സംഭവം ചാക്ക ഐ.ടി.ഐക്കു സമീപം മൂന്നുനില വീട്ടിൽ
തിരുവനന്തപുരം: വീട്ടിൽ രഹസ്യ അറകളുണ്ടാക്കി വൻതോതിൽ കഞ്ചാവ് മയക്കുമരുന്ന് മൊത്തക്കച്ചവടം നടത്തിയയാൾ പിടിയിൽ.ചാക്ക ഐ.ടി.ഐക്കു സമീപം താമസിക്കുന്ന അനീഫ് ഖാനെയാണ് (42) എക്‌സൈസ് എൻഫോഴ്സ്‌മെന്റ് സ്ക്വാഡും എക്‌സൈസ് ഐ.ബിയും ചേർന്ന് പിടികൂടിയത്. 13കിലോ കഞ്ചാവും ചെറിയ അളവിൽ എം.ഡി.എം.എയും ഇവ തൂക്കാനുപയോഗിക്കുന്ന ത്രാസുകൾ, മയക്കുമരുന്ന് നിറയ്ക്കാനുപയോഗിക്കുന്ന ചെറിയ പ്ലാസ്റ്റിക്ക് പായ്ക്കറ്റുകൾ എന്നിവ പിടിച്ചെടുത്തു. ചാക്ക ഐ.ടി.ഐക്കു സമീപം ജനവാസ മേഖലയിലാണ് ഇയാളുടെ മൂന്നുനില വീട്.വീട്ടിലെ രണ്ടാം നിലയിലാണ് രണ്ട് രഹസ്യ അറകൾ നിർമ്മിച്ചിരുന്നത്. രണ്ടാം നിലയിലെ ചുമരിന്റെ മുകളിൽ തടി പാനൽ ചെയ്തിട്ടുണ്ട്. വിശദമായ പരിശോധനയ്ക്കിടയിലാണ് ഈ പാനലുകൾക്കിടയിൽ ഒരു നട്ടുള്ളത് എക്‌സൈസ് സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്.ഈ നട്ട് ഇളക്കിയപ്പോൾ പാനൽ അനങ്ങുന്നത് കണ്ട് തള്ളിനോക്കിയപ്പോഴാണ് അകത്ത് അറ കണ്ടത്. ഇതിനകത്ത് പത്തുപേർക്കെങ്കിലും കടക്കാനുള്ള സൗകര്യമുണ്ടായിരുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇതേ നിലയിലെ വാഷ്‌ബേയ്സിന്റെ താഴെയുള്ള ഷെൽഫിന് പിന്നിലായിരുന്നു രണ്ടാമത്തെ അറ. പരിശോധിച്ചപ്പോൾ ഷെൽഫ് പൂർണമായി ഇളകി പുറത്തേക്ക് വന്നു. അകത്തേക്ക് ഒരാൾക്ക് കുനിഞ്ഞ് കയറാവുന്ന ഒരു വാതിലുണ്ടായിരുന്നു. ഇതുവഴി കടന്നാൽ ഒരു മുറിയുടെ പൊക്കമുള്ള വലിയൊരു അറയായിരുന്നു.ആയിരം കിലോയോളം കഞ്ചാവ് രഹസ്യമായി സൂക്ഷിക്കാവുന്ന തരത്തിലുള്ളതാണ് അറകൾ. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ കൃഷ്ണകുമാറിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ക്വാഡിലെ എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ടി.ആർ.മുകേഷ് കുമാർ,കെ.വി.വിനോദ്, ആർ.ജി.രാജേഷ്,പ്രിവന്റീവ് ഓഫീസർ വിശാഖ്,ഷാജി,പ്രകാശ്,ബിജുരാജ്,സിവിൽ എക്‌സൈസ് ഓഫീസർമാരായ സുബിൻ,വിശാഖ് എന്നിവരാണ് അന്വേഷണത്തിനും പരിശോധനയ്ക്കും നേതൃത്വം നൽകിയത്. തിരുവനന്തപുരം എക്‌സൈസ് ഇൻസ്‌പെക്ടർ റെജിലാലിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. 2024ൽ വാനിൽ രഹസ്യ അറയുണ്ടാക്കി 20കിലോ കഞ്ചാവ് കടത്തിയതിന് അനീഫ് ഖാനെ പാച്ചല്ലൂർ ബൈപ്പാസിൽ വച്ച് എക്‌സൈസ് പിടികൂടിയിരുന്നു. മയക്കുമരുന്നുമായി കഴക്കൂട്ടത്ത് വച്ചും അനീഫ് ഖാൻ പിടിയിലായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |