ഗുരുവായൂർ : തിരുവോണ ദിനമായ നാളെ ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം നടക്കും. പുലർച്ചെ നാലരയ്ക്കാണ് ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം. ക്ഷേത്രം ഊരാളനും ഭരണസമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ആദ്യം ഓണപ്പുടവ സമർപ്പിക്കും. തുടർന്ന് ദേവസ്വം ചെയർമാനും ഭരണസമിതി അംഗങ്ങളും ഭക്തരും ഓണപ്പുടവ സമർപ്പിക്കും. കാലത്ത് നാലര മുതൽ ഉഷഃപൂജ വരെ ഭക്തർക്ക് ഓണപ്പുടവ സമർപ്പിക്കാം.
തിരുവോണത്തിന് പതിനായിരം പേർക്ക് വിശേഷാൽ പ്രസാദ ഊട്ട് നൽകും. കാളൻ, ഓലൻ, പപ്പടം, പച്ചടി, കായവറവ്, പഴം പ്രഥമൻ, ഉപ്പിലിട്ടത്, മോര് ഉൾപ്പെടെയുള്ള വിഭവങ്ങൾ ഉണ്ടാകും. വിശേഷാൽ പ്രസാദ ഊട്ട് രാവിലെ 9ന് തുടങ്ങും. പ്രസാദ ഊട്ടിനുള്ള വരിയിലേക്കുള്ള പ്രവേശനം ഉച്ചയ്ക്ക് രണ്ടിന് അവസാനിക്കും. അതുവരെ വരിയിൽ പ്രവേശിച്ചവർക്ക് അന്നലക്ഷ്മി ഹാളിലും അതിനോട് ചേർന്നുള്ള പന്തലിലുമാണ് പ്രസാദ ഊട്ട് നൽകുക. ക്ഷേത്രത്തിൽ മേളത്തോടെയുള്ള വിശേഷാൽ കാഴ്ചശീവേലിയും ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |