തൃശൂർ: സാറാ ജോസഫിന്റെ ആറ് പതിറ്റാണ്ട് നീണ്ട എഴുത്തു ജീവിതവും പോരാട്ടവും സാമൂഹിക രാഷ്ട്രീയപ്രതിരോധവും ചർച്ച ചെയ്യുന്ന 'സാറാ ജോസഫിന്റെ ലോകങ്ങൾ: ജീവിതം, എഴുത്ത്, പ്രതിരോധം' സാഹിത്യ അക്കാഡമി ഹാളിൽ 5നും 6നും നടക്കും. 5ന് രാവിലെ 10ന് കന്നഡ എഴുത്തുകാരി ബാനു മുഷ്താഖ് ഉദ്ഘാടനം ചെയ്യും. അക്കാഡമി പ്രസിഡന്റ് കെ.സച്ചിദാനന്ദൻ അദ്ധ്യക്ഷനാകും. തെലുഗു എഴുത്തുകാരിയായ വോൾഗ മുഖ്യാതിഥിയാകും. എം.മുകുന്ദൻ, എൻ.എസ് മാധവൻ, എം.വി ശ്രേയാംസ്‌കുമാർ, ശാരദക്കുട്ടി, ഖദീജ മുംതാസ്, കെ.അജിത എന്നിവർ സംസാരിക്കും.
ഞായറാഴ്ച വൈകിട്ട് 5ന് സമാദരണ സമ്മേളനം തമിഴ് കവി കനിമൊഴി എം.പി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മന്ത്രി ഡോ. ആർ.ബിന്ദുവും മുഖ്യാതിഥികളാകും. മന്ത്രി കെ.രാജൻ ഉപഹാരം സമ്മാനിക്കും. സെമിനാറുകളിൽ കെ.വേണു, പി.ഗീത, ഡോ. എ.കെ.ജയശ്രീ തുടങ്ങിയവർ പങ്കെടുക്കും. ഞായറാഴ്ച ഉച്ചയ്ക്ക് ആക്ടിവിസ്റ്റുകളുടെ ഒത്തുചേരലിൽ അമ്മിണി കെ.വയനാട് മോഡറേറ്ററാവുമെന്ന് സംഘാടകസമിതി ചെയർപേഴ്‌സൺ ചെറിയാൻ ജോസഫ്, കൺവീനർ പ്രൊഫ. കുസുമം ജോസഫ്, എം.പി.സുരേന്ദ്രൻ, നെജു ഇസ്മയിൽ, ശരത് ചേലൂർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |