തൃശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പാർട്ടി നേതാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതിൽ പ്രതിഷേധിച്ച് സി.പി.എം പ്രക്ഷോഭവുമായി രംഗത്ത്.
പാർട്ടിക്കും, നേതാക്കൾക്കുമെതിരെ കള്ളക്കേസ് ചമച്ചെന്നാരോപിച്ചാണ് കേന്ദ്ര അന്വേഷണ ഏജൻസിയായ ഇ.ഡിക്കെതിരെ ഇന്ന് തൃശൂരിൽ വൻ ജനകീയ പ്രതിഷേധം സംഘടിപ്പിക്കാൻ ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചത്. രാവിലെ പത്തരയ്ക്ക് സി.എം.എസ് സ്‌കൂൾ പരിസരത്ത് നിന്ന് പ്രകടനം ആരംഭിക്കും. കോർപ്പറേഷൻ പരിസരത്ത് ചേരുന്ന പൊതുയോഗം പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. നീതിന്യായ സംവിധാനങ്ങളെ അപഹസിക്കുന്ന കെട്ടിച്ചമച്ച ആരോപണങ്ങളാണ് ഇ.ഡി കുറ്റപത്രത്തിൽ പറഞ്ഞിട്ടുള്ളതെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗം കുറ്റപ്പെടുത്തി.
ജുഡീഷ്യൽ പരിശോധനയിൽ നില നിൽക്കില്ലെന്ന് ഉറപ്പുണ്ടെങ്കിലും കേന്ദ്ര ഭരണകക്ഷിയുടെ ചട്ടുകമായാണ് ഇ.ഡി പ്രവർത്തിക്കുന്നത്. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം എ.സി.മൊയ്തീന്റെ വീട് റെയ്ഡ് ചെയ്ത് കോടികൾ കണ്ടെത്തിയെന്ന് മാദ്ധ്യമങ്ങൾക്ക് കള്ള വാർത്ത നൽകുകയും ഭാര്യയുടെയും മകളുടെയും പേരിലുള്ള ബാങ്ക് അക്കൗണ്ട് കണ്ടുകെട്ടുകയും ചെയ്തു. കോടതി ഇ.ഡിയുടെ വാദങ്ങൾ തള്ളി ഈ പണം തിരികെ നൽകുകയായിരുന്നു. കൊടകരയിൽ 50 കോടിയുടെ കുഴൽപ്പണം ബി.ജെ.പി ഇറക്കിയത് കണ്ടില്ലെന്ന് നടിക്കുകയും പിന്നീട് കുറ്റപത്രത്തിൽ അവരെ ഒഴിവാക്കുകയും ചെയ്ത ഇ.ഡി, കൊടുങ്ങല്ലൂരിലെ കള്ളനോട്ട് കേസും ബി.ജെ.പിക്കായി തമസ്‌ക്കരിച്ചെന്നും സെക്രട്ടേറിയേറ്റ് കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |