SignIn
Kerala Kaumudi Online
Friday, 26 April 2024 6.25 PM IST

ജനവാസമേഖലയിൽ വന്യജീവി ആക്രമണം തുടരുമ്പോഴും സംരക്ഷണം പേരിനുപോലുമില്ല

photo

പാലോട്: ഗ്രാമീണ മേഖലയിലെ ജനങ്ങൾക്കും കാർഷിക വിളകൾക്കും വന്യജീവി ആക്രമണത്തിൽ നിന്ന് സംരക്ഷണം നൽകാൻ വനംവകുപ്പ് നടപ്പിലാക്കിയിരുന്ന സുരക്ഷാനടപടികൾ പാളിയതോടെ ജനവാസ മേഖലകളിൽ വന്യജീവി ശല്യം രൂക്ഷമാകുന്നു. കാട്ടുപന്നികളും കാട്ടാനയും കാട്ടുപോത്തും കൂട്ടത്തോടെ കാടിറങ്ങി കാർഷിക വിളകൾ നശിപ്പിക്കുന്നതും കൃഷിക്കാരും തൊഴിലാളികളും ആക്രമണത്തിനിരകളാകുന്നതും നിത്യസംഭവമായി. വന്യജീവികൾ ജനവാസ മേഖലകളിൽ ഇറങ്ങുന്നത് തടയാൻ നേരത്തെ വനംവകുപ്പ് സജ്ജീകരിച്ചിരുന്ന സൗരോർജവേലികളും ആനക്കിടങ്ങുകളുമെല്ലാം ഇപ്പോൾ വെറും കാഴ്ചവസ്തുക്കൾ മാത്രമാണ്. ആക്രമണകാരികളായ കാട്ടുപന്നികളെ ഉപാധികളോടെ വെടിവച്ചു കൊല്ലാനുള്ള അനുമതി ഒരു വർഷം കൂടി ദീർഘിപ്പിച്ച് സർക്കാർ ഉത്തരവായിട്ടും നാട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന കാട്ടുപന്നികളെ കൊല്ലാൻ വനപാലകർ അറച്ചുനിൽക്കുന്നതായാണ് കർഷകർ ഉയർത്തുന്ന പരാതി. ആറു മാസത്തിനിടെ മുന്നൂറോളം കാട്ടുപന്നികളെ വെടിവച്ചു കൊന്നു എന്നാണ് വനപാലകരുടെ സാക്ഷ്യപ്പെടുത്തൽ. എന്നാൽ, ആക്രമണത്തിൽ പരിക്കേറ്റതും കൃഷിനാശം നേരിട്ടതുമായ കേസുകൾ ഇതിന്റെ പതിന്മടങ്ങാണ്.

പരുത്തിപ്പള്ളി, പേപ്പാറ, പാലോട്, കുളത്തൂപ്പുഴ വനം റേഞ്ചുകളുടെ അതിർത്തി ഗ്രാമങ്ങളിലാണ് കാട്ടുപന്നിയും കാട്ടാനയും ജനങ്ങളുടെ ഉറക്കം കെടുത്തുന്നത്.

കർഷകരും ടാപ്പിംഗ് തൊഴിലാളികളും വിദ്യാർത്ഥികളും ഉൾപ്പടെ നൂറുകണക്കിന് നിരപരാധികളാണ് വന്യജീവി ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിലും വീടുകളിലും ദുരിതത്തിൽ കഴിയുന്നത്. കഴിഞ്ഞദിവസം രാവിലെ ടാപ്പിംഗ് തൊഴിലാളിയായ മേമല തടത്തരികത്ത് വീട്ടിൽ മുരുകന് (50) കാട്ടുപന്നിയുടെ കുത്തേറ്റത്. പൊടിയക്കാല, അടിപറമ്പ്, പേത്തലകരിക്കകം, അഗ്രിഫാം, ഇടിഞ്ഞാർ പ്രദേശങ്ങളിൽ കാട്ടാനകൾ ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചതും അടുത്തിടെയാണ്. തെങ്ങ്, കവുങ്ങ്, വാഴ മുതലായ വിളകളാണ് കാട്ടാന നശിപ്പിക്കുന്നത്. വിതുര,കുറ്റിച്ചൽ, അമ്പൂരി, പെരിങ്ങമ്മല, നന്ദിയോട് പഞ്ചായത്തുകളിലെ ആദിവാസി ഊരുകളിൽ അധിവസിക്കുന്നവരും കാട്ടാനകളെ ഭയന്നാണ് ദിവസം തള്ളിനീക്കുന്നത്.

കാട്ടുപന്നിശല്യം തുടർക്കഥയായ ഗ്രാമപഞ്ചായത്തുകളിൽ കൃത്യമായ ഇടവേളകളിൽ ജാഗ്രതാസമിതികൾ ചേർന്ന് റിപ്പോർട്ട് സമർപ്പിക്കാത്തതാണ് കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പിലാക്കാൻകഴിയാത്തതെന്നാണ് പൊതുവായ ആക്ഷേപം. പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായ ജാഗ്രതാസമിതികൾ യോഗം ചേർന്നാണ് പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം ഉണ്ടെന്ന് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർക്ക് റിപ്പോർട്ട് നൽകേണ്ടത്. ഇതിനകം ജാഗ്രതാസമിതികൾ രൂപീകരിച്ചിട്ടുള്ള പഞ്ചായത്തുകളിലാണ് ശല്യക്കാരായ കാട്ടുപന്നികളെ വെടിവച്ചു കൊന്നത്. പഞ്ചായത്ത് തല ജാഗ്രതാ സമിതികൾ നൽകുന്ന റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് പന്നികളെ വെടിവയ്ക്കുന്നതിനുള്ള ഉത്തരവ് ഡി.എഫ്.ഒ പുറപ്പെടുവിക്കുക. ഇതിനായി പരിശീലനം ലഭിച്ച വനപാലക സംഘത്തെയാണ് നിയോഗിക്കുന്നത്.ഒരാഴ്ചയ്ക്കകം ജാഗ്രതാ സമിതികൾ ചേർന്ന് റിപ്പോർട്ട് നല്കണമെന്ന് ജില്ലാ കളക്ടറുടെ നിർദേശം ലഭിച്ച് ഒരു വർഷമായിട്ടും സമിതികൾ ചേരാൻ കൂട്ടാക്കാത്ത പഞ്ചായത്ത് ഭരണസമിതികളും ഉണ്ട്.

വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ ചെറുക്കുന്നതിന് തിരുവനന്തപുരം ഫോറസ്റ്റ് ഡിവിഷൻ കേന്ദ്രികരിച്ച് റാപ്പിഡ് റെസ്പോൻഡ്‌സ് ടീമിന്റെ (ആർ.ആർ.ടി) യൂണിറ്റ് അനുവദിക്കണമെന്നാവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കാട്ടാനയും കാട്ടുപന്നിയും ഉൾപ്പെടെയുള്ള വന്യജീവി ആക്രമണം തടയുന്നതിന് 'കെൽപ്പാമു"മായി ചേർന്നു സർക്കാർ നടപ്പിലാക്കാൻ തീരുമാനിച്ച "ജൈവവേലി" പദ്ധതിയും ഉദ്യോഗസ്ഥ അനാസ്ഥയിൽ നീളുകയാണ്. ഏതാനും മാസം മുമ്പ്‌ പാലോട്, വിതുര, പേപ്പാറ സെറ്റിൽമെന്റ് പ്രദേശങ്ങളിൽ കാട്ടാന ആക്രമണത്തിൽ മൂന്നു ജീവനുകളാണ് നഷ്ടമായത്. പാലോട് കേന്ദ്രികരിച്ച് ആർ.ആർ.ടി യൂണിറ്റിന്റെ ഭാഗികമായ പ്രവർത്തനം നടക്കുന്നുണ്ടെങ്കിലും സേവനം പര്യാപ്തമല്ല. കൂടുതൽ അംഗബലത്തോടും ആധുനിക സൗകര്യങ്ങളോടും കൂടി ജില്ല കേന്ദ്രികരിച്ച് പുതിയ യൂണിറ്റ് അനുവദിക്കണമെന്നാണ് കർഷകരുടെയും നാട്ടുകാരുടെയും ആവശ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.