വർക്കല: വർക്കലയിലെ തീരദേശ മേഖലയിൽ കണ്ടെത്തിയത് രണ്ട് ആഗോള ബ്രാൻഡുകളുടെ പോളിഎത്തിലീൻ പായ്ക്കറ്റുകൾ. ഇടവ വെറ്റക്കട ബീച്ച് മുതൽ മാന്തറ,ഓടയം,തിരുവമ്പാടി,പാപനാശം, ഏണിക്കൽ, ആലിയിറക്കം, റാത്തിക്കൽ ഒന്നാം പാലം വരെയുള്ള ഭാഗങ്ങളിലാണ് പോളിഎത്തിലീൻ പായ്ക്കറ്റുകൾ കണ്ടെത്തിയത്.
സൗദി അറേബ്യയിലെ കെമിക്കൽസ് കമ്പനിയായ സാബികിന്റെ ലീനിയർ ലോ ഡെൻസിറ്റി പോളിഎത്തിലീൻ പായ്ക്കറ്റുകളും കുവൈറ്റ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇക്യുഏറ്റ് മാർക്കറ്റിംഗ് കമ്പനിയുടെ ഉയർന്ന സാന്ദ്രതയുള്ള പോളിഎത്തിലീൻ പായ്ക്കറ്റുകളുമാണിത്.
രണ്ട് ബ്രാൻഡുകളുടെയും 25 കിലോ ഭാരമുള്ള നൂറോളം പായ്ക്കറ്റുകൾ കടലിൽ ഒഴുകി നടക്കുകയും 60 ഓളം പായ്ക്കറ്റുകൾ തീരത്തടിയുകയും ചെയ്തിട്ടുണ്ട്. കിലോമീറ്ററുകളോളം ദൂരത്തിലാണ് പൊട്ടിയ പായ്ക്കറ്റുകളിൽ നിന്നുള്ള പോളിഎത്തിലീനുകൾ തീരത്തടിഞ്ഞത്.
എൽ.എൽ.ഡി.പി.ഇ പ്ലാസ്റ്റിക് ഗ്രാന്യുൾസ്
വഴക്കം, ഉയർന്ന ആഘാതശക്തി, രാസപ്രതിരോധം എന്നിവയ്ക്ക് പേരുകേട്ട പ്ലാസ്റ്റിക് ഗ്രാന്യുൾസാണ് എൽ.എൽ.ഡി.പി.ഇ അഥവാ ലീനിയർ ലോ-ഡെൻസിറ്റി പോളിഎത്തിലീൻ.വ്യത്യസ്ത ഏകകങ്ങളെ ഇടകലർത്തി കോർത്തിണക്കി ഉണ്ടാക്കുന്ന ശൃംഖലകളാണ് ഇവ. മറ്റ് പോളിഎത്തിലീൻ ഗ്രേഡുകളെ അപേക്ഷിച്ച് എൽ.എൽ.ഡി.പി.ഇ പ്രോസസ് ചെയ്യാൻ എളുപ്പമാണ്. അതിനാൽ എക്സ്ട്രൂഷൻ, ഇഞ്ചക്ഷൻ മോൾഡിംഗ്, ബ്ലോ മോൾഡിംഗ് തുടങ്ങിയ വിവിധ നിർമ്മാണ സാങ്കേതികവിദ്യകൾക്ക് അനുയോജ്യമാണ്. കളിപ്പാട്ടങ്ങൾ, കായിക ഉപകരണങ്ങൾ,ജലസേചന പൈപ്പുകൾ, സ്ട്രെച്ച് റാപ്പ്, ഷ്രിങ്ക് റാപ്പ്, ബബിൾ റാപ്പ്, പൗച്ചുകൾ, സാഷെകൾ എന്നിവയുടെ നിർമ്മാണത്തിന് ഇവ ഉപയോഗിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |