പാലോട്: പശുവളർത്തലിൽ വിജയക്കൊടിപാറിച്ച മലയോരത്തെ ക്ഷീരകർഷകർക്ക് പ്രതിസന്ധിയായി മഴക്കാലമെത്തി. വാമനപുരം നദിയെ പ്രയോജനപ്പെടുത്തി നിരവധി പേരാണ് മലയോരത്ത് കാലിവളർത്തുന്നത്. പാൽലഭ്യത കണക്കിലെടുത്ത് വിലകൂടിയ സങ്കരയിനം പശുക്കളെയാണ് ഇവർ പരിപാലിക്കുന്നത്. ഇവരുടെ ഉപജീവനമാർഗം കൂടിയായിരുന്നു കാലിവളർത്തൽ. മഴക്കാലമായാൽ കാലികളുടെ രോഗപ്രതിരോധശേഷി കുറയുന്നതായാണ് കണ്ടുവരുന്നത്. ഒപ്പം കാലികളുടെ ജീവനുതന്നെ ഭീഷണിയാകുന്ന നിരവധി രോഗങ്ങളും തലപൊക്കും.
മഴക്കാലത്തെ പ്രധാന രോഗങ്ങൾ
വയറിളക്കം,പൂപ്പൽ വിഷബാധ, അകിടുവീക്കം,മുടന്തൻ പനി
മഴക്കാലമെത്തുമ്പോൾ കിളിർത്തുവരുന്ന പച്ചപ്പുല്ല് കാലികൾക്ക് സാധാരണ നൽകാറുണ്ട്. ഇത് പലപ്പോഴും വയറിളക്കത്തിന് കാരണമാകുന്നുണ്ട്. അതിനാൽ ആദ്യം കുറച്ച് നൽകുക, ക്രമേണ അളവ് കൂട്ടുക.
കാലിത്തീറ്റ, പിണ്ണാക്ക്, വൈക്കോൽ എന്നിവയിൽ കാലാവസ്ഥ മാറ്റമുണ്ടാകുമ്പോൾ പൂപ്പൽ ബാധ ഉണ്ടാകാറുണ്ട്. അസ്പർ ജില്ലസ് ഇനത്തിൽ പെട്ട പൂപ്പൽ ഉണ്ടാക്കുന്ന അഫ്ലോടോക്സിൻ എന്ന വിഷാംശമാണ് പൂപ്പൽ വിഷബാധയ്ക്ക് കാരണം. രുചിക്കുറവ്, ശരീരം ക്ഷയിക്കൽ,പാലുത്പാദനക്കുറവ്, ഗർഭമലസൽ, വന്ധ്യത എന്നിവയാണ് ലക്ഷണങ്ങൾ. വിഷാംശം കരളിനെ ബാധിച്ചാൽ കാലികൾ ചത്തുപോകാറുണ്ട്.
പരിഹാരം: കാലിത്തീറ്റ നൽകുന്ന പാത്രം ദിവസേന വൃത്തിയാക്കണം. തീറ്റ ചാക്കുകൾ പലകപ്പുറത്ത് ഭിത്തിയിൽ തട്ടാതെ വയ്ക്കണം. നനവ് ഒഴിവാക്കണം. കടലപ്പിണ്ണാക്കിൽ പൂപ്പൽ ബാധ കൂടുതലാകുന്ന സാഹചര്യത്തിൽ മഴക്കാലങ്ങളിൽ ഇത് ഒഴിവാക്കുന്നതാണ് നല്ലത്.
അകിടുവീക്കം...
സങ്കരയിനം പശുക്കളിൽ വ്യാപകമായി കണ്ടുവരുന്ന രോഗമാണ് അകിടുവീക്കം. ബാക്ടീരിയ, വൈറസ്,ഫംഗസ്,മൈക്കോപ്ലാസ്മ,ഇനത്തിൽ പെട്ട നിരവധി രോഗാണുക്കളാണ് പ്രധാന കാരണം. അകിടിന് നീര്,പനി,പാലിന് നിറവ്യത്യാസം,തീറ്റമടുപ്പ്,നടക്കാനുള്ള ബുദ്ധിമുട്ട് എന്നിവ പ്രധാന ലക്ഷണങ്ങൾ.
മുടന്തൻ പനി:
മഴക്കാലമാകുന്നതോടെ കന്നുകാലികളിൽ കണ്ടുവരുന്ന ഒരു സാംക്രമിക രോഗമാണ് മുടന്തൻ പനി. ശക്തിയായ പനി,തീറ്റ മടുപ്പ്,ശരീരം വിറയൽ,നടക്കാൻ ബുദ്ധിമുട്ട് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഈച്ചയാണ് രോഗം പരത്തുന്നത്. രോഗലക്ഷണങ്ങൾ മൂന്ന് ദിവസത്തോളം നീണ്ടു നിൽക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |