ആര്യനാട്: ആര്യനാട് പഞ്ചായത്തിലെ തോടുകളെയും നീരുറവകളെയും സംരക്ഷിക്കുന്നതിനായി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇനി ഞാൻ ഒഴുകട്ടെ പദ്ധതിക്ക് തുടക്കമായി. കരമനയാറിന്റെ തീരത്തുള്ള പഞ്ചായത്തിലെ എല്ലാ വാർഡുകളിലെയും ചെറുതും വലുതുമായ തോടുകളെയും നീരുറവകളെയും സംരക്ഷിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. വിജുമോഹൻ പറഞ്ഞു.
ഓരോ പ്രദേശങ്ങളിലേയും ജനകീയകൂട്ടായ്മയും തൊഴിലുറപ്പ് തൊഴിലാളികളും ഈ പദ്ധതിയുടെ ഭാഗമാകും. പഞ്ചായത്തിലെ മണ്ണിനെയും ജലത്തെയും പ്രകൃതിയേയും സംരക്ഷിക്കുകയയും പുതു തലമുറയെ മാലിന്യമുക്തമായ അന്തരീക്ഷത്തിൽ വളരാനും സൗകര്യമൊരുക്കയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ആദ്യഘട്ടത്തിൽ പഞ്ചായത്തിലെ കീഴ്പാലൂർ, മീനാങ്കൽ, പുറുത്തിപ്പാറ, തേവിയാരുകുന്ന്, പറണ്ടോട്, പൊട്ടൻചിറ വാർഡുകളെ ബന്ധിപ്പിച്ചുകൊണ്ട് പദ്ധതി ഉദ്ഘാടനംചെയ്തു. മീനാങ്കൽ കീഴ്പാലൂരിലെ പാറയം വിളാകം, ഒന്നാം പാലം, ഐത്തി, മൺപുറം, കുത്തുകുഴി, മൂന്നാറ്റുമുക്ക് എന്നിവിടങ്ങളെ തോടുകളെ സംരക്ഷിക്കുന്നതിനും തോടുകൾ മാലിന്യ മുക്തമാക്കുന്നതിനും കഴിയും. ഒരു തലമുറയ്ക്ക് തന്നെ ശുദ്ധജലം ലഭ്യമാക്കാൻ പഞ്ചായത്ത് നടത്തുന്ന ശ്രമങ്ങൾക്ക് മുഴുവൻ ജനങ്ങളുടെയും പിൻതുണ ഉണ്ടാകുമെന്നാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജുമോഹനും വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എൽ. കിഷോറും പറഞ്ഞു. ജി. സ്റ്റീഫൻ എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. വിജുമോഹൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷീജ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എൽ. കിഷോർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ജെ. അനീഷ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ കെ. മോളി, ജന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ................
ആര്യനാട് പഞ്ചായത്തിലെ ഇനി ഞാൻ ഒഴുകട്ടെ എന്ന പദ്ധതി പറണ്ടോട്ട് ജി.സ്റ്റിഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ,വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.എൽ.കിഷോർ എന്നിവർ സമീപം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |