ചാവക്കാട്: ഒമ്പതുവയസുള്ള പെൺകുട്ടിയെ മദ്രസയിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പറായ മദ്രസ അദ്ധ്യാപകന് 37 വർഷം കഠിന തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടയ്ക്കാത്ത പക്ഷം നാല് വർഷവും രണ്ട് മാസവും കൂടി അധികതടവ് അനുഭവിക്കണം. പൊതുപ്രവർത്തകനും മദ്രസ അദ്ധ്യാപകനുമായ മുല്ലശ്ശേരി തിരുനെല്ലൂർ പുതിയവീട്ടിൽ കുഞ്ഞുമുഹമ്മദ് മകൻ മുഹമ്മദ് ഷെരീഫിനെയാണ് (52) ചാവക്കാട് അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്ജി അൻയാസ് തയ്യിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
2022 ജൂലായ് മുതൽ 2023 ആഗസ്റ്റ് 28 വരെയുള്ള കാലഘട്ടത്തിൽ ഒന്നാംപ്രതി പലതവണ മദ്രസയിലെ ക്ലാസ് മുറിയിൽ വെച്ച് പീഡിപ്പിക്കുകയും പുറത്തുപറഞ്ഞാൽ മാർക്ക് കുറയ്ക്കുമെന്നും തോല്പിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി എന്നതാണ് പ്രോസിക്യൂഷൻ കേസ്.
രണ്ടാം പ്രതിയായ മദ്രസയിലെ പ്രധാനദ്ധ്യാപകനായിരുന്ന പാലക്കാട് സ്വദേശി അബ്ബാസിനോട് കുട്ടി വിവരം വെളിപ്പെടുത്തിയെങ്കിലും മറച്ചുവച്ചതിന് 10,000 രൂപ പിഴ ശിക്ഷയും പിഴ അടയ്ക്കാത്ത പക്ഷം ഒരു മാസം തടവിനും ശിക്ഷിച്ചു. പിഴത്തുക കുട്ടിക്ക് നൽകാനും കോടതി വിധിച്ചു. ചൈൽഡ് ലൈനിൽ നിന്നും വിവരം ലഭിച്ച പാവറട്ടി പൊലീസ് ജി.എസ് സി.പി.ഒ ബിന്ദു കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. എസ്.ഐ എം.എൻ.ഉണ്ണികൃഷ്ണൻ എഫ്.ഐ.ആറിട്ട കേസിൽ എസ്.ഐ പി.എസ്.സോമൻ തുടരന്വേഷണം നടത്തി പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |