SignIn
Kerala Kaumudi Online
Sunday, 28 April 2024 3.15 PM IST

പ്രവാസികൾ കുറയുന്നു ആശങ്ക മാത്രം പോര

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കേരളത്തിൽ നിന്നുള്ള ഗൾഫ് പ്രവാസികളുടെ എണ്ണം ഗണ്യമായി കുറയുന്നു. അഞ്ച് വർഷം മുമ്പ് ഇന്ത്യയിലേക്ക് പ്രവാസികൾ അയയ്‌ക്കുന്ന പണത്തിന്റെ 19ശതമാനവും കേരളത്തിലേക്ക് ആയിരുന്നെങ്കിൽ ഇന്നത് 10.2ശതമാനമായി കുറഞ്ഞു. ഇത് സാമ്പത്തികമായി മാത്രമല്ല സാമൂഹ്യമായും ആശങ്കയുളവാക്കുന്നു.

കേരളം ലോക കേരളസഭ സംഘടിപ്പിക്കുന്നു. പ്രവാസികളുടെ കാര്യങ്ങൾ ചർച്ചചെയ്യുന്നു. നമുക്ക് നോർക്ക പോലുള്ള ഏജൻസികളുണ്ട്. പ്രവാസികളെ സഹായിക്കാൻ തയ്യാറാണെന്ന് എപ്പോഴും പറയുന്ന സർക്കാരാണ് കേരളത്തിലേത്. പ്രവാസികൾ മടങ്ങിയെത്തിയാൽ പെൻഷൻ നൽകുമെന്നും അവർക്ക് നാട്ടിൽ വ്യവസായം തുടങ്ങാൻ സഹായം നൽകുമെന്നും സർക്കാർ ആണയിടുന്നു. എന്നിട്ടും കേരളത്തിൽ പ്രവാസികൾ കുറയുന്നുവെന്നാണ് കണക്കുകൾ. ഇന്ത്യയിലെ മറ്റിടങ്ങളിൽ നിന്ന് ഗൾഫിലേക്കും മറ്റുമുള്ള പ്രവാസികളുടെ എണ്ണം പെരുകുന്നുവെന്നും ഇതിൽ കേരളം പിന്നാക്കം പോകുന്നുവെന്നുമാണ് റിപ്പോർട്ട്. എവിടെയോ, എന്തെക്കെയോ പ്രശ്നങ്ങളുണ്ടന്നല്ലേ ഇതെല്ലാം കാണിക്കുന്നത്. പഠനങ്ങളും സെമിനാറുകളും പ്രസംഗങ്ങളുമല്ല ക്രിയാത്മകമായ നടപടികളുടെ ആവശ്യമാണിത് സൂചിപ്പിക്കുന്നത്.

ഗൾഫിൽ മലയാളികൾ

കുറഞ്ഞതെങ്ങനെ ?

2015ൽ 7.6 ലക്ഷം പേരാണു ഗൾഫ് രാജ്യങ്ങളിലേക്കു പോകാൻ ഇന്ത്യയിൽ എമിഗ്രേഷൻ ക്ലിയറൻസ് പൂർത്തിയാക്കിയതെങ്കിൽ 2019ൽ ഇതു 3.5 ലക്ഷമായി. കൊവിഡ് പ്രതിസന്ധിയുണ്ടായ 2020ൽ 90,000 ആയി കൂപ്പുകുത്തി. ഏറ്റവുമധികം പേർ പോയിരുന്നതു സൗദിയിലേക്കായിരുന്നു. 2019ൽ സൗദിയിലേക്കു പോയത് 3.1ലക്ഷമായിരുന്നെങ്കിൽ 2019ൽ ഇത് 1.6 ലക്ഷമായി കുറഞ്ഞു. യു.എ.ഇ.യിലേക്കുള്ള പ്രവാസം 2.3 ലക്ഷത്തിൽ നിന്ന് 80,000 ആയി ചുരുങ്ങി.

എല്ലാ ജി.സി.സി. രാജ്യങ്ങളും കൊവിഡിനു മുൻപും ശേഷവും അവിദഗ്ധരും അർദ്ധവിദഗ്ദ്ധരുമായ വിദേശ തൊഴിലാളികളെ കുറയ്‌ക്കാനായി കർശന കുടിയേറ്റ നയം പിന്തുടരുന്നുവെന്നാണ് അറിയുന്നത്. പൊതുമേഖലയിലും സ്വകാര്യമേഖലയിലും വിദേശതൊഴിലാളികളെ മാറ്റി സ്വദേശി തൊഴിലാളികൾക്കു പരമാവധി തൊഴിൽ നൽകാനുള്ള തൊഴിൽനയങ്ങളാണ് ആ രാജ്യങ്ങൾ സ്വീകരിക്കുന്നത്. 2011 മുതൽ നിതാഖത്ത് എന്ന പേരിൽ ദേശസാത്‌കരണനയം നടപ്പിലാക്കിയതിന്റെ ഫലമായി സൗദിയിൽനിന്നു മാത്രം ധാരാളം മലയാളികൾക്ക് നാട്ടിലേക്കു മടങ്ങേണ്ടി വന്നു. കൊവിഡും വന്നതോടെ സ്ഥിതി ദയനീയമായി. കൊവിഡ് കാലത്ത് നാട്ടിലേക്ക് 14.5ലക്ഷം പ്രവാസികളെത്തിയെന്നാണ് റിപ്പോർട്ട്. അതിൽ മൂന്നിൽ രണ്ടുപേർക്കും തിരിച്ചുപോകാനായതുമില്ല. സൗദി അറേബ്യയിൽ വിഷൻ 2030 നടപ്പിലാക്കുന്നത് തന്നെ കുടിയേറ്റത്തൊഴിലാളികളെ കുറയ്ക്കാനാണെന്നാണ് പറയുന്നത്. ഇതിനായി കഴിഞ്ഞ കുറച്ച് വർഷങ്ങളായി റസിഡന്റ് പെർമിറ്റ്, വർക്ക് പെർമിറ്റ്, റസിഡന്റ് പെർമിറ്റ് പുതുക്കൽ തുടങ്ങിയവയുടെ ഫീസ് കുത്തനെ ഉയർത്തി. രാജ്യാന്തര യാത്രാ നിയന്ത്രണങ്ങൾ, വാക്സീൻ നയങ്ങളിലെ വ്യത്യാസം, മടങ്ങിയെത്തിയ കേരളീയ പ്രവാസി തൊഴിലാളികൾക്കു പകരമായി മറ്റുരാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെ റിക്രൂട്ട് ചെയ്യൽ എന്നിവയാണ് അവധിക്ക് വന്നവർക്ക് തിരികെ പോകാൻ സാധിക്കാത്തതിന്റെ മറ്റ് കാരണങ്ങൾ.

ഗൾഫ് പ്രവാസത്തിന്

അരനൂറ്റാണ്ടിന്റെ ചരിത്രം

മലയാളികളുടെ ഗൾഫ് പ്രവാസം തുടങ്ങിയത് അറുപതുകളുടെ അവസാനത്തിലാണ്. ഇപ്പോൾ യു.എ.ഇ.യിലേക്ക് മലയാളി പ്രവാസം തുടങ്ങിയിട്ട് അരനൂറ്റാണ്ട് പിന്നിട്ടെന്ന് പറയാം. ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ മലയാളികളുള്ളതും യു.എ.ഇ.യിലാണ്. ഉരുവിലും പായ്ക്കപ്പലുകളിലും ബോട്ടുകളിലുമൊക്കെയായി കടൽകടന്ന ആദ്യകാല കുടിയേറ്റതൊഴിലാളികൾ, പിന്നീട് മുംബയിൽ മാസങ്ങളോളം അലഞ്ഞുനടന്ന് കടൽകടക്കാൻ അവസരം വെട്ടിപിടിച്ച രണ്ടാംതലമുറ, അവർക്ക് പിന്നാലെ ബന്ധുബലത്തിലും തൊഴിൽ കഴിവിലും അക്കരെപറ്റിയ പിൻതലമുറ. അങ്ങനെ നീളുന്നു ഗൾഫിലേക്കുള്ള മലയാളിയുടെ പ്രവാസചരിത്രം. നേരത്തെ ബർമ്മയിലും മലയായിലും കൊളംബോയിലുമെല്ലാം തൊഴിൽ തേടിപ്പോയ മലയാളികളുടെ മറുനാടൻ ജീവതത്തിലെ വസന്തമാണ് ഗൾഫിലേത്. ഇന്നിപ്പോൾ ആഫ്രിക്കയാണ് പുതിയ മേച്ചിൽ പുറമെങ്കിലും ഗൾഫ് കേരളീയ ജീവിതത്തിലുണ്ടാക്കിയ മാറ്റം മറ്റൊരു മറുനാടൻ തൊഴിൽ മേഖലയ്ക്കും അവകാശപ്പെടാനില്ല.1070-80 കാലയളവിൽ 'താഴ്ന്ന വരുമാനം, താഴ്ന്ന സാമ്പത്തിക വളർച്ച, താഴ്ന്ന ഉപഭോഗം, താഴ്ന്ന സമ്പാദ്യം' എന്ന നിലയിൽനിന്ന് ഉയർന്ന വരുമാനം, ഉയർന്ന വളർച്ച, ഉയർന്ന ഉപഭോഗം, ഉയർന്ന സമ്പാദ്യം' എന്ന നിലയ്ക്ക്‌കേരളം മാറിയതു ഗൾഫ് കുടിയേറ്റത്തിന്റെ അനന്തരഫലമാണ്.

1970കളുടെ തുടക്കത്തിലുള്ള എണ്ണവില വർദ്ധനയിലൂടെ ഗൾഫ് രാജ്യങ്ങൾ സമ്പന്നമായി മാറുകയും, സമ്പദ് വ്യവസ്ഥയ്ക്ക് പുത്തനുണർവ് ഉണ്ടാകുകയും ചെയ്തു. ഇത്‌ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് വലിയ കുടിയേറ്റത്തിനു കാരണമായി. പ്രധാനമായും മലബാറിൽ നിന്ന്. 1976ൽ മലയാളികളായ കുടിയേറ്റക്കാർ ഏകദേശം അയ്യായിരത്തോളം പേരായിരുന്നെങ്കിൽ 1993ൽ അത് 4.3 ലക്ഷവും, 2000ത്തിൽ 30ലക്ഷവും നിലവിൽ 36 ലക്ഷവുമായി. കേരളത്തിൽ നിന്നുള്ള ഗൾഫിലേക്കുള്ള കുടിയേറ്റക്കാരിൽ ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിൽ നിന്നാണ്.

കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ട് പ്രകാരം നിലവിൽ 36 ലക്ഷത്തിലധികം മലയാളികൾ ഗൾഫ്‌ മേഖലയിൽ ജോലി ചെയ്യുന്നു. ഇതിൽ 41ശതമാനം പേരും യു.എ.ഇ.യിലാണ്. കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉത്‌പാദനത്തിന്റെ മൂന്നിലൊന്നും കുടിയേറ്റക്കാരുടെ സംഭാവനയാണെന്ന് പറയുമ്പോൾ തന്നെ അതിന്റെ പ്രാധാന്യം മനസിലാക്കാൻ വേറെ കണക്ക് നിരത്തേണ്ടതില്ല.

2017 വരെയുള്ള ഒരു കണക്ക് പ്രകാരം പ്രവാസി മലയാളികളുടെ കേരളത്തിലെ മൊത്തം നിക്ഷേപം 1.5 ലക്ഷംകോടി രൂപയാണ്. റിസർവ് ബാങ്ക് സർവേ റിപ്പോർട്ട് പ്രകാരം വിദേശമലയാളികൾ അയയ്ക്കുന്ന പണത്തിന്റെ 20 ശതമാനത്തോളം കേരളത്തിലെ ബാങ്കുകളിൽ നിക്ഷേപമായും സമ്പാദ്യമായും മാറുന്നു.

തിരിച്ചറിയണം പ്രധാന്യം

ലോക കേരളസഭ നടത്തിയപ്പോൾ അതിന്റെ ചെലവ് ധൂർത്താണെന്ന് പറഞ്ഞ് കലഹിച്ചവരാണ് മലയാളികൾ. പ്രവാസികളുടെ ഉപ്പും ചോറും തിന്നിട്ട് അവരോട് നന്ദികേട് കാണിക്കുന്നുവെന്ന് ആരെങ്കിലും കരുതിയാൽ കുറ്റംപറയാൻ കഴിയുമോ ? നമ്മുടെ സഹകരണപ്രസ്ഥാനവും നമ്മുടെ വിദ്യാഭ്യാസ,ആരോഗ്യ ഇടപാടുകളുമെല്ലാം നടന്നുപോകുന്നത് പ്രവാസികളുടെ കരുതൽ കൊണ്ട് മാത്രമാണ്. എന്നിട്ടും അവർക്ക് ആപത്ത് വരുമ്പോൾ കൈമലർത്തുന്ന സമീപനമാണ് അധികൃതർക്ക് പോലുമുള്ളതെന്നത് വേദനയുളവാക്കുന്നു. കേരളത്തിന്റെ വികസനനയം രൂപപ്പെടുത്തിയിരിക്കുന്നത് തന്നെ പ്രവാസികളെ സൃഷ്ടിച്ച് അവരിലൂടെ കിട്ടുന്ന സാമ്പത്തിക വളർച്ച മുന്നിൽ കണ്ടാണെന്നാണ് വസ്തുത.അതുകൊണ്ടാണ് ഗൾഫിലും അമേരിക്കയിലും ആഫ്രിക്കയിലും പണികിട്ടാൻ സാദ്ധ്യതയുള്ള വിദ്യാഭ്യാസം വേണമെന്ന് സർക്കാർ ആലോചിക്കുന്നത്. ഇൗ കുട്ടികളെ പഠിപ്പിച്ച് കഴിവുള്ളവരാക്കി എങ്ങനെയെങ്കിലും വിദേശത്തേക്ക് അയക്കുക. എന്നിട്ട് അവർ സമ്പാദിച്ച് നാട്ടിലേക്ക് പണം അയയ്‌ക്കുക. അതുകൊണ്ട് ഇവിടെ രാഷ്ട്രീയവും വികസനസ്വപ്നങ്ങളും പറഞ്ഞ് തള്ളിനീക്കുക. ഇൗ വികസനതന്ത്രം വിട്ട് നാട്ടിൽത്തന്നെ തൊഴിൽ ലഭിക്കാനുള്ള സൗകര്യങ്ങളുണ്ടാക്കാൻ പ്രവാസികളുടെ അറിവും പണവും ഉപയോഗിക്കാനായാൽ സ്ഥായിയായ വികസനമുണ്ടാകും. പ്രവാസികൾ ഇത് പറയാൻ തുടങ്ങിയിട്ട് കാലം കുറയായെങ്കിലും കേരളത്തിലുള്ളവർ മാത്രം അത് മനസിലാക്കിയിട്ടില്ല. ഇവിടെ വ്യവസായം തുടങ്ങാനോ, ബിസിനസ് നടത്താനോ ഒന്നും അനുവദിക്കാത്ത സമീപനം മാറ്റിയാൽ വിദേശങ്ങളിലുള്ളതിനോട് തുല്യമായ സ്വപ്ന സുന്ദരമായ രാജ്യമായി അവർ കേരളത്തെ മാറ്റും. നാം ഒന്നും ചെയ്യേണ്ട, അവരെ എതിർക്കാതിരുന്നാൽ മാത്രം മതി. അതെങ്കിലും ചെയ്യേണ്ട സമയം അതിക്രമിച്ചെന്ന് ഇനിയെങ്കിലും മനസിലാക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.