കല്ലമ്പലം: മൂന്ന് ദിവസമായി തോരാതെ പെയ്യുന്ന മഴയിൽ കല്ലമ്പലം മേഖലയിൽ വ്യാപക നാശം. കരവാരം പഞ്ചായത്തിൽ വാർഡ് ഒന്നിൽ പുല്ലൂർമുക്ക് ചരുവിള വീട്ടിൽ ഷാജിയുടെ വീട് ഭാഗികമായി തകർന്നു. മരം വീണ് വഴുതാനിക്കോണം അനിഴത്തിൽ രാധാമണിയുടെ വീടും ഭാഗികമായി തകർന്നു. പുല്ലൂർമുക്ക് ചരുവിള വീട്ടിൽ ബാബുവിന്റെ വീടും കുളിമുറിയും വാട്ടർ ടാങ്കും മരം വീണ് തകർന്നു.കല്ലുവിള വീട്ടിൽ രമണിയുടെയും തെങ്ങുവിള വീട്ടിൽ സാവിത്രിയുടെയും ദർശൻ നിവാസിൽ ഭുമണിയുടെയും തെങ്ങുവിള വീട്ടിൽ ഗീതയുടെയും വീടുകൾ മരം വീണ് ഭാഗികമായി തകർന്നു. കുന്നുവിള വീട്ടിൽ സജീവ്, തെങ്ങുവിള വീട്ടിൽ തങ്കമണി എന്നിവരുടെ വീടും മരം വീണ് ഭാഗകമായി തകർന്നു. വാർഡ് മെമ്പർ ഉല്ലാസും കരവാരം വില്ലേജ് ഓഫീസറും വീടുകൾ സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി.
കുടവൂർ വില്ലേജിൽ കല്ലമ്പലം മൈത്രി അശുപത്രിക്ക് സമീപം മാവ് കടപുഴകി കെട്ടിടത്തിന് നാശം. അയൽവാസിയുടെ ഷീറ്റ് ശക്തമായ കാറ്റിൽ പറന്നുവീണ് സൽമ മൻസിലിൽ സൽമയുടെ വീടിനും കാറിനും കേടുപാടുകൾ സംഭവിച്ചു. മണ്ണാംകോണം ചരുവിള വീട്ടിൽ രാജൻ, ചരുവിള വീട്ടിൽ ജയശ്രീ,അനിതാ ഭവനിൽ കുഞ്ഞപ്പി,ചരുവിള വീട്ടിൽ ചെല്ലമ്മ, പുല്ലൂർമുക്ക് ജെ.ജെ പാലസിൽ അബ്ദുൽ ജലീൽ, ഷാജിത മൻസിലിൽ മാജിത ബീവി എന്നിവരുടെ വീടുകളും ഭാഗികമായി തകർന്നു.ആളപായമില്ല. കുടവൂർ വില്ലേജോഫീസർ വീടുകൾ സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി തഹസീൽദാർക്ക് റിപ്പോർട്ട് ചെയ്തു.
മണമ്പൂർ വില്ലേജിൽ കവലയൂർ കുഴിവാളം കോളനിയിൽ രവിയുടെ വീട് തെങ്ങ് വീണ് പൂർണമായും തകർന്നു. ഒറ്റൂർ വില്ലേജിൽ മുത്താന ഇടവിള പുത്തൻ വീട്ടിൽ ഉമൈറ ബീവി,സതിഭവനത്തിൽ സതി,മാവിൻമൂട് കൃഷ്ണ വിലാസത്തിൽ ഗീത,ഗുരുമുക്ക് സജിഭവനിൽ വിജയൻ,പിച്ചകശ്ശേരി ഷൈല സദനത്തിൽ സുദേവൻ എന്നിവരുടെ വീടും മരം വീണ് ഭാഗികമായി തകർന്നു.
നിമിഷനേരം കൊണ്ട് വീശിയടിച്ച കാറ്റിലും ശക്തമായ മഴയിലും വൻ നഷ്ടം സംഭവിച്ച കല്ലമ്പലം മേഖലയിൽ ഇനിയും ഭീതി വിട്ടുമാറാതെ നാട്ടുകാർ. നഷ്ട പരിഹാരം കിട്ടുമോയെന്ന ആശങ്കയിലുമാണിവർ. വീടുകൾ തകർന്നവർക്കും കൃഷി നാശം സംഭവിച്ചവർക്കും അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും നഷ്ടം സംഭവിച്ചവർ അതത് വില്ലേജ് ഓഫീസിൽ അറിയിക്കണമെന്നും സ്ഥലം സന്ദർശിച്ച അഡ്വ.വി.ജോയി എം.എൽ.എ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |