശക്‌തമാകുന്ന സാഹചര്യത്തിൽ വൈദ്യുതിതടസവും അപകടസാദ്ധ്യതകളും സംബന്ധിച്ച പരാതികളും വിവരങ്ങളും അറിയിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു.
@ നഗരസഭ കൺട്രോൾ റൂം -
8590036770 ,9188909429
താലൂക്ക് തല കൺട്രോൾ റൂം
@തിരുവനന്തപുരം 0471 - 2462006,9497711282
@നെടുമങ്ങാട് - 0472- 2802424,9497711285
@നെയ്യാറ്റിൻകര - 0471-2222227,9497711283
@കാട്ടാക്കട- 0471-2291414,9497711284
@ചിറയൻകീഴ് - 0470 - 2622406,9497711287
@വർക്കല - 0470-2613222,9497711286
കടലാക്രമണ മുന്നറിയിപ്പ്
ജില്ലയിൽ കാപ്പിൽ മുതൽ പൊഴിയൂർ വരെയും
കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം വരെയുമുള്ള തീരങ്ങളിൽ ഇന്ന് കടലാക്രമണ സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം.
പൊൻമുടി അടച്ചു
മണ്ണിടിച്ചിലും ഉരുൾപൊട്ടൽ സാദ്ധ്യതയും നിലനിൽക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊന്മുടി ഇക്കോടൂറിസ്സത്തിലേക്കുള്ള സന്ദർശനം നിരോധിച്ചിരിക്കുന്നതായി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. കല്ലാർ മീൻമുട്ടിവെള്ളച്ചാട്ടവും അടച്ചു.വിതുര,കല്ലാർ,ബോണക്കാട്,പേപ്പാറ മേഖലകളിലെത്തുന്ന സഞ്ചാരികൾ ജാഗ്രതപുലർത്തണമെന്നും നിർദ്ദേശമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |