ആറ്റിങ്ങൽ: മഴമറയിലൂടെ കർഷകർക്കിടയിലും ഹൈടെക്ക് കൃഷി രീതികൾ വരുന്നു. നാട്ടിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ സംരക്ഷിത കൃഷിരീതിയാണ് മഴമറ കൃഷി. മഴയിൽ നിന്നും വിളകളെ സംരക്ഷിക്കുകയാണ് മഴമറയുടെ പ്രധാന ലക്ഷ്യം. വീടുകളിൽ കൃഷി ചെയ്യുന്നവർക്ക് ടെറസിലോ വീടിന് ചുറ്റുമുള്ള തുറസായ സ്ഥലത്തോ മഴമറ പണിത് അമിതമായ മഴയുള്ള സമയത്തും പച്ചക്കറി കൃഷി ചെയ്യാൻ ഇതിലൂടെ സാധിക്കും. മഴമറയുടെ മേൽക്കൂരയ്ക്കായി പരമാവധി സൂര്യപ്രകാശം കടത്തിവിടുന്ന സുതാര്യമായ 200 മൈക്രോൺ കനമുള്ള യു.വി സ്റ്റെബിലൈസ്ഡ് പോളിഷീറ്റുകളാണ് ഉപയോഗിക്കേണ്ടത്.4.5 മീറ്റർ, 5.5 മീറ്റർ,7മീറ്റർ,9മീറ്റർ എന്നീ വീതികളിലുള്ള ഷീറ്റുകൾ വിപണിയിൽ ലഭ്യമാണ്. മുള,കവുങ്ങ്,കാറ്റാടി,ഇരുമ്പ് പൈപ്പ് എന്നിവയിൽ ഏതെങ്കിലും മഴമറയുടെ ചട്ടക്കൂടിനായി ഉപയോഗിക്കാവുന്നതാണ്.
ചെലവ് കുറയ്ക്കാം
മുള,കവുങ്ങ്,കാറ്റാടി എന്നിവയിൽ ഉപയോഗിച്ച് ചെയ്താൽ ചെലവ് കുറയ്ക്കാം. വീടുകളിൽ ചെറിയ രീതിയിൽ ഷീറ്റ് എളുപ്പത്തിൽ അഴിച്ചെടുക്കാൻ പറ്റുന്ന രീതിയിൽ ചെയ്യുന്നവർക്ക് മഴക്കാലം കഴിഞ്ഞ് കഴുകി സൂക്ഷിച്ചാൽ ഷീറ്റ് കൂടുതൽ കാലം ഈട് നിൽക്കുന്നതിനും വേനൽക്കാലത്ത് ഇതിനടിയിലുള്ള കനത്ത ചൂട് ഒഴിവാക്കാനും സാധിക്കും. നല്ല രീതിയിൽ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ചെയ്യുന്നവർ മഴമറ ചെയ്യുന്ന വിദഗ്ദ്ധരായ തൊഴിലാളികളെക്കൊണ്ട് ചെയ്യിക്കണം. അതിനുള്ളിലെ താപനില നിയന്ത്രിക്കുന്നതിനായി തറ വിസ്തീർണത്തിനനുസരിച്ച് കൃത്യമായ ഉയരം കൊടുക്കേണ്ടതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സൂര്യപ്രകാശം പരമാവധി ലഭിക്കുന്ന തുറസായ സ്ഥലം വേണം നിർമ്മാണത്തിന് തിരഞ്ഞെടുക്കാൻ
തെക്കു വടക്ക് ദിശയാണ് അഭികാമ്യം
ചട്ടക്കൂടിലെ കൂർത്ത ഭാഗങ്ങൾ ഷീറ്റ് മുറിയാൻ ഇടയാക്കുമെന്നതിനാൽ അവ ഒഴിവാക്കണം
ഷീറ്റിൽ പൊടി പിടിച്ചാൽ സൂര്യപ്രകാശം ലഭിക്കുന്നത് കുറയും.അതിനാൽ ഷീറ്റ് വെള്ളം,തുണി എന്നിവ ഉപയോഗിച്ച് കഴുകണം
ടെറസിന്റെ മുകളിൽ മഴമറ നിർമ്മിക്കുമ്പോൾ, ഷീറ്റ് ഇടയ്ക്ക് കഴുകാൻ കഴിയുന്നവിധം നിർമ്മിക്കണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |