ധനുവച്ചപുരം: കാരക്കോണം-അമരവിള റോഡിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ അവഗണിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. റോഡിന്റെ പല ഭാഗങ്ങളിലും ഓട നിർമ്മിച്ചിട്ടില്ല. മിക്ക സ്ഥലങ്ങളിലും വൈദ്യുത തൂണുകൾ റോഡിലേക്ക് കയറി നിൽക്കുന്നതും യാത്രക്കാർക്ക് അപകടഭീഷണി ഉണ്ടാക്കുന്നുണ്ട്.
മഴക്കാലമായതോടെ ഉയർന്ന സ്ഥലങ്ങളിൽ നിന്നും ഓടയില്ലാത്ത ഭാഗങ്ങളിൽ വേസ്റ്റും, ചെളിയും, മണ്ണും റോഡിലേക്ക് ഒഴുകി ഇറങ്ങിയിരിക്കുകയാണ്. ഇവയെല്ലാം റോഡിനരികിലെ വൈദ്യുത തൂണുകൾക്ക് കീഴിലും റോഡിലേക്കും അടിഞ്ഞുകൂടി അപകടസാദ്ധ്യത വർദ്ധിപ്പിക്കുകയും യാത്രാ തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. മുൻപ് നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.
ഓട നിർമ്മാണം
പൂർത്തിയായിട്ടില്ല
മെയ് പുരം മുതൽ പനയറക്കൽ റോഡ് തുടങ്ങുന്നതു വരെയുള്ള ഭാഗത്തെ ഓട നിർമ്മാണം ഇതുവരെയും പൂർത്തിയായിട്ടില്ല. റോഡിന്റെ കുറച്ചുഭാഗത്ത് മാത്രമേ ഓട നിർമ്മാണം പൂർത്തിയായിട്ടുള്ളൂ. ഓട നിർമ്മിക്കാത്ത ഭാഗങ്ങളിൽ നടപ്പാത കണക്കാക്കി ഇന്റർലോക്കും പാകിയിട്ടുണ്ട്. ഇവിടെയുള്ള വൈദ്യുത തൂണുകളിൽ മിക്കതും നടപ്പാതയ്ക്കും റോഡിനും ഇടയിലായിട്ടാണ് സ്ഥിതിചെയ്യുന്നത്. ഓടയുടെ അഭാവം കാരണം റോഡിലേക്ക് ഒലിച്ചിറങ്ങി കിടക്കുന്ന മണ്ണും ചെളിയും ഇരുചക്ര വാഹനക്കാർക്കും കാൽനടയാത്രക്കാർക്കും വലിയ രീതിയിൽ അപകട ഭീഷണി ഉയർത്തുന്നുണ്ട്.
ഓട അവശ്യം വേണ്ട സ്ഥലത്ത് ഇന്റർലോക്ക് ടൈലുകൾ പാകുകയാണ് ചെയ്തിരിക്കുന്നത്. റോഡ് നവീകരണത്തിന്റെ നിർമ്മാണ ചുമതലക്കാരുടെ അശാസ്ത്രീയ നടപടികളാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്നത്.
പ്രവർത്തനങ്ങൾ നീളുന്നു
റോഡ് പലസ്ഥലത്തും വെട്ടിമുറിച്ചുള്ള നിർമ്മാണ പ്രവർത്തനം മാസങ്ങളോളം നീളുന്നതാണ്. പൈപ്പ് ലൈനുകളും വൈദ്യുതി കേബിളുകളും സ്ഥാപിക്കുന്നതിന്റെ ഭാഗമായി റോഡുകൾ മുറിച്ചുണ്ടാക്കിയ
കൺവെർട്ടുകൾ പണിഞ്ഞുകൊണ്ടിരിക്കുന്ന സ്ഥലങ്ങളും യാത്രികർക്ക് ഭീഷണിയാണ്. റോഡിന്റെ പുനർ നിർമ്മാണത്തിന് സ്ഥലമെടുപ്പ് തുടങ്ങിയതു മുതൽ ആരംഭിച്ചതാണ് ഈ ദുരിതം. വീതികൂട്ടലിന്റെ ഭാഗമായി പാർശ്വങ്ങളിൽനിന്ന് ഇടിച്ച മണ്ണ് യഥാസമയം നീക്കാതെ കുന്നുകൂട്ടിയിട്ടിരുന്നതിനാൽ പ്രദേശം മുഴുവൻ ചെളിക്കെട്ടാണ്.
കാരക്കോണം-അമരവിള റോഡ്
നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടുന്ന ഒരു പ്രദേശമാണ് ധനുവച്ചപുരം. ഇവിടെയുള്ള നിരവധി സ്കൂളുകളിലേക്കും ഐ.ടി.ഐ യിലേക്കും കോളേജുകളിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും പോകുന്ന വിദ്യാർത്ഥികൾ, കാൽനട യാത്രക്കാർ,ഇരുചക്ര വാഹന യാത്രികർ, മലയോരഗ്രാമ പ്രദേശങ്ങളിലുള്ളവർ എന്നിവർക്കെല്ലാം പ്രധാന ആശ്രയമാണ് കാരക്കോണം-അമരവിള റോഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |