തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയും,കടൽ ശാന്തമാകാത്തതിനാലും മുതലപ്പൊഴി ഹാർബർ നിർമ്മാണം നീണ്ടുപോകുന്നു.നിരവധി മത്സ്യത്തൊഴിലാളികളുടെ ജീവൻ പൊലിഞ്ഞ മുതലപ്പൊഴിയിൽ,ഹാർബർ നിർമ്മാണം പൂർത്തിയായാൽ സ്ഥിതിഗതികൾക്ക് വലിയ മാറ്റം വരും.
സെപ്തംബറോടുകൂടി കടൽ ശാന്തമാകുമെന്നും ജോലികൾ തുടങ്ങാനാകുമെന്നുമാണ് വിലയിരുത്തൽ.ആദ്യ ഘട്ടത്തിൽ പുലിമുട്ടിന്റെ നിർമ്മാണമാണ് നടത്തുന്നത്.കാസർകോട്ടുള്ള കമ്പനിയാണ് പുലിമുട്ട് നിർമ്മാണത്തിന് കരാറെടുത്തിരിക്കുന്നത്.മറ്റ് ജോലികൾക്ക് വേറെ ടെൻഡറുകളാണ് നൽകിയിരിക്കുന്നത്. തിരമാലകൾ കുറയാതെ പുലിമുട്ടിനുള്ള കല്ലുകൾ സ്ഥാപിച്ചാൽ അവ ചിതറി ഉപയോഗശ്യൂന്യമായി മാറും.അതുകൊണ്ട് കടൽ ശാന്തമായാലേ ജോലികൾ ആരംഭിക്കാൻ സാധിക്കൂ.
പുലിമുട്ടിന് മുകളിൽ സ്ഥാപിക്കാനുള്ള നാല് കാലുള്ള ടെട്രാപോഡ് നിർമ്മാണത്തിന്റെ ജോലികൾ ഈ മാസം ആരംഭിക്കാനാകുമെന്നാണ് അധികൃതർ പറയുന്നത്.ഒരെണ്ണത്തിന് 8,10 ടൺ ഭാരമുള്ള ടെട്രോപോഡുകളാണ് മുതലപ്പൊഴിയിൽ സ്ഥാപിക്കുന്നത്.
ഹാർബർ നിർമ്മാണത്തിന് അനുവദിച്ചത് - 177 കോടി
60:40 അനുപാതത്തിലാണ് അംഗീകാരം നൽകിയത്
106.2 കോടി -പ്രധാനമന്ത്രി മത്സ്യ സമ്പത് യോജന വഴി
70.80 കോടി - കേരളത്തിന്റെ വിഹിതം
മേൽനോട്ടച്ചുമതല - ഹാർബർ എൻജിനിയറിംഗ് വകുപ്പിന്
പുലിമുട്ട് നിർമ്മാണം
നിലവിൽ ഇരുവശത്തും 420 മീറ്റർ നീളത്തിൽ പുലിമുട്ടുണ്ട്.ഇത് 420 മീറ്റർ നീളത്തിൽ കൂടി നിർമ്മിക്കും.
പെരുമാതുറയിൽ വാർഫ്
പെരുമാതുറ സൈഡിൽ 50 മീറ്റർ വാർഫുണ്ട് (ബോട്ടുകൾ അടക്കുന്ന സ്ഥലം). അവിടെ 50 മീറ്റർ വാർഫും കൂടി അധികമായി നിർമ്മിക്കും.ഇതുകൂടാതെ മത്സ്യങ്ങൾ ലേലം ചെയ്യാനുള്ള കെട്ടിടവും നിർമ്മിക്കും.
താഴംപ്പള്ളിയിൽ വാർഫുണ്ട് അവിടെ
മത്സ്യങ്ങൾ ലേലം ചെയ്യാനുള്ള കെട്ടിടവും നിർമ്മിക്കും.
ആധുനിക രീതി
ആധുനിക രീതിയിലാണ് ഹാർബർ നിർമ്മാണം.
അകത്തുള്ള റോഡ് നവീകരണം, പാർക്കിംഗ് ഏരിയാ, പുതിയ ഡ്രെയിനേജ് സംവിധാനം, ലോഡിംഗ് ഏരിയ നവീകരണം,ഓവർഹെഡ് വാട്ടർ ടാങ്ക് നിർമ്മാണം, തൊഴിലാളികളുടെ വിശ്രമകേന്ദ്രം, കടകൾ, ഡോർമിറ്ററി, ഗേറ്റ്, ലേല ഹാൾ, ലാൻഡ്സ്‌കേപ്പിംഗ്, നിലവിലുള്ള ഘടനകളുടെ നവീകരണം, വൈദ്യുതീകരണം, യാർഡ്‌ലൈറ്റിംഗ്, പ്രഷർ വാഷറുകൾ, ശുചീകരണ ഉപകരണങ്ങൾ, നിരീക്ഷണ സംവിധാനം സ്ഥാപിക്കൽ, നാവിഗേഷൻ ലൈറ്റ്, മെക്കാനിക്കൽ കൺവെയർ സിസ്റ്റം ആൻഡ് ഓട്ടോമേഷൻ മുതലായവ നടത്തും.
ലാൻഡിംഗ് സംവിധാനം എളുപ്പമാകും
ഹാർബറിന്റെ വിപുലീകരിക്കുന്നതോടെ 415 യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകൾക്ക് ലാൻഡ് ചെയ്യാൻ സൗകര്യം ഉണ്ടായിരിക്കും. അതുവഴി പ്രതിവർഷം 38142 മെട്രിക് ടൺ മത്സ്യം ഇറക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. ഈ പദ്ധതി കൊണ്ട് ഏകദേശം 10,000ത്തോളം ആളുകൾക്ക് നേരിട്ടും അത്രയുംതന്നെ ആൾക്കാർക്കു പരോക്ഷമായും പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |