വടക്കാഞ്ചേരി : കനത്തമഴയിലും വാഴാനി ഡാമിൽ നിന്നുള്ള മലവെള്ളപ്പാച്ചിലിലും കരുമത്ര പാറപ്പുറം പടിഞ്ഞാറ്റുംമുറിയിൽ കോൺക്രീറ്റ് പാലം തകർന്നു. മൂന്ന് വീടുകൾ ഒറ്റപ്പെട്ടു. വീടുകൾ തകരാതിരിക്കാൻ വെള്ളത്തിന്റെ കുത്തൊഴുക്ക് തടയാൻ സന്നദ്ധ പ്രവർത്തകർ മതിൽ പൊളിച്ച് മാറ്റുന്നതിനിടെയാണ് തൊട്ടടുത്ത പാലം തകർന്നത്. ഈ സമയം പാലത്തിനടുത്ത് നിരവധി പേരുണ്ടായിരുന്നു. അത്ഭുതകരമായാണ് ഇവർ രക്ഷപ്പെട്ടത്. പാലം തകർന്നതോടെ ഒറ്റപ്പെട്ട സന്നദ്ധ പ്രവർത്തകർ 150 മീറ്ററോളം വടംകെട്ടി സാഹസികമായാണ് സുരക്ഷിത സ്ഥാനത്തെത്തിയത്. ഇവിടെ താമസിക്കുന്ന മൂന്ന് കുടുംബങ്ങളെ സുരക്ഷിതമായി മറ്റിടങ്ങളിലേക്ക് മാറ്റി. പഞ്ചായത്ത് പ്രസിഡന്റ് സുനിൽ കുമാർ, വാർഡ് അംഗം ഐശ്വര്യ ഉണ്ണി, വില്ലേജ് ഓഫീസ് അധികൃതർ എന്നിവർ സ്ഥലത്തെത്തി. പ്രളയകാലത്ത് പോലും ഇല്ലാത്ത തരത്തിലുള്ള വെള്ളവും ഒഴുക്കുമായിരുന്നു അനുഭവപ്പെട്ടത്. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വീടുകളും ഭാഗികമായി തകർന്നു. പാറപ്പുറം താമരക്കുളം ഭാഗത്തെ നിരവധി വീടുകളിൽ വെള്ളം കയറി. മതിലും തകർന്നു. വില്ലേജ് ഓഫീസ് വരെ വെള്ളക്കെട്ടിലായി. സേവാഭാരതി പ്രവർത്തകരെത്തി ഫയലും മറ്റും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |