SignIn
Kerala Kaumudi Online
Friday, 26 April 2024 10.57 PM IST

ഗ്രാമങ്ങളിൽ പ്രഖ്യാപനത്തിൽ ഒതുങ്ങി പ്ലാസ്റ്റിക് നിരോധനം

plastic

വെള്ളറട: അതിർത്തിക്കപ്പുറം തമിഴ്നാട്ടിൽ പ്ലാസ്റ്രിക്കിന്റെ ഉപയോഗവും നിർമ്മാണവും നിരോധിച്ചതോടെ അതിർത്തിക്കിപ്പുറം കച്ചവടം പൊടിപൊടിക്കുകയാണ്. തമിഴ്നാട്ടിൽ പ്ലാസ്റ്റിക്ക് നിർമ്മാണ ഫാക്ടറികൾ അടച്ചുപൂട്ടുകയും ഉപയോഗം നിരോധിച്ചുകൊണ്ട് നിയമനടപടി ശക്തമാക്കുകയും ചെയ്തതോടെ തമിഴ്നാട്ടിൽ നിന്നും അതിർത്തി കടന്ന് കേരളത്തിലേക്ക് പ്ലസ്റ്റിക് ക്യരിബാഗുകൾ എത്താൻ തുടങ്ങിയത്. അതേസമയം,​ കേരളത്തിന്റെ പ്ലാസ്റ്റിക് നിരോധനം പ്രഖ്യാപനത്തിൽ മാത്രമായി അവശേഷിക്കുകയാണ്..

മലയോരമേഖലയിലെ മിക്കപഞ്ചായത്തുകളും പ്ളാസ്റ്റിക്യാരി ബാഗുകളുടെയും പ്ളാസ്റ്റിക് പ്ളേറ്റുകളുടെയും ഉപയോഗം നിരോധിച്ചുകൊണ്ട് ഉത്തരവുകൾ പുറപ്പെടുവിക്കുകയും ബോധവത്കരണ സെമിനാറുകൾ സംഘടിപ്പിക്കുകയും ചെയ്തുവെങ്കിലും മാർക്കറ്റുകളിൽ ഇപ്പോഴും പ്ളാസ്റ്റിക് ക്യാരിബാഗുകളുടെയും നിരോധിക്കപ്പെട്ട മറ്റ് ഉത്പന്നങ്ങളുടെയും കച്ചവടം പൊടിപൊടിക്കുന്നു. ഹോട്ടലുകളിൽ പോലും പ്ളാസ്റ്റിക് കവറുകളിലും പ്ളാസ്റ്റിക് പേപ്പറുകളിലുമാണ് ചൂടുള്ള ഭക്ഷണങ്ങൾവരെ പാർസൽ ചെയ്ത് വിൽക്കുന്നത്. നിയന്ത്രണം പ്രഖ്യാപിച്ചിട്ടും നടപ്പിലാക്കാൻ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്നും കാര്യമായ നടപടികൾ ഉണ്ടാകാത്തതാണ് ഇതിന് കാരണം . വ്യാപാര സ്ഥാപനങ്ങളിൽ പ്ളാസ്റ്റിക് ക്യാരിബാഗുകളിൽ തന്നെയാണ് സാധനങ്ങൾ നൽകുന്നത്. ഇതോടെ ഗ്രാമങ്ങളിൽ നിന്നും പ്ളാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിക്കാൻ കർശന നടപടികൾ സ്വീകരിച്ചാൽ മാത്രമേ കഴിയുകയുള്ളു.

 പ്രയോജനമില്ലാതെ ബോധവത്കരണം

ബോധവത്കരണം കൊണ്ട് കാര്യമായ പ്രയോജനം ഉണ്ടായിട്ടില്ല. ഇപ്പോഴും ഗ്രാമങ്ങൾ പ്ളാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞു. രാത്രി കാലങ്ങളിൽ ദൂരസ്ഥലങ്ങളിൽ നിന്നുപോലും ഗ്രാമങ്ങളിലെ റോഡു വക്കുകളിൽ വ്യാപകമായാണ് പ്ളാസ്റ്റിക് മാലിന്യങ്ങൾ കൊണ്ടുവന്ന് നിക്ഷേപിക്കുകയാണ്. ഗ്രാമങ്ങൾ പ്ളാസ്റ്റിക് നിക്ഷേപ കേന്ദ്രങ്ങളായി മാറി. അതിർത്തിക്കപ്പുറത്ത് പ്ലാസ്റ്റിക് ഉത്പാദനം തടഞ്ഞുവെങ്കിലും അതീവ രഹസ്യമായി ഇവ കേരളത്തിൽ കച്ചവടത്തിന് എത്തിക്കുന്ന സംഘങ്ങൾ സജീവമാണ്. ഇവിടെയും ശക്തമായ നിയമനടപടികൾ സ്വീകരിച്ചാൽ മാത്രമേ പ്ളാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിക്കാൻ കഴിയുകയുള്ളു. വ്യാപകമായാണ് മത്സ്യചന്തകളിലും മറ്റു കടകളിലും ഇപ്പോൾ പ്ളാസ്റ്റിക് നിർമ്മിത ക്യാരിബാഗുകൾ ഉപയോഗിക്കുന്നത്. നിരോധനം പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങിയത് കച്ചവടക്കാർക്ക് ഏറെ ഗുണകരമായി.

പ്ലാസ്റ്റിക് അപകടകാരി

പ്ളാസ്റ്റിക്കിന്റെ ഉപയോഗംമൂലമുള്ള രോഗങ്ങളെ കുറിച്ചുള്ള കാര്യമായ അറിവ് ലഭിക്കാത്തതാണ് ഉപയോഗം വീണ്ടും വർദ്ധിക്കാൻ ഇടയാക്കുന്നത്. പ്ലാസ്റ്റിക് കത്തുമ്പോഴുണ്ടാകുന്ന പുക അത്യന്തം അപകടകരമാണ്. അർബുദം ഉണ്ടാകുന്നതിന് ഇതൊരു പ്രധാന കാരണമാണ്. അറിഞ്ഞോ അറിയാതെയോ ഈ പുക നമ്മൾ ശ്വസിക്കുമ്പോൾ ഇതിലടങ്ങിയിരിക്കുന്ന രാസപദാർഥങ്ങൾ നമ്മുടെ ശ്വാസകോശത്തിലൂടെ ശരീരത്തിലെത്തും. അർബുദത്തിന്റെ ഒരു പ്രധാന കാരണക്കാരനായിട്ടാണ് ഡോക്ടർമാർ പ്ലാസ്റ്റിക്കിനെ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ടാണ് പൊതുസ്ഥലത്ത് പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കത്തിക്കുന്നത് നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയത്. പ്ലാസ്റ്റിക് ഉത്പന്നങ്ങളിൽ വലിയൊരു വിഭാഗം തന്നെ കാർസിനോജൻ(അർബുദമുണ്ടാക്കാൻ കാരണക്കാരൻ) ആണെന്ന് ഡോക്ടർമാർ മുമ്പുതന്നെ പറഞ്ഞിട്ടുണ്ട്. പ്ലാസ്റ്റിക് കത്തുമ്പോൾ ഡയോക്സിൻ, ഫുറാൻസ്, കാർബൺ മോണോക്സൈഡ്, നൈട്രജൻ ഓക്സൈഡ് തുടങ്ങി നിരവധി മാരകമായ വിഷവാതകങ്ങളാണ് പുറംതള്ളപ്പെടുന്നത്. ഇവയെല്ലാം നാം ശ്വസിക്കുകയും ചെയ്യും.

ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ പ്ളാസ്റ്റിക് കച്ചവടവും ഉപയോഗവും തടയുന്നതിന് ഗ്രാമപഞ്ചായത്ത് കൂടുതൽ ജീവനക്കാരെ നിയോഗിച്ച് നിയമനടപടികൾ സ്വീകരിക്കണം. അതിനുവേണ്ട നടപടികൾ ഗ്രാമപഞ്ചായത്ത് സ്വീകരിക്കും. പ്ളാസ്റ്റിക്ക് ഉത്പന്നങ്ങൾ കൊണ്ടുള്ള കവറുകൾക്കു പകരം സാധനങ്ങൾ മാർക്കറ്റിൽ ലഭ്യമല്ലാത്തതാണ് പ്ളാസ്റ്റിക്കിന്റെ കച്ചവടത്തിന് കാരണം.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രാജ് മോഹനൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM, VELLARADA, PLASTIC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.