ആര്യനാട്: കെട്ടിടം പണി തുടങ്ങി വർഷങ്ങൾ പിന്നിട്ടിട്ടും ആര്യനാട് ഗവ. ഐ.ടി.ഐ ഹോസ്റ്റൽ നിർമ്മാണം എങ്ങുമെത്തിയില്ല. കെട്ടിടത്തിന്റെ പില്ലറും ബീമും പണിഞ്ഞതല്ലാതെ പിന്നീടൊന്നും നടന്നില്ല.
കേരളത്തിലെ എസ്.സി/എസ്.ടി വിദ്യാർത്ഥികൾ പഠിക്കുന്ന ഐ.ടി.ഐക്കാണ് ഈ ദുർഗതി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന വിദ്യാർത്ഥികൾ ഐ.ടി.ഐ തുടങ്ങിയ കാലം മുതൽ വാടകക്കെട്ടിത്തിലാണ് കഴിയുന്നത്.
2009ൽ ഐ.ടി.ഐക്ക് പിന്നിലായി ഹോസ്റ്റൽ കെട്ടിടം നിർമ്മിക്കുന്നതിനായി സർക്കാർ ഫണ്ടിൽ നിന്നും 1.3 കോടി രൂപയാണ് അനുവദിച്ചത്. അതേ വർഷം തന്നെ 15 സെന്റ് സ്ഥലത്ത് 15 ലക്ഷം രൂപ ചെലവിട്ട് കെട്ടിടത്തിന്റെ പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും പാർട്ട് ബില്ല് മാറുന്നതിനെച്ചൊല്ലി കരാറുകാരനും പി.ഡബ്ല്യു.ഡിയും തമ്മിൽ തർക്കമായി. ഇതോടെ പണികൾ നിലച്ചു. പിന്നീടത് കോടതിയിൽ എത്തി. ഇതിനിടയിൽ തർക്കങ്ങൾ തീർത്ത് റീ ടെണ്ടർ ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചെങ്കിലും അതും നടന്നില്ല.
വിദ്യാർത്ഥികൾ വാടക കെട്ടിടത്തിൽ
കേരളത്തിൽ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽനിന്നുള്ള വിദ്യാർത്ഥികൾക്കായി മാത്രം74 ശതമാനം സീറ്റുകൾ സംവരണം ചെയ്തിരിക്കുന്ന രണ്ട് ഐ.ടി.ഐകളിലൊന്നാണിത്. വിവിധ ജില്ലകളിൽ ഉൾപ്പെടെ 700റിലധികം വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്. ഇപ്പോൾ ഐ.ടി.ഐക്ക് സമീപത്തായി സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ വാടകയ്ക്കാണ് ഹോസ്റ്റൽ പ്രവർത്തിക്കുന്നത്.
ഉപയോഗ ശൂന്യമായി സ്ഥലം
1990 ൽ ആര്യനാട് ഉണ്ടപ്പാറയിൽ 3 ട്രേഡുകളുമായാണ് ഐ.ടി.ഐ പ്രവർത്തനം ആരംഭിച്ചത്. തുടർന്ന് 2001 ൽ പള്ളിവേട്ടയിലേക്ക് പ്രവർത്തനം മാറ്റി. ഇപ്പോൾ പ്രതിമാസം 18,000 രൂപയാണ് വാടകയിനത്തിൽ നൽകുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളാണ് ഹോസ്റ്റൽ സൗകര്യം ഉപയോഗപ്പെടുത്തുന്നവരിൽ ഏറെയും. ഇവർക്ക് ഭക്ഷണത്തിനുള്ള തുക സ്വന്തമായി കണ്ടെത്തേണ്ട സ്ഥിതിയാണ്. ഹോസ്റ്റൽ കെട്ടിടത്തിന്റെ പണി പൂർത്തിയായാൽ മെസ്സ് ഉൾപ്പെടെയുള്ള സൗകര്യം ലഭ്യമാകുമായിരുന്നു. ഹോസ്റ്റലിനായി പില്ലറും ബീമും നിർമ്മിച്ചതോടെ വസ്തു ഉപയോഗശൂന്യമായി കിടക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |