തിരുവനന്തപുരം: രക്തദാനം സുഗമമാക്കുന്നതിന് പൊലീസ് മൊബൈൽ ആപ്പായ പൊൽ-ആപ്പിൽ ലഭ്യമാക്കിയ പൊൽ-ബ്ലഡ് എന്ന സംവിധാനത്തിന്റെ സംസ്ഥാന കൺട്രോൾ റൂം ഡി.ജി.പി അനിൽകാന്ത് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം എസ്.എ.പി ക്യാമ്പിലെ ആശുപത്രിയിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുക. എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുമായി ചേർന്നാവും പ്രവർത്തനം. രക്തം ആവശ്യമുള്ളവർക്കും രക്തം ദാനംചെയ്യാൻ ആഗ്രഹിക്കുന്നവർക്കും പൊൽ-ആപ്പിൽ രജിസ്റ്റർ ചെയ്യാം. ഇതിനുള്ള ക്രമീകരണങ്ങൾ കൺട്രോൾ റൂം ഒരുക്കും. പൊൽ-ബ്ലഡ് സംവിധാനത്തിലൂടെ 5,928 അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്. 11,391 യൂണിറ്റ് രക്തം ആവശ്യപ്പെട്ടതിൽ 9,780 യൂണിറ്റും ലഭ്യമാക്കി. എ.ഡി.ജി.പിമാരായ കെ. പദ്മകുമാർ, യോഗേഷ് ഗുപ്ത, വിജയ് സാഖറെ, ഐ.ജി പി. പ്രകാശ്, എസ്.പിമാരായ ഡോ. ദിവ്യ വി. ഗോപിനാഥ്, ഡോ. നവനീത് ശർമ്മ, എസ്.എ.പി കമൻഡാന്റ് ബി. അജിത് കുമാർ, എസ്.എ.പി ആശുപത്രിയിലെ ഡോ. ഹരികൃഷ്ണൻ, എയ്ഡ്സ് കൺട്രോൾ സൊസൈറ്റി പ്രോജക്ട് ഡയറക്ടർ ഡോ. ആർ. രമേശ് എന്നിവരും പൊലീസ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |