വെഞ്ഞാറമൂട്: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ അവസാന കുറ്റപത്രവും അന്വേഷണസംഘം സമർപ്പിച്ചു.വെഞ്ഞാറമൂട് പേരുമല സൽമാസിൽ അഫാൻ(25) പെൺ സുഹൃത്തിനെയും ഉറ്റ ബന്ധുക്കളെയുമടക്കം 5 പേരെ കൊലപ്പെടുത്തിയ കേസിലെ, മൂന്നാമത്തേതും അവസാനത്തേതുമായ കുറ്റപത്രമാണ് സമർപ്പിച്ചത്. ആദ്യ കുറ്റപത്രം 23നും രണ്ടാമത്തെ കുറ്റപത്രം 27നും അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചിരുന്നു.
ഫെബ്രുവരി 24നാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ കൊലപാതകങ്ങൾ നടന്നത്.കടബാദ്ധ്യത രൂക്ഷമായപ്പോൾ കൂട്ട ആത്മഹത്യ ചെയ്യാൻ കുടുംബം തീരുമാനിച്ചിരുന്നു.എന്നാൽ സാമ്പത്തികമായി തങ്ങളെ സഹായിക്കാതിരുന്നവരെ കൊലപ്പെടുത്താൻ അഫാൻ തന്നെ തീരുമാനിക്കുകയായിരുന്നുവെന്നാണ് കുറ്റപത്രത്തിൽ സൂചിപ്പിക്കുന്നത്.
കൂട്ടക്കൊലപാതകം മൂന്ന് കേസുകളായാണ് രജിസ്റ്റർ ചെയ്തിരുന്നത്. ആദ്യ കേസ് പിതൃമാതാവ് സൽമാബീവിയെ കൊലപ്പെടുത്തിയതാണ്. പാങ്ങോട് പൊലീസാണ് ഈ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ അറസ്റ്റ് രേഖപ്പെടുത്തി 89-ാം ദിവസം ആദ്യ കുറ്റപത്രം സമർപ്പിച്ചു.
അഫാന്റെ പിതൃസഹോദരൻ പുല്ലമ്പാറ എസ്.എൻ പുരം ആലമുക്ക് ജസ്‌ലാ മൻസിലിൽ ലത്തീഫ്,ഭാര്യ സാജിതാ ബീവി എന്നിവരെ ഇവരുടെ വീട്ടിലെത്തി കൊലപ്പെടുത്തിയ കേസിലാണ് രണ്ടാമത്തെ കുറ്റപത്രം. അഫാന്റെ സ്വന്തം വീട്ടിൽ വച്ച് ഇളയ സഹോദരൻ അഹ്സാൻ,പെൺസുഹൃത്ത് ഫർസാന എന്നിവരെ കൊലപ്പെടുത്തിയ കേസിലെ അവസാനത്തെ കുറ്റപത്രമാണ് ഇന്നലെ കോടതിയിൽ ഹാജരാക്കിയത്.നെടുമങ്ങാട് സബ് ജുഡിഷ്യൽ മജിസ്ട്രേട്ട് മുൻപാകെ അന്വേഷണ ഉദ്യോഗസ്ഥനായ വെഞ്ഞാറമൂട് എസ്.എച്ച്.ഒ ആർ.പി.അനൂപ് കൃഷ്ണയാണ് കുറ്റപത്രം സമർപ്പിച്ചത്.800 പേജുള്ള കുറ്റപത്രത്തിൽ 140 സാക്ഷികളെയും 180 തൊണ്ടിമുതലുകളുടെയും വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.കൂടാതെ ഡിജിറ്റൽ തെളിവുകളും ഹാജരാക്കിയിട്ടുണ്ട്.
ആരോഗ്യസ്ഥിതിയിൽ മാറ്റമില്ല
മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന അഫാന്റെ നിലയിൽ പുരോഗതിയില്ല.മരുന്നുകളോട് നേരിയ പ്രതികരണമേയുള്ളൂ.എം.ആർ.ഐ സ്കാൻ പോലുള്ള കൂടുതൽ പരിശോധന നടത്തി സ്ഥിതി വിലയിരുത്തുകയാണെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |