കുറുപ്പം റോഡ് അടുത്തയാഴ്ച തുറക്കും
തൃശൂർ: കോൺക്രീറ്റിംഗ് നടത്തിയ കുറുപ്പം റോഡ് ഉൾപ്പെടെയുള്ള റോഡുകളിൽ കാന ഉയർത്താത്തത് കെണിയായി മാറും. റോഡ് ഉയർത്തിയതിനൊപ്പം കാനയുടെ സ്ലാബും ഉയർത്താതെ റോഡ് തുറക്കുന്നതോടെ വൻ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. കാനയുടെ സ്ലാബ് താഴ്ന്ന് നിൽക്കുന്നതിനാൽ റോഡിന്റെ ഇരുവശങ്ങളും മണ്ണിട്ട് ഉയർത്തിയാൽ കാനയുടെ സ്ലാബുകളും അടിയിലാകും. പിന്നീട് കാന തുറക്കാൻ സാധിക്കാതെ വരും. മഴ പെയ്യുന്നതോടെ വെള്ളം കാനയിലേക്ക് ഒഴുക്കി വിടാനും കഴിയില്ല. കുറുപ്പം റോഡിന്റെ കോൺക്രീറ്റിംഗ് ജോലികൾ പൂർത്തിയായിട്ട് ദിവസങ്ങളായി. അടുത്തയാഴ്ച റോഡ് തുറന്നു കൊടുക്കാനാണ് തീരുമാനം. കോൺക്രീറ്റിംഗിനു ശേഷം 28 ദിവസം നനച്ചാലേ ഉറപ്പ് ലഭിക്കൂവെന്നതിനാലാണ് കഴിഞ്ഞ രണ്ടു മാസത്തോളമായി കുറപ്പം റോഡ് അടച്ചിട്ടിരിക്കുന്നത്.
പൂരത്തിന് മുമ്പ് കഴിയുമോ
പൂരത്തിന് മുമ്പ് റോഡുകളുടെ പണികൾ പൂർത്തിയാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും കോൺക്രീറ്റിംഗ് മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ഈ റോഡിലേക്ക് വ്യാപാര സ്ഥാപനത്തിൽ നിന്നും ഇടവഴികളിൽ നിന്നും കയറണമെങ്കിൽ രണ്ട് വശവും ഉയർത്തണം. അതിനുള്ള പണികൾ ഉടൻ ആരംഭിക്കുമെങ്കിലും പൂരത്തിന് മുമ്പ് കഴിയുമെന്ന് ഉറപ്പില്ല. പൊളിച്ചിട്ട റോഡിന്റെ അവശിഷ്ടങ്ങൾ തന്നെ റോഡിന്റെ ഇരുവശവും ഇട്ട് നികത്താനാണ് പദ്ധതി. അടുത്ത ദിവസങ്ങളിൽ തന്നെ ഇതിനുള്ള പണികൾ ആരംഭിക്കുമെന്ന് എൻജിനീയർ പറഞ്ഞു.
റോഡിലേക്ക് കയറാൻ വെറെ പണി നടത്തണം
നിലവിൽ റോഡ് ഉയർത്തി കോൺക്രീറ്റിംഗ് നടത്തിയതോടെ മറ്റു റോഡുകളിൽ നിന്ന് കയറാൻ സാധിക്കാത്ത സാഹചര്യമാണ്. റോഡിലേക്ക് കയറാവുന്ന രീതിയിൽ ഉയർത്തി ടാറിംഗ് നടത്തിയാൽ മാത്രമേ പ്രശ്‌നം പരിഹരിക്കപ്പെടൂ. ചെട്ടിയങ്ങാടി ജംഗ്ഷൻ കട്ട വിരിക്കുന്ന നിർമാണം കഴിഞ്ഞ് മാത്രമേ റോഡിന്റെ ഇരുവശവും ഫില്ലിംഗ് നടത്തൂ. റോഡിന്റെ പണികൾ മൂലം രണ്ടു മാസത്തിലധികമായി വ്യാപാരികൾ കഷ്ടത്തിലാണ്. വാഹനങ്ങൾ വരാത്തതിനാൽ കച്ചവടവും നടക്കുന്നില്ല.
കോൺക്രീറ്റിംഗ് കഴിഞ്ഞതോടെ കുറുപ്പം റോഡ് തുറന്നു കൊടുക്കാനാണ് തീരുമാനം. കാനയുടെ നിർമാണം സംബന്ധിച്ച് ഇപ്പോൾ തീരുമാനമെടുത്തിട്ടില്ല. റോഡിന്റെ ഇരുവശവും പൂരത്തിന് മുമ്പ് തന്നെ ഫില്ലിംഗ് നടത്തും. മറ്റു വഴികളിൽ നിന്ന് കുറുപ്പം റോഡിലേക്ക് കയറാനുള്ള വഴികൾ ശരിയാക്കും.
- മഹേന്ദ്രൻ, റോഡ് എ.ഇ, കോർപറേഷൻ
റോഡ് ഉയർന്നതോടെ മഴ പെയ്താൽ വെള്ളം കടകളിലേക്ക് കയറും. കാനകളുടെ സ്ലാബുകൾ മൂടുന്നതോടെ വെള്ളം ഇറങ്ങാതാകും. അതോടെ വെള്ളം കടകളിലേക്ക് ഇറങ്ങും. റോഡ് പണിയുമ്പോൾ ഇത്തരം പ്രശ്‌നങ്ങൾ കൂടി പരിഹരിച്ചു വേണം നിർമാണം നടത്താൻ.
-വ്യാപാരികൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |