വിഴിഞ്ഞം: എം.എസ്.സി എൽസയ്ക്ക് മുമ്പും കേരളത്തിന്റെ കടലിൽ മുങ്ങിത്താണ കപ്പലുകളിൽ രണ്ടെണ്ണം തിരുവനന്തപുരത്തിന്റെ കടലിനടിത്തട്ടിലുണ്ട്. 1754 ജനുവരിയിൽ വർക്കല ഭാഗത്ത് 43 മീറ്റർ ആഴത്തിൽ മുങ്ങിയ വിമ്മേനും എന്ന ഡച്ച് കപ്പലിന്റെ സ്ഥാനം പിൽക്കാലത്ത് അഞ്ചുതെങ്ങിലെ മത്സ്യത്തൊഴിലാളികളായ സുക്കൂറച്ഛൻ എന്ന സെബാസ്റ്റ്യനാണ് കണ്ടുപിടിച്ചത്. പിന്നീടതിനെ അഞ്ചുതെങ്ങ് കപ്പൽപാര് എന്നറിയപ്പെട്ടു.
2015 ജനുവരിയിൽ റോബർട്ട് പനിപ്പിള്ളയുടെ നേതൃത്വത്തിൽ ഫ്രണ്ട്സ് ഒഫ് മറൈൻ ലൈഫിന്റെ സ്കൂബാ ഡ്രൈവർമാർ കടലിനടിയിൽ നിന്നും അതിന്റെ ചിത്രം ആദ്യമായി പകർത്തി. വർക്കല ജഗന്നാഥസ്വാമി ക്ഷേത്രത്തിലെ ഡച്ചു മണിയാണ് ആ ചരിത്രത്തിലേക്കുള്ള വഴിതെളിച്ചത്.
1968 ആഗസ്റ്റിലാണ് രണ്ടാമത്തെ കപ്പൽ കടലിലേക്ക് മുങ്ങിത്താണത്. ക്രൂഡ് ഓയിലുമായി വന്ന ഗ്രീക്ക് കപ്പൽ കത്തിയമർന്ന് ശംഖുംമുഖത്തിനു സമീപം 55 മീറ്റർ ആഴമുള്ള കടലിലേക്ക് മുങ്ങി. വർഷങ്ങളോളം അവിടെ നിന്നും ക്രൂഡ് ഓയിൽ കടലിൽ ഒഴുകിയെന്നാണ് കണക്ക്.
ശംഖുംമുഖം കപ്പൽപാരെന്നറിയപ്പെടുന്ന ഗ്രീക്ക് ഓയിൽ ഷിപ്പിന്റെ സ്ഥാനം കണ്ടുപിടിച്ചത് പൂന്തുറയിലെ തോമസ്,ജോസ് എന്നീ രണ്ട് മത്സ്യത്തൊഴിലാളികളുടെ നീണ്ട കഠിന ശ്രമമാണ്. ഇവരുടെ കഠിന ശ്രമങ്ങളെ പിന്നീട് റോബർട്ട് പനിപ്പിള്ള എഴുതിയ കടലറിവുകളും നേരനുഭവങ്ങളും എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
യൂറോപ്യൻ യൂണിയന്റെ സാമ്പത്തിക സഹായത്തോടെ ഡോ.ബിജുകുമാറിന്റെ നേതൃത്വത്തിൽ കേരള യൂണിവേഴ്സിറ്റി അക്വാട്ടിക് ബയോളജി ഡിപ്പാർട്മെന്റ് 2024ൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് അതിന്റെ ചിത്രം പകർത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |