അതിരപ്പിള്ളി: 2018ലെ ഉരുൾപൊട്ടലിനെത്തുടർന്ന് ആനക്കയത്ത് നിന്ന് പോത്തുപാറയിൽ ചേക്കേറി കുടിൽ കെട്ടി താമിക്കുന്ന 24 ആദിവാസി കുടുംബങ്ങൾക്ക് വനാവകാശരേഖ നൽകും. ഇന്ന് ടൗൺഹാളിൽ സർക്കാർ സംഘടിപ്പിക്കുന്ന പട്ടയമേളയിലാണ് നാല് വർഷമായി ഈ ആദിവാസി കുടുംബങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന് അറുതിയാകുക.
വനാവകാശ നിയമപ്രകാരം ഭൂമിയുടെ അവകാശം സ്വന്തമാകുന്നതോടെ കാടർ വിഭാഗത്തിലെ ഇവർക്ക് ഇനിമുതൽ സർക്കാരിന്റെ വീട് നിർമ്മാണ പദ്ധതിയുടെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. പ്രളയകാലത്തെ ഉരുൾപൊട്ടലിനെത്തുടർന്ന് ഷോളയാറിനടുത്ത ആനക്കയം ആദിവാസി ഉന്നതിയിലെ കുടുംബങ്ങളാണ് മൂന്നു കിലോ മീറ്റർ ദൂരെയുള്ള പോത്തുപായിൽ ചേക്കേറിയത്. അന്നത്തെ എം.എൽ.എയും അതിരപ്പിള്ളി പഞ്ചായത്ത് ഭരണ സമിതിയും വനം വകുപ്പിന്റെ സഹായത്തോടെയാണ് നിരപ്പായ പോത്തുപാറയിലെ സ്ഥലത്ത് ഇവരെ എത്തിച്ചത്.
കുടിലുകൾ കെട്ടി താമസിച്ചെങ്കിലും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാൻ വൈകിയിരുന്നു. ഏറെക്കാലത്തെ പരിശ്രമത്തിനൊടുവിലാണ് വനാവകാശ രേഖ ലഭ്യമാകുന്നത്. 2018ലെ പ്രളയത്തിൽ ആനക്കയം ആദിവാസി ഉന്നതിയിൽ സംഭവിച്ചത് വലിയ കെടുതിയായിരുന്നു. ഉന്നതിയുടെ ചുറ്റുപാടുമുള്ള എല്ലാ പ്രദേശവും ഒലിച്ചുപോയി. പിന്നീട് ഇവർ എത്തിപ്പെട്ടത് തൊട്ടടുത്ത ആനക്കയം പാലത്തിന് സമീപത്തെ പാറപ്പുറത്തായിരുന്നു. പിന്നീട് കെ.എസ്.ഇ.ബിയുടെ ക്വാർട്ടേഴ്‌സിൽ താമസിച്ചു. ഒരു കുട്ടിയുടെ മരണത്തോടെ ക്വാർട്ടേഴ്‌സ് ഉപേക്ഷിച്ച് വീണ്ടും പാറപ്പുറത്തെത്തി. ഒടുവിൽ സമനിരപ്പായ പോത്തുപാറയിൽ എത്തിയ ഇവർ കുടിലുകൾ കെട്ടി താമസമാക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |