ചെറുതുരുത്തി: രംഗകലകളെ ഒരു കുടക്കീഴിൽ അണിനിരത്തി ജനങ്ങൾക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കലാമണ്ഡലത്തിൽ ആരംഭിച്ച ദേശീയ രംഗകലാ മ്യൂസിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേഗം വയ്ക്കുന്നു. സാംസ്‌കാരിക വകുപ്പിന്റെയും, പൊതുമരാമത്ത് വകുപ്പിന്റെയും, കലാമണ്ഡലം ഭരണസമിതിയുടെയും ഇടപെടലുകളുടെ ഭാഗമായി ഒരു പതിറ്റാണ്ടിന് ശേഷം പദ്ധതിക്ക് വീണ്ടും ജീവൻ വയ്ക്കുകയാണ്. ഇതിനായി ഒരു നോഡൽ ഓഫീസറെ നിയമിച്ചുകഴിഞ്ഞു. അടുത്തവർഷം അവസാനത്തോടെ നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.
2012ൽ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ് തറക്കല്ലിട്ട പദ്ധതിയുടെ കെട്ടിട ഉദ്ഘാടനം രണ്ട് വർഷത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് നിർവഹിച്ചത്. ആദ്യഘട്ടത്തിൽ വേഗം നടന്നെങ്കിലും മൂന്ന് നിലകളായുള്ള കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനം പൂർത്തിയായപ്പോഴേക്കും അനുവദിച്ച 14 കോടി മതിയാകാതെയായി. ഇതോടെ പൂർണമായും നിർമ്മാണം നിലച്ചു. സർക്കാരും ഭരണസമിതിയും മാറിയതോടെ ഇടക്കാലത്ത് ഏകോപനമില്ലാതായി. പിന്നീട് പലപ്പോഴായി സർക്കാർ ഒമ്പത് കോടിയോളം പൂർത്തീകരണത്തിനായി അനുവദിച്ചു.
ബാക്കിയുള്ള നിർമ്മാണ പ്രവൃത്തികൾക്കായി റീ ടെൻഡർ നടപടികൾ പൂർത്തിയായാൽ നിർമ്മാണ പ്രവർത്തനം ഉടനാരംഭിക്കുമെന്ന് കലാമണ്ഡലത്തിലെത്തിയ സാംസ്‌കാരികമന്ത്രി സജി ചെറിയാൻ അറിയിച്ചിരുന്നു. എ.ഐ സാങ്കേതിക വിദ്യയുപയോഗിച്ച് പൂർണമായും ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയാകും മ്യൂസിയം പ്രവർത്തിക്കുക.
പൊതുമരാമത്ത് വകുപ്പിനാണ് പദ്ധതി പൂർത്തീകരണത്തിന്റെ ചുമതല. ബംഗളൂരു ആസ്ഥാനമായ ഇ.ഡി.സി എന്ന സ്ഥാപനമാണ് രംഗകലാ മ്യൂസിയത്തിന് ആവശ്യമായ സാമഗ്രികളെത്തിക്കുന്നത്. ആധുനിക സംവിധാനങ്ങളോടെ നല്ല നിലവാരത്തിലുള്ള ഉപകരണം ഉപയോഗിച്ച് ഏതൊരു സാധാരണക്കാരനും മനസിലാകുന്ന രീതിയിലും ഏത് കലാപരിപാടിയും എപ്പോൾ വേണമെങ്കിലും വീഡിയോയിലൂടെ കാണാവുന്ന രീതിയിലുമാണ് മ്യൂസിയത്തിന്റെ പ്രവർത്തനം സജ്ജീകരിച്ചിരിക്കുന്നതെന്ന് കലാമണ്ഡലം രജിസ്ട്രാർ ഡോ.വി.രാജേഷ് കുമാർ പറഞ്ഞു.
മ്യൂസിയം വ്യാഴവട്ട സ്മരണയിലേക്ക്
തറക്കല്ലിട്ടത് 2012ൽ
ആദ്യഘട്ടം ചെലവഴിച്ചത് 14 കോടി
2016ന് ശേഷം ചെലവഴിച്ചത് 9 കോടി
2025 അവസാനത്തോടെ രംഗ കലാ മ്യൂസിയം ജനങ്ങൾക്ക് തുറന്നു കൊടുക്കാനാകുമെന്നാണ് പ്രതീക്ഷ.
ഡോ.വി.രാജേഷ് കുമാർ
രജിസ്ട്രാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |