ചാലക്കുടി: 2019ന് സമാനമായ വെള്ളത്തിന്റെ കുലംകുത്തിപ്പാച്ചിൽ. ദിവസങ്ങളോളം. തെല്ലും കുലുങ്ങിയില്ല ഈറ്റയോലയാൽ മേൽക്കൂരയിട്ട ഈ ഷെഡ്ഡ്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ തൊട്ടരികെ പാറയിടുക്കിൽ ഇപ്പോഴുമുണ്ട് ആ ഷെഡ്. കാലവർഷത്തിന്റെ കലിതുള്ളലിൽ വെള്ളച്ചാട്ടം ഭീകരാവസ്ഥയിൽ ആർത്തലച്ചെത്തി. തെക്ക് വടക്ക് പാറക്കെട്ടിലൂടെ വെള്ളം താഴേയ്ക്ക് കുതിച്ചുചാടി. എന്നിട്ടും ആറ് തേക്കുകാലിൽ നിർമ്മിച്ച വി.എസ്.എസ് പ്രവർത്തകരുടെ കാവൽപ്പുരയ്ക്ക് കോട്ടം സംഭവിച്ചില്ല. ഷെഡിന്റെ ഇരുഭാഗത്ത് കൂടിയും വെള്ളമൊഴുകി. പുഴയുടെ കലിയടങ്ങി, മറ്റെല്ലാം പഴയ പടിയായി. വി.എസ്.എസ് പ്രവർത്തകരുടെ കൂർമ്മബുദ്ധിയിൽ 2005ൽ കെട്ടിയ ഷെഡ് പരിക്കൊന്നുമേൽക്കാതെ അങ്ങനെ നിന്നു. വിനോദ സഞ്ചാരികൾക്ക് സുരക്ഷ ഒരുക്കുന്നതിന് അവർ സ്വന്തമായി കെട്ടിയുണ്ടാക്കുമ്പോൾ ഒരു സൂത്രവിദ്യ പ്രയോഗിച്ചു. വെള്ളച്ചാട്ടത്തിന് മുകളിൽ രണ്ട് നീളൻ പാറകളുടെ മറവിൽ ഷെഡ് നിർമ്മിച്ചു. വലിയ തോതിൽ എത്തുന്ന വെള്ളം ഈ പാറയിൽ തട്ടി വഴിമാറും. 2018 പ്രളയത്തിൽ പക്ഷെ ഷെഡിന് പിടിച്ചു നിൽക്കാനായില്ല. രണ്ടര മീറ്റർ ഉയരത്തിൽ ചാടിയ വെള്ളം ഷെഡിന്റെ മേൽക്കൂരയെടുത്തു പാഞ്ഞൊഴുകി. പക്ഷേ ബാക്കി ഭാഗം നിലനിന്നു. കനത്ത വെള്ളച്ചാട്ടത്തിന് നടുവിൽ പോറൽ പോലും ഏൽക്കാതെ നിന്ന അതിരപ്പിള്ളിയിലെ ഷെഡ്ഡ് ഇക്കുറിയും വിനോദ സഞ്ചാരികൾക്ക് അത്ഭുതമായി.
ഇരുപതാണ്ടിന്റെ കൗതുകക്കാഴ്ചകളിലേക്ക്
നിർമ്മിച്ചത് 2005ലെ വനസംരക്ഷണ സമിതി പ്രസിഡന്റ് ടി.എസ്.മണിലാൽ.
പങ്കാളികളായത് ടി.പി.ഷാജു, കെ.എൻ.സുരേന്ദ്രൻ, സി.വി.രാജൻ, പി.കെ.സഹജൻ.
ലക്ഷ്യം വെള്ളച്ചാട്ടത്തിന് കാവലിരിക്കുന്നവർക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും
വെള്ളിത്തിരയിലെത്തിയ പാറ
ഉലക നായകൻ കമലാഹാസന്റെ വിഖ്യാതചലച്ചിത്രമായ പുന്നകൈ മന്നനിൽ അതിരപ്പിള്ളിയിലെ ഷെഡിനടുത്തുള്ള പാറയും സ്ഥാനം പിടിച്ചു. സിനിമയിൽ നായികയുടെ പേര് കമലാഹാസൻ ഈ പാറയിൽ എഴുതിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |