ഇരിങ്ങാലക്കുട: കേരളത്തിൽ നിന്നും പുതിയ ഇനം നിശാശലഭത്തെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഗവേഷകർ കണ്ടെത്തി. ചിത്രശലഭങ്ങളും നിശാശലഭങ്ങളും ഉൾപ്പെടുന്ന ലേപിഡോപ്ടീര ഓർഡറിലെ എഡെബിറ കുടുംബത്തിൽപ്പെടുന്ന ഇവയ്ക്ക് കേരളത്തിൽ മാത്രം കാണപ്പെടുന്നതിനാൽ 'പാൻഗോര കേരളയൻസിസ്' എന്ന ശാസ്ത്രീയ നാമമാണ് നൽകിയിട്ടുള്ളത്. ദക്ഷിണ ഏഷ്യയിൽ മാത്രം കണ്ടുവരുന്ന പാൻഗോര നിശാശലഭ ജനുസിൽ ഇതുവരെ നാല് ഇനങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്.
ഇന്ത്യക്ക് പുറമേ ശ്രീലങ്ക, നേപ്പാൾ എന്നീ രാജ്യങ്ങളിലും ഇവയെ കാണാം. 1916ന് ശേഷം ആദ്യമായാണ് ഈ ജനുസിൽ പുതിയൊരു ഇനത്തെ കണ്ടുപിടിക്കുന്നത്. കോഴിക്കോട് ജില്ലയിലെ കുറ്റിയാടി, ജാനകിക്കാട്, കോട്ടയം ജില്ലയിലെ മേച്ചാൽ എന്നിവിടങ്ങളിൽ നിന്നുമാണ് ഇവയെ കണ്ടെത്തിയത്. അന്താരാഷ്ട്ര ശാസ്ത്ര മാസികയായ ജേർണൽ ഒഫ് ഏഷ്യ- പസഫിക് ബയോഡൈവേഴ്‌സിറ്റിയുടെ പുതിയ ലക്കത്തിലാണ് ഈ കണ്ടെത്തൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്ര വിഭാഗം അസി. പ്രൊഫ. ഡോ. അഭിലാഷ് പീറ്ററിന്റെ നേതൃത്വത്തിലുള്ള എന്റെമോ ടാക്‌സോണമി ലാബിലെ ഗവേഷക വിദ്യാർത്ഥിയായ പി.കെ ആദർശാണ് ഈ കണ്ടെത്തലിന് പിന്നിൽ പ്രവർത്തിച്ചത്.
കേന്ദ്ര ജന്തുശാസ്ത്ര ഗവേഷണ സ്ഥാപനമായ സുവോളജിക്കൽ സർവേ ഒഫ് ഇന്ത്യ പൂനയിലെ ശാസ്ത്രജ്ഞൻ ഡോ. കെ.പി. ദിനേശ്, ഗവേഷക എ. ശബ്‌നം, നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം ലണ്ടനിലെ ശാസ്ത്രജ്ഞനായ ഡോ. ആൽബർട്ട് സില്ലി എന്നിവരും ഈ കണ്ടെത്തലിൽ പങ്കാളികളാണ്. യൂണിവേഴ്‌സിറ്റി ഗ്രാൻഡ് കമ്മിഷൻ ഗവേഷണ ഫെലോഷിപ്പുകൾ ഉപയോഗിച്ചാണ് ഈ പഠനം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |