തൃശൂർ: എ.ടി.എം കവർച്ചാശ്രമങ്ങൾ ആവർത്തിക്കുമ്പോഴും സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിലുള്ള ബാങ്ക് അധികൃതരുടെ അലംഭാവത്തിൽ ഇടപാടുകാർക്ക് ആക്ഷേപം.
ക്യാമറകൾ നിർബന്ധമായും പ്രവർത്തിപ്പിക്കണമെന്നും ഡാറ്റാ ബാക്ക് അപ്പ് ഉണ്ടാകണമെന്നും കർശന നിർദ്ദേശം നൽകിയിട്ടും ബാങ്ക് അധികൃതരിൽ പലരും തയ്യാറാകുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി സെക്യൂരിറ്റി ജീവനക്കാരെയും നിയോഗിക്കാൻ മടിക്കുന്നു. കൗണ്ടറിന് അകത്തും പുറത്തും ചുറ്റുവട്ടത്തും കാമറകളുള്ള എ.ടി.എമ്മുകൾ കുറവാണ്. ഗ്രാമീണമേഖലകളിലാണെങ്കിൽ രാത്രി വിജനമാവുന്ന റോഡുകളിലും മറ്റുമാണ് ലക്ഷങ്ങൾ നിറച്ച എ.ടി.എമ്മുകൾ. നാട്ടിൻപുറത്താണ് കവർച്ചാസാദ്ധ്യത കൂടുതലെന്നാണ് പൊലീസ് പറയുന്നു. രാത്രിയിൽ വിജനമായ സ്ഥലങ്ങളിലെ എ.ടി.എമ്മുകളിൽ കയറാൻ ജനങ്ങൾ മടിക്കുന്നുണ്ട്.
ആറ് വർഷം മുൻപ് ചാവക്കാട്ട് നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത ബീഹാർ സ്വദേശി പിടിയിലായിരുന്നു. കൊരട്ടിയിൽ നിന്ന് പത്തുലക്ഷത്തിലേറെ രൂപ എ.ടി.എമ്മിൽ നിന്ന് കവർച്ച നടത്തിയത് രാജസ്ഥാൻകാരായിരുന്നു. കൗണ്ടറുകളുടെ ഷട്ടറുകൾ ആർക്കും തുറക്കാനും അടക്കാനും കഴിയുന്ന സംവിധാനത്തിൽ മാറ്റം വരുത്താനും കൗണ്ടറിനകത്ത് അലാറം സ്ഥാപിക്കാനും വർഷങ്ങൾക്ക് മുൻപ് തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ നിർദ്ദേശം നൽകിയിരുന്നു.
കാർഡ് റീഡറും തകരാറിലാക്കും
എ.ടി.എമ്മിലെ കാർഡ് റീഡർ സ്ലോട്ടുകൾ തകരാറിലാക്കിയുള്ള തട്ടിപ്പുകളും ഉണ്ടായിട്ടുണ്ട്. കാർഡ് ഇട്ടാൽ കാർഡ് മെഷിനുള്ളിൽ കുടുങ്ങിപ്പോകും. ഈ സമയത്ത് തട്ടിപ്പ് സംഘത്തിലുള്ളവർ സഹായവാഗ്ദാനം നൽകും. മെഷിനിൽ പിൻ നമ്പർ നൽകാനും അതോടെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും തെറ്റിദ്ധരിപ്പിക്കും. പണം കിട്ടാതെ വരുമ്പോൾ ബാങ്കിനെ വിവരം അറിയിക്കാൻ നിർദേശിച്ച് തട്ടിപ്പുകാർ മുങ്ങും. ഇടപാടുകാരൻ കൗണ്ടർ വിടുന്നതോടെ തട്ടിപ്പുസംഘം വീണ്ടുമെത്തി കാർഡ് പുറത്തെടുത്ത് പിൻ നമ്പർ ഉപയോഗിച്ച് പണം പിൻവലിക്കും.
ജാഗ്രത വേണം
പരമാവധി ബാങ്ക് ശാഖകളിലെ എ.ടി.എമ്മുകളോ സുരക്ഷാ കാമറകളുള്ള എ.ടി.എമ്മുകളോ ഉപയോഗിക്കുക.
എ.ടി.എം മെഷീൻ സൂക്ഷ്മമായി പരിശോധിച്ച് അസ്വാഭാവികമായ ഉപകരണങ്ങളോ വയറുകളോ ഉണ്ടെങ്കിൽ ഉപയോഗിക്കരുത്.
ഒളികാമറകളോ മറ്റോ റൂമിനുളളിൽ ഉണ്ടെന്ന് തോന്നിയാൽ അതിൽ വ്യക്തമാകാൻ പറ്റാത്തരീതിയിൽ പിൻ നമ്പർ അടിക്കുക.
ബാങ്ക് സ്റ്റേറ്റ്മെന്റുകൾ പരിശോധിക്കുകയും എസ്.എം.എസ് അലർട്ട് സംവിധാനം പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കുകയും വേണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |