തൃശൂർ: തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയിൽ താത്കാലികമായി മെറ്റലിട്ട് കുഴിയടയ്ക്കുമെങ്കിലും പുതിയ കരാറുകാർ ഏറ്റെടുക്കാൻ മൂന്ന് മാസമെടുക്കും. ആറ് മാസത്തിനകം നിർമ്മാണം നടത്തുമെന്നാണ് ധാരണയെങ്കിലും ഒരു വർഷത്തോളമാകും പൂർത്തിയാകാനെന്നാണ് അറിയുന്നത്. മഴ മാറിയാലേ മെറ്റലും സിമന്റും നിറച്ച കുഴികളിൽ ടാറിടാനാകൂ. മഴ ശക്തമായാൽ എടുത്ത പണിയെല്ലാം വെള്ളത്തിലാകും. കുഴികൾ താത്കാലികമായി നികത്തുന്നത് കൊണ്ടുമാത്രം പ്രശ്‌നം പരിഹരിക്കാനാകില്ലെന്നാണ് യാത്രക്കാരുടെ പക്ഷം.
ശക്തമായ മഴ പെയ്താൽ വിരിച്ച മെറ്റൽ മിനിറ്റുകൾക്കുള്ളിൽ ഒഴുകിപ്പോകും. കഴിഞ്ഞദിവസം പാറന്നൂരിൽ ഇപ്രകാരം സംഭവിച്ചിരുന്നു. റോഡിൽ മെറ്റൽ കിടന്നാൽ ഇരുചക്രവാഹന യാത്ര ദുരിതമാകും. പലയിടങ്ങളിലും വെള്ളം ഒഴിഞ്ഞുപോകാൻ കാനകളില്ലാത്തതും പ്രശ്നമാകുന്നുണ്ട്. ചൂണ്ടൽ പാടത്തേക്ക് വെള്ളം ഒഴുകിയിരുന്ന ഭാഗങ്ങൾ മണ്ണടിഞ്ഞ് തടസപ്പെട്ടതോടെയാണ് കനത്ത വെള്ളക്കെട്ടുണ്ടായത്.
വലിയ കുഴികളിൽ പാറപ്പൊടിയും മെറ്റലും സിമന്റും ചേർത്ത മിശ്രിതം നിറച്ചാണ് കുഴികൾ നികത്തുന്നത്. വെറ്റ്മിക്‌സ് ഉപയോഗിച്ച് കുഴികൾ നികത്തുന്ന പണികൾ രണ്ടുദിവസത്തിനകം പൂർത്തിയാകുമെന്നാണ് കരുതുന്നത്.
കരാറുകാർക്ക് പണം കൊടുത്തോ?
നിർമ്മാണത്തിന്റെ അളവുപ്രകാരം കരാറുകാർക്ക് പണം നൽകാതിരുന്നതാണ് തിരിച്ചടിയാകുന്നത്. ഇക്കാര്യത്തിൽ എം.എൽ.എമാർ ഇടപെട്ടില്ലെന്നും ആക്ഷേപമുണ്ട്. എന്നാൽ കരാറുകാർ കാലതാമസം വരുത്തിയതെന്ന് പറഞ്ഞാണ് കരാർ റദ്ദാക്കിയതത്രെ. കൃത്യസമയത്ത് റോഡ് നിർമ്മാണം നടന്നിരുന്നെങ്കിൽ ഈ മാസം പണി പൂർത്തിയാകുമായിരുന്നു. പല തവണ നിർമ്മാണം നിലച്ചത് കരാർ തുക നൽകാത്തതിനാലാണെന്നും പറയുന്നു.
ഇപ്പോൾ, പ്രീ മൺസൂൺ പദ്ധതിയിൽ ഉൾപ്പെടുത്തി 29 ലക്ഷം രൂപയാണ് അനുവദിച്ചത്. അതിൽ ജി.എസ്.ടി കഴിഞ്ഞാൽ പിന്നെയും കുറയും. കെ.എസ്.ടി.പിയുടെ മേൽനോട്ടത്തിലാണ് പണികൾ നടത്തുന്നത്.
വഴി നീളെ കടമ്പകൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |