തൃശൂർ : വീണ്ടുമൊരു പൂരക്കാലം വരാനിരിക്കെ, കെട്ടടങ്ങാതെ കഴിഞ്ഞ പൂരം വിവാദങ്ങളും അന്വേഷണവും. അതിനിടെ അമിക്കസ് ക്യൂറി റിപ്പോർട്ടുമായതോടെ ആനകളുടെ എഴുന്നള്ളിപ്പും പ്രതിസന്ധിയിലായി.
അടുത്തപൂരം സുഗമമായി എങ്ങനെ നടക്കുമെന്ന ആശങ്കയിലാണ് പൂരത്തിന്റെ പ്രധാന ഘടകകക്ഷികളായ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ. തൃശൂർ പൂരം കഴിഞ്ഞ കുറച്ചുവർഷമായി പ്രതിസന്ധി അഭിമുഖീകരിക്കുകയാണെന്ന് ദേവസ്വം ഭാരവാഹികൾ പറഞ്ഞു. ദിവസങ്ങൾക്ക് മുമ്പ് വെടിക്കെട്ടിനും ആളുകളെ നിറുത്താനും നിയന്ത്രണം വന്നതോടെ വലിയ പ്രതിസന്ധിയാണുണ്ടായത്. വിഷയം കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും നാളിതുവരെ മറുപടി പോലും ലഭിച്ചില്ല. ഈ പ്രശ്‌നങ്ങൾ നിലനിൽക്കെയാണ് ഇരുട്ടടിയെന്നോണം ആനകളുടെ എഴുന്നള്ളത്ത് സംബന്ധിച്ച് അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്. ആനകൾ തമ്മിൽ മൂന്ന് മീറ്റർ അകലം വേണമെന്നാണ് റിപ്പോർട്ടിലെ പ്രധാന ശുപാർശ. എഴുന്നള്ളത്തിനിടെ 24 മണിക്കൂർ വിശ്രമവും വേണം. തൃശൂർ പൂരത്തിന് തിരുവമ്പാടിക്കും പാറമേക്കാവിനും 15 ആനകൾ വീതമാണുള്ളത്. ആനകളെ അടുത്ത് നിറുത്തിയാൽ മാത്രമേ കുടമാറ്റം നടത്താനാകൂ. കൂടാതെ ആനകളുടെ വിശ്രമത്തിന് കൂടുതൽ സമയം അനുവദിക്കണമെന്നതും തലവേദന സൃഷ്ടിക്കും.
മറ്റ് പൂരങ്ങളും പ്രതിസന്ധിയിൽ
കൂടുതൽ ആനകളെ എഴുന്നള്ളിക്കുന്ന ജില്ലയിലെ പ്രധാന പൂരങ്ങളൊക്കെ പ്രതിസന്ധിയിലാകും. ചെമ്പൂത്ര പൂരത്തിന് അമ്പതോളം ആനകളാണ് അണിനിരക്കുക. ക്ഷേത്രത്തിന്റെ പറമ്പിലാണ് ആനകൾ നിരക്കാറ്. ആയിരംകണ്ണി പൂരത്തിന് മുപ്പതോളം ആനകളുണ്ടാകും. കൂടുതൽ ആനകളെ നിരത്തിനിറുത്തുന്ന പൂരങ്ങൾക്കൊക്കെ അമിക്കസ് ക്യൂറി റിപ്പോർട്ട് തിരിച്ചടിയാകും. ആറാട്ടുപുഴ പൂരം, തൃപ്രയാർ ഏകാദശി, ഉത്രാളിക്കാവ്, അടുപ്പൂട്ടിപെരുന്നാൾ തുടങ്ങിയിടങ്ങളിലും കൂടുതൽ ആനകൾ എഴുന്നള്ളിപ്പിനെത്തുന്നതാണ്.
അമിക്കസ് ക്യൂറി റിപ്പോർട്ട് നടപ്പാക്കിയാൽ തൃശൂർ പൂരം സുഗമമായി നടത്താനാകില്ല. വർഷം ചെല്ലുന്തോറും പ്രതിസന്ധി കൂടി വരികയാണ്. റിപ്പോർട്ട് തൃശൂർ പൂരത്തെ മാത്രമല്ല ഒട്ടുമിക്ക പൂരങ്ങളെയും ബാധിക്കും. ആനകൾ തമ്മിലുള്ള മൂന്ന് മീറ്റർ അകലം വച്ച് എങ്ങനെ കുടമാറ്റം നടത്തും. എല്ലാ വർഷവും ആനകളുടെ കാര്യത്തിൽ തടസം കൊണ്ടുവരികയാണ്. ഇത്തവണ വൻ പ്രതിസന്ധിയാണ് ഉണ്ടായത്.
ജി.രാജേഷ് കുമാർ
(സെക്രട്ടറി, പാറമേക്കാവ് ദേവസ്വം)
ഇത്തരത്തിൽ കാര്യങ്ങൾ നടപ്പാക്കിയാൽ പിന്നെ എങ്ങനെ തൃശൂർ പൂരം നടത്താനാകും. അമിക്കസ് ക്യൂറി റിപ്പോർട്ട് നടപ്പാക്കുകയെന്നത് പൂരത്തെ ഇല്ലാതാക്കുന്നതിന് തുല്യമാണ്. മറ്റ് പൂരങ്ങളും നടത്താൻ പറ്റാതാകും. എല്ലാ പൂരങ്ങളും നടത്താവുന്ന സാഹചര്യമുണ്ടാക്കാൻ സർക്കാർ മുൻകൈയെടുക്കണം. പൂരങ്ങളുടെ പ്രൗഢി കുറച്ചാൽ പൂരപ്രേമികൾക്കും ഭക്തർക്കും സഹിക്കാനാകില്ല. പൂരം സുഗമമായി നടത്താൻ വഴിയൊരുക്കണം.
കെ.ഗിരീഷ്‌കുമാർ
(സെക്രട്ടറി, തിരുവമ്പാടി ദേവസ്വം).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |