തൃശൂർ : ജനറൽ ആശുപത്രിയിൽ പുതിയ നാല് ഡയാലിസിസ് യന്ത്രം സ്ഥാപിച്ചു. പുതിയ രണ്ട് ഷിഫ്‌റ്റ് കൂടി ഉൾപ്പെടുത്തി 40 പേർക്ക് ലഭിച്ചിരുന്ന സേവനം 80 പേർക്കായി വിപുലീകരിച്ചു. കഴിഞ്ഞദിവസം നിരന്തരമായി ഡയാലിസിസ് യന്ത്രം തകരാറിലാകുന്നത് മൂലം ചികിത്സ വൈകിയതിനെതിരെ വ്യാപകപ്രതിഷേധം ഉയർന്നിരുന്നു.
ഇതേത്തുടർന്നാണ് അധികൃതർ ഉണർന്നത്. നിലവിൽ പത്ത് ഡയാലിസിസ് യന്ത്രം ഉപയോഗപ്പെടുത്തിയാണ് 40 പേർക്ക് ഈ സേവനം നൽകിയിരുന്നത്. ഇതിൽ നാല് യന്ത്രം പ്രവർത്തനരഹിതമായി. ഇതിന്റെ അടിയന്തര പ്രാധാന്യം മനസിലാക്കി അടിയന്തര എച്ച്.എം.സി വിളിച്ചുചേർത്ത് പുതിയ നാല് യന്ത്രങ്ങൾ എച്ച്.എം.സി ഫണ്ട് ഉപയോഗപ്പെടുത്തി വാങ്ങാനും പുതുതായി രണ്ട് ഡയാലിസിസ് ടെക്‌നീഷ്യനെയും രണ്ട് സ്റ്റാഫ് നഴ്‌സിനെയും നിയമിക്കാനും തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എച്ച്.എം.സി ഫണ്ട് 30 ലക്ഷം രൂപ ചെലവഴിച്ച് നിയമനടപടികൾ പൂർത്തീകരിച്ച് പുതിയ നാല് ഡയാലിസിസ് യന്ത്രങ്ങൾ സജ്ജമാക്കിയത്. ഒരു വർഷത്തിനുള്ളിൽ പ്രതിദിനം 100 പേർക്ക് സൗജന്യ ഡയാലിസിസ് നൽകുന്ന പദ്ധതി ശക്തനിൽ ഒരുക്കുന്നുണ്ട്. ഇതോടൊപ്പം എം.എൽ.എ വാഗ്ദാനം ചെയ്ത നാല് ഡയാലിസിസ് യന്ത്രങ്ങൾ അതിവേഗം സജ്ജീകരിക്കുന്ന നടപടി പൂർത്തീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |