കുണ്ടറ: ഡ്യൂട്ടിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ കല്ലുകൊണ്ട് തലയ്ക്കിടിച്ച് പരിക്കേൽപ്പിച്ച യുവാവിനെ പിടികൂടി. തൃക്കടവൂർ കുരീപ്പുഴ തൈവിള കിഴക്കേതിൽ ജോസഫ് ഹെൻട്രിയെയാണ് (26) കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. കുണ്ടറ അലിൻഡിന് സമീപം പൊലീസ് വാഹന പരിശോധന നടത്തവേ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ജോസഫ് ഹെൻട്രി ബൈക്കിലെത്തി. കസ്റ്രഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ ഇയാൾ താഴെ നിന്ന് കല്ലെടുത്ത് സിവിൽ പൊലീസ് ഓഫീസർ ഷിന്റോയെ ഇടിക്കുകായിരുന്നു. തലയ്ക്ക് പിന്നിൽ ഇടിയേറ്റ ഷിന്റോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. തുടർന്ന് മറ്റ് ഉദ്യോഗസ്ഥരെയും ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ പൊലീസ് സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു.
നരഹത്യാശ്രമം, കൃത്യനിർവഹണം തടസപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തു. വിവിധ സ്റ്റേഷനുകളിലായി കൊലപാതകശ്രമം അടക്കം നിരവധി കേസുകളിലെ പ്രതിയാണ് ജോസഫ് ഹെൻട്രിയെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |