വടക്കാഞ്ചേരി : നാളികേരം ഉള്ളവർക്ക് നല്ല കാലമാണ്. മൊത്തവില കിലോയ്ക്ക് 45 രൂപയെങ്കിലും കിട്ടും. ഇനിയും വില ഉയരുമെന്ന് കച്ചവടക്കാരും പറയുന്നു. ആവശ്യത്തിന് ലഭ്യമല്ലാതായതോടെ ഒരു നാളികേരത്തിന് 25 രൂപയിൽ അധികം നൽകേണ്ട സ്ഥിതിയുമുണ്ട്. ഒരു കിലോ നാളികേരത്തിന് 65 രൂപയാണ് ചില്ലറവില. അതേസമയം കൃഷി കുറഞ്ഞതും ഉൽപാദനം കുറഞ്ഞതും മുതൽ വന്യജീവികളുടെ അതിക്രമം വരെ കേരക്കൃഷിക്കാരെ അലട്ടുകയാണ്. മലയോരങ്ങളിൽ നിലവിലുള്ള തോട്ടങ്ങളിലെ വിളവെടുപ്പിനെത്തുന്നത് കാടിറങ്ങുന്ന കുരങ്ങന്മാരും, മലയണ്ണാനും മയിലുമൊക്കെയാണ്. ഇപ്പോൾ വിളവെടുക്കുന്നത് വേനലിൽ വിളഞ്ഞവയാണ്. അതുകൊണ്ട് വലിപ്പക്കുറവും തൂക്കക്കുറവും കർഷകർക്ക് തിരിച്ചടിയാണ്. സംസ്ഥാനത്ത് നാളികേര തോട്ടങ്ങളുടെ വിസ്തൃതി അനുദിനം കുറയുമ്പോഴാണ് ഇത്തരം വെല്ലുവിളികൾ.
നേരത്തെ തെങ്ങുകയറ്റത്തിന് ആളെ കിട്ടാത്തതായിരുന്നു പ്രതിസന്ധി. ഇപ്പോൾ അതിനെ മറികടക്കാൻ വിവിധ പദ്ധതികൾ സർക്കാർ ആവിഷ്‌കരിച്ചു. കുടുംബശ്രീക്കാരെ ഉൾപ്പെടെ പരിശീലിപ്പിച്ച് രംഗത്തിറക്കി. ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ കേന്ദ്രസർക്കാർ ഉയർത്തിയതോടെ പാമോയിൽ മുതലായ ഇതര ഭക്ഷ്യഎണ്ണകളുടെ വില വർദ്ധിച്ചു. ഇതാണ് വെളിച്ചെണ്ണയുടെ ഡിമാൻഡ് ഉയർത്തിയത്.
വെളിച്ചെണ്ണ മില്ലുകൾ പ്രതിസന്ധിയിൽ
നാളികേരം കിട്ടാക്കനിയായതോടെ ഉൽപാദനം ഗണ്യമായി വെട്ടിക്കുറച്ചിരിക്കുകയാണ് വെളിച്ചെണ്ണ മില്ലുകൾ. പല മില്ലുകളും താത്കാലികമായെങ്കിലും അടച്ചിടേണ്ട സാഹചര്യമാണ്. 42 രൂപ കിലോയ്ക്ക് നൽകിയാണ് നാളികേര സംഭരണം. ഈ വിലയ്‌ക്കെടുത്ത് വെളിച്ചെണ്ണ ഉൽപാദിപ്പിക്കുമ്പോൾ കനത്ത നഷ്ടം സംഭവിക്കും. തമിഴ്‌നാട്ടിൽ നിന്നെത്തുന്ന തേങ്ങയിൽ നിന്ന് 30 ശതമാനം എണ്ണയേ ലഭിക്കൂ. കേരളത്തിലെ ഒരു നാളികേരത്തിൽ നിന്ന് 65 ശതമാനം വരെ വെളിച്ചെണ്ണ ലഭിക്കും. പ്രധാന വെളിച്ചെണ്ണ ഉല്പാദക കമ്പനിയിലൊന്നായ അത്താണി പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള ഗ്രീൻമൈത്രി കോക്കനട്ട് ഓയിൽ വെളിച്ചെണ്ണ വിലയിൽ വർദ്ധനവ് ഏർപ്പെടുത്തി. ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് 200 (മുൻവില-164) രൂപയാക്കി. നാട്ടിലെ തോട്ടങ്ങളിൽ നിന്നുള്ള നാളികേരം ഉപയോഗിച്ചാണ് വെളിച്ചെണ്ണ ഉല്പാദനം. തിരുത്തിപ്പറമ്പ് കോക്കനട്ട് കോംപ്ലക്‌സിൽ കിലോ 42 രൂപയ്ക്കാണ് നാളികേരം സംഭരിക്കുന്നത്.
വെളിച്ചെണ്ണ ഉല്പാദനത്തിനായി നാളികേരം തയ്യാറാക്കുന്ന വനിതകൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |