തൃശൂർ: ശബ്ദ പ്രചാരണത്തിന് ഇനി അഞ്ചുനാൾ മാത്രം. എല്ലാ സന്നാഹങ്ങളും എത്തിച്ച് വിജയം കൈപ്പിടിയിലാക്കാനുള്ള പതിനെട്ടാം അടവും പയറ്റുകയാണ് മുന്നണികൾ. സ്ഥാനാർത്ഥികളുടെ പര്യടനവും അവസാനഘട്ടത്തിലാണ്. പ്രചാരണം അധികമെത്താത്ത സ്ഥലങ്ങളിലാകും ഇനി കൂടുതൽ ശ്രദ്ധ. മൂന്ന് മുന്നണികളുടെയും സംസ്ഥാന അദ്ധ്യക്ഷൻമാരും സെക്രട്ടറിമാരും മുതിർന്ന നേതാക്കളും ക്യാമ്പ് ചെയ്താണ് പ്രചാരണം മുന്നോട്ടു കൊണ്ടുപോകുന്നത്.
തിങ്കളാഴ്ചയാണ് കൊട്ടിക്കലാശം. അതിൽ ശക്തി തെളിയിക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികൾ. മാറിമറിയുന്ന പ്രചാരണ വിഷയങ്ങളും ചേലക്കരക്കാരെ കുഴക്കുന്നുണ്ട്. പ്രാദേശിക വിഷയത്തിനപ്പുറമുള്ള വിവാദങ്ങളും നേതാക്കളുടെ കൊമ്പു കോർക്കലും എല്ലാം കൂടിച്ചേരുമ്പോൾ മലയോര മണ്ഡലത്തിലെ പോരിന്റെ ആവേശം തിളച്ചുമറിയുന്നു. ഇതിനിടെ ഡി.എം.കെ സ്ഥാനാർത്ഥിക്കൊപ്പം എൻ.കെ. അൻവറിന്റെ പ്രചാരണം കൂടിയായപ്പോൾ കലാശക്കൊട്ട് പൊരിക്കുമെന്നാണ് വോട്ടർമാരുടെ പക്ഷം.
നേതാക്കളെല്ലാം ചേലക്കരയിലേക്ക്
പാലക്കാട് തിരഞ്ഞെടുപ്പ് അടുത്തമാസം 20ലേക്ക് നീട്ടിയതോടെ ചേലക്കരയിലേക്കാണ് നേതാക്കളുടെ ഒഴുക്ക്. ചേലക്കരയും പാലക്കാടും സമീപപ്രദേശമായതിനാൽ യാത്രാസൗകര്യവുമുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കെ.പി.സി.സ് പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, കെ. മുരളീധരൻ, മന്ത്രി വി.എൻ. വാസവൻ, പി.കെ. കൃഷ്ണദാസ്, ശശി തരൂർ, എൻ.കെ. പ്രേമചന്ദ്രൻ തുടങ്ങിയവരാണ് കഴിഞ്ഞ രണ്ടുദിവസത്തിനുള്ളിൽ എത്തിയത്.
മുഖ്യമന്ത്രിയും രണ്ടുനാൾ
ചേലക്കരയിൽ തുടർച്ചയായി രണ്ടുനാൾ മുഖ്യമന്ത്രി എത്തുന്നുവെന്നതും ശ്രദ്ധേയം. 9, 10 തീയതികളിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പര്യടനം. ആദ്യദിനം തളി, വരവൂർ, ദേശമംഗലം, തലശേരി, ചെറുതുരുത്തി, നെടുമ്പുര തുടങ്ങി ആറ് കേന്ദ്രങ്ങളിലാകും പ്രചാരണം. രണ്ടാംനാളിൽ കൊണ്ടാഴി സൗത്ത്, കൊണ്ടാഴി നോർത്ത്, പഴയന്നൂർ, വടക്കെത്തറ, തിരുവില്വാമല ഈസ്റ്റ്, വെസ്റ്റ് എന്നിവിടങ്ങളിലും മുഖ്യമന്ത്രിയെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |