വടകര: സ്കൂളുകൾ തുറക്കുന്നത് ലക്ഷ്യമിട്ട് ജില്ലയിലെത്തിച്ച നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി യുവാവ് പിടിയിൽ. വടകര മേമുണ്ട ചല്ലിവയൽ സ്വദേശിയായ പുതിയോട്ടിൽ അഷറഫ് എന്ന റഫീക്ക് (45 ) ആണ് പിടിയിലായത്.
കോഴിക്കോട് എക്സൈസ് ഇന്റലിജന്റ്സിലെ പ്രിവന്റീവ് ഓഫീസർ പ്രമോദ് പുളിക്കൂലിന്റെ രഹസ്യ വിവരപ്രകാരം വടകര എക്സൈസ് റെയ്ഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ പി.പി വേണുവും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഹാൻസ് കണ്ടെത്തി പിടികൂടിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചില്ലറ വിൽപനക്കായി കർണാടകത്തിൽ നിന്നും കടത്തിക്കൊണ്ടുവന്ന് സ്വന്തം പുരയിടത്തിൽ സൂക്ഷിച്ചു വെച്ച നിലയിലായിരുന്നു ഹാൻസ്പാക്കറ്റുകൾ. മുമ്പും ഇതേ കുറ്റം ചെയ്ത് പിഴ അടച്ച ആളാണെന്നും സ്കൂളുകൾ തുറക്കുന്നത് ലക്ഷ്യം വെച്ചാണ് ഇത്രയും ഹാന്സ് സൂക്ഷിച്ചു വെച്ചതെന്നും എക്സൈസ് ഉദ്യോഗസ്ഥർപറഞ്ഞു. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ കെ.സി. കരുണൻ , പ്രിവന്റീവ് ഓഫീസർ ഗ്രയ്ഡ് സി.രാമകൃഷ്ണൻ ,സി.ഇ.ഒ മാരായ രാകേഷ് ബാബു ജി.ആർ, മുസ്ബിൻ ,വിനീത് എന്നിവർ പങ്കെടുത്തു
കൽപ്പറ്റയിലും ലഹരി വേട്ട
കൽപറ്റ: ആഡംബര കാറിൽ കടത്തുകയായിരുന്ന ഒന്നേകാൽ കിലോഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. പൊഴുതന ഇടിയംവയൽ ഇല്ലിയൻ മുഹമ്മദ് റാഫിയെയാണ്(24) എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രൻ, പ്രിവന്റീവ് ഓഫീസർമാരായ കെ.ബി.ബാബുരാജ്, പി.എസ്.വിനീഷ്, കെ.ജി.ശശികുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എ.അനിൽ, കെ.എം.ഉണ്ണികൃഷ്ണൻ, പി.പി.ജിതിൻ, എം.എം.ബിനു, എം.സുരേഷ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റുചെയ്തത്.
വ്യാഴാഴ്ച വൈകീട്ട് കൽപറ്റ മുണ്ടേരി ഭാഗത്തു ഷെവർലെ എവിയോ കാറിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പിടിച്ചെടുത്ത കഞ്ചാവിനു 35,000 രൂപ വിലവരുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |