SignIn
Kerala Kaumudi Online
Friday, 26 April 2024 9.02 AM IST

വിജയദശമി ദിനം ഭക്തിസാന്ദ്രം... ആദ്യക്ഷരം കുറിച്ച് കുരുന്നുകൾ

sss

തിരുവനന്തപുരം:വിജയദശമി ദിനത്തിൽ തലസ്ഥാനത്ത് ആദ്യക്ഷരം കുറിച്ചത് ആയിരത്തിലധികം കുരുന്നുകൾ. ജില്ലയിലെ ക്ഷേത്രങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലും കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്നു ചടങ്ങുകൾ. രജിസ്‌ട്രേഷൻ നടപടികളിലൂടെ പങ്കെടുക്കുന്നവരുടെ എണ്ണം മുൻകൂട്ടി നിശ്ചയിച്ചായിരുന്നു എല്ലായിടത്തും വിദ്യാരംഭം നടന്നത്.

ഐരാണിമുട്ടം തുഞ്ചൻ സ്‌മാരകത്തിൽ തുഞ്ചൻ പറമ്പിൽ നിന്നെത്തിച്ച മണലിൽ ഹരിശ്രീ എഴുതിയവർക്ക് ആചാര്യന്മാർ അഷ്‌ടദ്രവ്യവും താളിയോലയും നൽകി അനുഗ്രഹിച്ചു.ഡോ.ടി.ജി.രാമചന്ദ്രൻപിളള, കെ.വി.സുധാകരൻ, വിജയകൃഷ്‌ണൻ, ആറ്റുകാൽ ടി.കെ. ദാമോദരൻ നമ്പൂതിരി എന്നിവർ എഴുത്തിലും കാരയ‌്ക്കാമണ്ഡപം വിജയകുമാർ, പ്രൊഫ.പി.സുശീലാദേവി, മണക്കാട് ഗോപൻ, ഗായത്രി എന്നിവർ വിവിധ കലകളിലും ആചാര്യന്മാരായി.

കോട്ടയ്‌ക്കകം നവരാത്രി മണ്ഡപത്തിലും പൂജപ്പുര സരസ്വതി മണ്ഡപത്തിലും നിരവധി കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു.പൂജപ്പുര സരസ്വതിമണ്ഡപത്തിൽ നടന്ന വിദ്യാരംഭത്തിൽ ഡോ.ശശി തരൂർ എം.പി പങ്കെടുത്തു. രക്ഷിതാക്കളാണ് അധികം കുട്ടികളെയും എഴുത്തിനിരുത്തിയത്.ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ വ്യാസന്റെ നടയിൽ കുട്ടികളെ എഴുത്തിനിരുത്തി.ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ മേൽശാന്തി പി.ഈശ്വരൻ നമ്പൂതിരിയും വിദ്യാധിരാജ ചട്ടമ്പിസ്വാമി സ്‌മാരകത്തിൽ പ്രൊഫ.ശാന്തകുമാരിയും പടിഞ്ഞാറെക്കോട്ട വില്വമംഗലം ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിൽ പുഷ്‌പാഞ്ജലി സ്വാമിയാർ അച്യുത ഭാരതിയും കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ചു.

കരിക്കകം ചാമുണ്ഡിക്ഷേത്രത്തിൽ തന്ത്രി പുലിയന്നൂർ ഇല്ലത്ത് നാരായണൻ അനുജൻ നമ്പൂതിരിപ്പാട്, മേൽശാന്തി ശ്രീകൃഷ്‌ണരു മനോജ്, എ.ജയരാജൻ നമ്പൂതിരി, യജ്ഞാചാര്യൻ ഹരീഷ് ചന്ദ്രശേഖരൻ തുടങ്ങിയവർ കുരുന്നുകളെ എഴുത്തിനിരുത്തി. ശിവഗിരിമഠം,അരുവിപ്പുറം,ചെമ്പഴന്തി ശ്രീനാരായണഗുരുകുലം,തോന്നയ്‌ക്കൽ ആശാൻ സ്‌മാരകം,പാറശാല മഹാദേവ ക്ഷേത്രം,നെയ്യാറ്റിൻകര ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം,മലയിൻകീഴ് ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം,പിരപ്പൻകോട് ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം, വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം, കൊല്ലങ്കോട് ഭദ്രകാളിക്ഷേത്രം,കോട്ടയ്‌ക്കകം അഭേദാശ്രമം എന്നിവിടങ്ങളിലും വിദ്യാരംഭം നടന്നു. വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിൽ ഇടവക വികാരി ഫാ.ജോർജ് ഗോമസ്,പാളയം സെന്റ് ജോസഫ് മെട്രോപൊളിറ്റൻ കത്തീഡ്രലിൽ വികാരി മോൺ.നിക്കോളസ് താർസിയൂസ് തുടങ്ങിയവർ വിദ്യാരംഭത്തിന് കാർമികരായി.

കോവളം കവികൾ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന വിദ്യാരംഭ ചടങ്ങിന് കവിയും സ്മാരകസമിതി രക്ഷാധികാരിയുമായ വിനോദ് വൈശാഖിയും സമിതി സെക്രട്ടറി അഡ്വ.ആർ.വിനായകൻ നായരും നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.