വിഴിഞ്ഞം: കടൽ മാലിന്യ മുക്തമാക്കാൻ തുടങ്ങി വിവിധ പദ്ധതികൾ നടപ്പിലാക്കുമ്പോഴും കടലിൽ മാലിന്യങ്ങൾ തള്ളുന്നതായി പരാതി. വിഴിഞ്ഞം ഹാർബർ റോഡിൽ കടൽ തീരത്ത്
പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കെട്ടിക്കിടക്കുകയാണ്. കോസ്റ്റ് ഗാർഡും സന്നദ്ധ സംഘടനകളും ഉൾപ്പെടെ പലതവണ തീരശുചീകരണ യജ്ഞങ്ങളും ബോധവത്കരണങ്ങളും നടത്തി മാലിന്യങ്ങൾ നീക്കം ചെയ്ത് തീരം ശുചീകരിക്കുകയും കടലിലേക്ക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് മൂലമുണ്ടാകുന്ന ഭവിഷ്യത്തുക്കളെ കുറിച്ച് ബോധവത്കരിച്ചിട്ടും മാലിന്യനിക്ഷേപത്തിന് അറുതിയാകുന്നില്ല.
വിഴിഞ്ഞം ഹാർബർ റോഡിൽ മൈലാഞ്ചിക്കല്ല് മുതൽ ചെറുമണൽ വരെയുള്ള കടൽതീരത്ത് കടലിനോട് ചേർന്ന് വലിയ മാലിന്യക്കൂമ്പാരങ്ങൾ കാണാം. പരിസരവാസികളും പുറത്ത് നിന്നെത്തുന്നവരും മാലിന്യങ്ങൾ കടലിലേക്ക് തള്ളുന്നതിനാലാണ് വലിയ തോതിൽ ഇവിടെ മാലിന്യങ്ങൾ കെട്ടിക്കിടക്കാൻ കാരണം. പാറകൾ നിറഞ്ഞ കടൽ തീരത്ത് കുന്ന് കൂടുന്ന മാലിന്യങ്ങൾ കടലിലേക്ക് എത്തുന്നത് കടലിലെ ആവാസ വ്യവസ്ഥയെയും മത്സ്യ സമ്പത്തിന്റെ നിലനില്പിനെയും സാരമായി ബാധിക്കും.
കൂടാതെ മാലിന്യങ്ങളിൽ നിന്നുള്ള ദുർഗന്ധം വിദേശസഞ്ചാരികൾ ഉൾപ്പെടെയുള്ളവർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്.
കടൽജീവികൾക്ക് ഭീഷണിയായി പ്ലാസ്റ്രിക്ക്
കടലിലെ മലിനീകരണം നിയന്ത്രിക്കാൻ നടപടിയായില്ലെങ്കിൽ 2040തോടെ കടലിലെ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ മൂന്നിരട്ടി വർദ്ധനവ് രേഖപ്പെടുത്തുമെന്നാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയ യു.എസ് അടിസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സംഘടന ചൂണ്ടിക്കാണിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ മത്സ്യം, കടൽ പക്ഷികൾ, കടൽ ഉരഗങ്ങൾ, സമുദ്ര സസ്തനികൾ എന്നിവയ്ക്കും ഗുരുതര ഭീഷണി ഉണ്ടാക്കുന്നതായി പഠനങ്ങൾ പറയുന്നു. 2050 ആകുമ്പോഴേക്കും സമുദ്രങ്ങളിൾ മത്സ്യത്തെക്കാൾ കൂടുതൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉണ്ടാകുമെന്ന് 2017ൽ ഐക്യരാഷ്ട്രസഭയും കണ്ടെത്തിയിട്ടുണ്ട്.
മൈക്രോ പ്ലാസ്റ്റിക്
മാലിന്യങ്ങൾ വർദ്ധിച്ചു
പ്രളയത്തിനുശേഷം കടലിൽ മൈക്രോ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഏഴു മടങ്ങ് വർദ്ധിച്ചതായി കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡിസും കോഴിക്കോട് എൻ.ഐ.ടിയും നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയിരുന്നു. കടലിൽ വിവിധതരത്തിലുള്ള മാലിന്യങ്ങളുടെ തോത് വർഷംതോറും വർദ്ധിക്കുകയാണ്. ഓരോ വർഷവും സമുദ്രത്തിലെത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ മാത്രം എട്ട് ദശലക്ഷം ടണ്ണാണെന്നാണ് കണ്ടെത്തൽ.
പഠനങ്ങൾ തെളിയിക്കുന്നു
കടലിലെത്തുന്ന മാലിന്യങ്ങളുടെ 80 ശതമാനവും കരയിലെ പ്രവർത്തനങ്ങളുടെ ഭാഗമായുള്ളതാണ്. ഭൂമിയിലെ 94 ശതമാനം ജൈവസാന്നിധ്യവും സമുദ്രത്തിലാണ്. എന്നാൽ സമുദ്രത്തിലെ രൂക്ഷമായ മലിനീകരണം കാരണം അവ ഇല്ലാതാകുന്നതിനാൽ ഭൂമിയുടെ സന്തുലനാവസ്ഥ തെറ്റിത്തുടങ്ങിയതായും പഠനങ്ങൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |