ശില്പി ഉണ്ണി കാനായിയുടെ പണിപ്പുര എം.വി. ഗോവിന്ദൻ സന്ദർശിച്ചു
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ ശില്പം തലസ്ഥാന നഗരിയിൽ ഒരുങ്ങുന്നു. കോർപ്പറേഷന്റെ ആവശ്യപ്രകാരം പ്രമുഖ ശില്പി ഉണ്ണി കാനായിയാണ് ജനപ്രിയ നേതാവ് നായനാരുടെ പത്തടി ഉയരമുള്ള മെറ്റൽ ഗ്ളാസ് ശില്പം തയ്യാറാക്കുന്നത്. കാനായിലുള്ള ശില്പിയുടെ പണിപ്പുരയിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെത്തി ശില്പം നോക്കിക്കാണുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ചെറുപുഞ്ചിരിയോടെ മുന്നോട്ട് നടക്കുന്ന രൂപത്തിലുള്ള ശില്പത്തിന്റെ വസ്ത്രവും പേനയും വാച്ചും ചെരുപ്പുമടക്കം, മുഖഭാവത്തെക്കുറിച്ചും ഗോവിന്ദൻ ശില്പിയുമായി സംസാരിച്ച് അഭിപ്രായം പ്രകടിപ്പിച്ചു. കളിമണ്ണിൽ നിർമ്മിച്ചെടുക്കുന്ന ശില്പത്തിന്റെ ആദ്യരൂപം ഏകദേശം രണ്ടാഴ്ച കൊണ്ട് പൂർത്തിയാകും. ശേഷം മോൾഡെടുത്ത് അടുത്തഘട്ടമായ കാസ്റ്റിംഗ് ജോലിയിലേക്ക് കടക്കുമെന്ന് ഉണ്ണി കാനായി പറഞ്ഞു.ശില്പ നിർമ്മാണത്തിന് സഹായികളായി സുരേഷ് അമ്മാനപ്പാറ,വിനേഷ് കൊയക്കീൽ,ബാലൻ പാച്ചേനി,യദുരാഗ്,ടി.കെ.അർജ്ജുൻ എന്നിവരുമുണ്ട്. എം.വിജിൻ എം.എൽ.എ, മുൻ എം.എൽ.എ ടി.വി.രാജേഷ്,സി.പി.എം ഏരിയാ കമ്മിറ്റി അംഗം പി.ഗംഗാധരൻ എന്നിവരും ഗോവിന്ദനൊപ്പം ശില്പം കാണാനെത്തിയിരുന്നു. കഴിഞ്ഞ ആഴ്ച മേയർ ആര്യാ രാജേന്ദ്രനും സഹപ്രവർത്തകരും കാനായിലെത്തി ശില്പം വിലയിരുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |