തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിൽ മുഴുവൻ സമയം ഡയറക്ടറില്ലാത്തതിനാൽ അവസാനവട്ട നിർമ്മാണം വൈകുമെന്ന് ആശങ്ക. ഡയറക്ടറുടെ ചുമതലയുള്ള ഉദ്യോഗസ്ഥന് രണ്ട് വ്യത്യസ്ത ജില്ലകളിലായി രണ്ട് പ്രധാന സ്ഥാപനങ്ങളുടെ കൂടി ചുമതലയുണ്ട്. ഇതിനാൽ ദൈനംദിന പ്രവർത്തനങ്ങൾ നിരീക്ഷിച്ച് പാർക്കിലെ നിർമ്മാണപുരോഗതി നിർണയിക്കാനാകുന്നില്ല. ഡയറക്ടറെ മുഴുവൻ സമയത്തേക്ക് അടിയന്തരമായി നിയമിക്കുകയോ മറ്റു ചുമതലകളിൽ നിന്നും ഒഴിവാക്കുകയോ വേണമെന്നാണ് ആവശ്യം. ഇക്കാര്യം ഉന്നയിച്ച് ഫ്രണ്ട്‌സ് ഒഫ് സൂ സംസ്ഥാന വനം വകുപ്പ് മന്ത്രിക്ക് നിവേദനവും നൽകിയിട്ടുണ്ട്. ആരോഗ്യമുളള ജീവികളെ ഘട്ടംഘട്ടമായി പുത്തൂരിലേക്ക് മാറ്റുകയും അവയെ രണ്ടു മാസമെങ്കിലും നിരീക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്.
ജീവികളെ തിടുക്കത്തിൽ മാറ്റി?
ആവാസ സംവിധാനങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ച് പക്ഷിമൃഗാദികളെ തൃശൂർ മൃഗശാലയിൽ നിന്ന് പുത്തൂരിലേക്ക് മാറ്റേണ്ട സമയമാണിത്. സെൻട്രൽ സൂ അതോറിറ്റി (കേന്ദ്ര മൃഗശാല അതോറിറ്റി) ഇതിന് അനുമതി നൽകിയത് 2023 സെപ്തംബർ ആറിനാണ്. 2023 ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തിദിനത്തിൽ മൂന്ന് മയിലുകളെ പുത്തൂരിലേക്ക് കൊണ്ടുവന്ന് ജീവികളുടെ മാറ്റത്തിന്റെ ഉദ്ഘാടനം ആഘോഷത്തോടെ നിർവഹിച്ചിരുന്നു. 10 മാസം പിന്നിടുമ്പോഴും 39 ജീവികളെ മാത്രമാണ് മാറ്റിയത്. തിരക്കിട്ട് ഉദ്ഘാടനം നടത്തിയത് എന്തിനാണെന്ന ചോദ്യത്തിന് ഉത്തരമില്ല.
പണി വൈകിയാൽ നഷ്ടങ്ങളേറെ
വന്യജീ വിസംരക്ഷണ ഗവേഷണത്തിനും വിനോദ സഞ്ചാരത്തിനും സഹായകമാകുന്ന സ്ഥാപനമാണിത്.
ആവാസ വ്യവസ്ഥകളുടെ നിർമ്മാണം ഇനിയും പൂർത്തിയാക്കാനുള്ളതിനാൽ പണികൾ വൈകുന്നത് ധനനഷ്ടമുണ്ടാക്കും.
മൃഗങ്ങളെ പുത്തൂരിലേക്ക് മാറ്റിയാലും പാർക്കിലെ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ വീണ്ടും മാസങ്ങളെടുക്കും
പ്രായം കുറഞ്ഞതും ഗർഭാവസ്ഥയിൽ അല്ലാത്തതുമായ ജീവികളെയാണ് ആദ്യ ഘട്ടത്തിൽ മാറ്റേണ്ടിയിരുന്നത്.
പുത്തൂരിലുളള മൃഗങ്ങൾ: 27 പക്ഷികൾ, 1 പന്നിമാൻ
തൃശൂർ മൃഗശാലയിൽ നിന്ന് കൊണ്ടുവന്നത്: 38 (36 പക്ഷികൾ, 2 പന്നിമാൻ)
ചത്തത്: 9 പക്ഷികളും 1 പന്നിമാനും
ജനവാസമേഖലകളിൽ നിന്ന് പിടികൂടിയത്: 4 കടുവ, 1 പുളളിപ്പുലി
തൃശൂർ മൃഗശാലയിലുളളത്: 489
നിർമ്മാണം പൂർത്തിയാക്കുക, ജീവികളെ പുത്തൂരിലേക്ക് മാറ്റുക തുടങ്ങിയ പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ നടത്താനുളള സമയത്ത് സുവോളജിക്കൽ പാർക്കിന്റെ ഡയറക്ടർ സ്ഥാനത്ത് മുഴുവൻ സമയം ചെലവഴിക്കാവുന്ന ഉദ്യോഗസ്ഥൻ അനിവാര്യമാണ്.
- എം. പീതാംബരൻ മാസ്റ്റർ, സെക്രട്ടറി, ഫ്രണ്ട്‌സ് ഒഫ് സൂ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |